ചണ്ഡീഗഡ്: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമാണ് മാതാ അമൃതാനന്ദമയിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണെന്നും അദ്ദേഹം പറഞ്ഞു. ഫരീദാബാദിൽ സ്ഥാപിച്ച അമൃത ആശുപത്രി രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്.

കൈകൂപ്പി വണങ്ങിയാണ് അമൃതാനന്ദമയി ഈ വാക്കുകളെ സ്വീകരിച്ചത്. മലയാളത്തിലുള്ള നരേന്ദ്ര മോദിയുടെ വാക്കുകൾ കൈയടിയോടെയാണ് സദസ് ഏറ്റെടുത്തത്. അമൃതാനന്ദമയിയെ മാലയും പൊന്നാടയുമണിയിച്ചാണ് പ്രധാനമന്ത്രി ചടങ്ങിൽ ആദരിച്ചത്. ആത്മീയതയും ആരോഗ്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

ആത്മീയവും സാമൂഹികവുമായ സ്ഥാപനങ്ങൾ വഴിയുള്ള ആരോഗ്യ സേവനം പിപിപി മാതൃകയുടെ ഒരു ഉദാഹരണമാണ്. ഈ മാതൃക താഴെത്തട്ടിൽ എത്തി പ്രവർത്തിക്കാനും സാമൂഹിക ഉന്നമനം ഉറപ്പാക്കാനും സഹായിക്കുന്നു. ഇന്ന് ഭാരതം അതിന്റെ വിദ്യാഭ്യാസ, മെഡിക്കൽ മേഖലകളെ പരിവർത്തനം ചെയ്യുന്ന ദൗത്യത്തിലാണ്. ഹരിയാനയിലെ അമൃത ആശുപത്രിയും അതിനൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 150 സീറ്റുകളുള്ള റസിഡൻഷ്യൽ എംബിബിഎസ് പ്രോഗ്രാം, നഴ്‌സിങ് കോളജ് എന്നിവയും 130 ഏക്കറിൽ ഒരുക്കിയ അമൃത ക്യാംപസിൽ ഉണ്ട്.

രോഗിക്ക് കാണപ്പെട്ട ദൈവമാണ് ഡോക്ടർ എന്നും അതിനാൽ ഡോക്ടർമാരും നഴ്സുമാരും രോഗികളോട് അനുകമ്പയോടെ പെരുമാറണമെന്നും മാതാ അൃതാനന്ദമയി പറഞ്ഞു. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകളുമുള്ള ആശുപത്രിയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ആശുപത്രി രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ്. അത്യാനുധിക സംവിധാനങ്ങളോടുകൂടിയാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.

500 കിടക്കകളുള്ള ആശുപത്രി അഞ്ച് വർഷത്തിനുള്ളിൽ 2600 കിടക്കകളാക്കി വർധിപ്പിക്കും. ഏഴ് നിലകളുള്ള ഗവേഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. ആറ് വർഷമെടുത്താണ് രാജ്യതലസ്ഥാനത്തോടു ചേർന്ന ഫരീദാബാദ് നഗരത്തിൽ ആശുപത്രി നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

36 ലക്ഷം ചതുരശ്രയടിയിലുള്ള 14 നില കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ഹെലിപാഡ് സൗകര്യവുമുണ്ട്. ഗസ്സ്ട്രോ സയൻസ്, എല്ല് രോഗ വിഭാഗം, ട്രാൻസ്പ്ലാന്റേഷൻ തുടങ്ങി എട്ടോളം വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.