ന്യൂഡൽഹി: കോവിഡ് ആശങ്ക പെരുകുമ്പോൾ വീണ്ടും ജാഗ്രതാ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആൾക്കൂട്ടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡിന്റെ ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിലാണ് നിർദ്ദേശം.

സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണം. പോസിറ്റീവാകുന്ന രോഗികളിൽ ജനിതകശ്രേണീകരണം നടത്തുന്നതിന്റെ എണ്ണം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് കോവിഡ് പൂർണമായും മാറിയിട്ടില്ല. ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങൾ നിരീക്ഷണവും പ്രതിരോധ പ്രവർത്തനവും ഊർജിതമാക്കണം. ചികിത്സ സൗകര്യങ്ങളും സജ്ജമാക്കണം. വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്‌സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യത്ത് ബി.എഫ്.7ന്റെ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചത്.

ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രോഗികൾ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. നിലവിൽ രാജ്യത്ത് 10 കോവിഡ് വകഭേദങ്ങളാണുള്ളത്.

ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. പൊതുസ്ഥലങ്ങിൽ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധ ഇന്നലെമുതൽ തുടങ്ങിയിരുന്നു.

ഇന്ന് പാർലമെന്റിനുള്ളിൽ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള അംഗങ്ങൾ രംഗത്തുവന്നിരുന്നു. സഭാ നടപടികൾക്ക് മുമ്പായി എല്ലാ എംപിമാരും മാസ്‌ക് ധരിക്കണമെന്ന് ലോക്സഭാ എംപി ഓം ബിർല നിർദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരെല്ലാം സഭയിൽ മാസ്‌ക് ധരിച്ചാണ് ഇരുന്നത്. രാജ്യസഭയിലും ഭൂരിഭാഗം അംഗങ്ങളും മാസ്‌ക് ധരിച്ചാണ് സഭാനടപടികളിൽ പങ്കെടുത്തത്. സഭയിലെത്തിയ സന്ദർശകരും സുരക്ഷാ ജീവനക്കാരും മാസ്‌ക് ധരിച്ചിരുന്നു.