- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചാന്ദ്രയാൻ-3 നേട്ടം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ അഭിമാനം; ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദം; രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും? ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കർണാടക മുഖ്യമന്ത്രിയും ഗവർണറും മോദിയെ സ്വീകരിക്കാനെത്തിയില്ല
ബംഗളൂരു: ചാന്ദ്രയാൻ-3യുടെ ചരിത്രനേട്ടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി. ഗ്രീസ് സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്. ഡൽഹിക്ക് പോയാകെ ബംഗളുരുവിലേക്ക് മോദി പറന്നെത്തുകയായിരുന്നു. എച്ച്.എ.എൽ വിമാനത്താവളത്തിന് പുറത്ത് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു.
ബഹിരാകാശത്തെ ഇന്ത്യൻ നേട്ടത്തിന് പിന്നിൽ ശാസ്ത്രജ്ഞരുടെ സമർപ്പണമെന്ന് മോദി അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരുടെ നേട്ടത്തിൽ രാഷ്ട്രം അഭിമാനിക്കുന്നു. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന് മുഴുവൻ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചതെന്നും മോദി പറഞ്ഞു. തുടർന്നാണ് അദ്ദേഹം ഐഎസ്ആർഒ ആസ്ഥാനത്ത് എത്തിയത്.
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകി മോദി. ലാൻഡർ ഇറങ്ങിയ സ്ഥലം 'ശിവശക്തി' എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. വിദേശത്ത് ആയിരുന്നെങ്കിലും എന്റെ മനസ്സ് ഇവിടെയായിരുന്നെന്നും മോദി ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കുമെന്ന് മോദി അറിയിച്ചു.
'വലിയ ശാസ്ത്ര സമസ്യകൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദം. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ആഘോഷിച്ചു'മോദി പറഞ്ഞു. ചാന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ കാണാനാണ് മോദിയെത്തിയത്. ചാന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ മോദി ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലായിരുന്നു.
ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ ബംഗളൂരുവിൽ പോയി ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിക്കാൻ ഞാൻ തീരുമാനിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് എന്നിവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. തന്നെ സ്വീകരിക്കാനായി പുലർച്ചെ എഴുന്നേറ്റ് ബുദ്ധിമുട്ടേണ്ട എന്ന് കർണാടകയിലെ നേതാക്കളോട് അഭ്യർത്ഥിച്ചതായി മോദി പറഞ്ഞു. കാരണം എപ്പോഴാണ് ഞാൻ ബംഗളൂരുവിൽ എത്തുക എന്ന് പറയാനാകുമായിരുന്നില്ല. അതിനാൽ മുഖ്യമന്ത്രിയോടും ഗവർണറോടും ഉപമുഖ്യമന്ത്രിയോടും വെറുതെ ബുദ്ധിമുട്ടേണ്ട എന്ന് അഭ്യർത്ഥിച്ചിരുന്നു.-മോദി പറഞ്ഞു.
ഇസ്രോയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സമർപ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ അറിയിക്കും.




