- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ചന്ദ്രയാൻ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി പോയിന്റ്, ലാൻഡർ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരിലും അറിയപ്പെടും'; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ആ കേന്ദ്രത്തിന് പേരിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി; ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും ആചരിക്കുമെന്നും മോദിയുടെ പ്രഖ്യാപനം; പ്രധാനമന്ത്രിക്ക് വിക്രം ലാൻഡറിന്റെ ശിൽപ്പം സമ്മാനിച്ചു ശാസ്ത്രജ്ഞർ
ബംഗളൂരു: ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിനു പേരിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ കേന്ദ്രം ഇനി ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലാൻഡർ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരിലും അറിയപ്പെടും. ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണു പ്രഖ്യാപനം. ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തിയതായിരുന്നു മോദി.
ശിവശക്തി പോയിന്റ് വരുന്ന തലമുറകളെ പ്രചോദിപ്പിക്കും. എല്ലാ ഹൃദയത്തിലും വീട്ടിലുമെല്ലാം 'തിരംഗ'(പതാക) ഉണ്ടായിരുന്നു. ഇനിയിതാ ചന്ദ്രനിലും ഒരു തിരംഗ. ശാസ്ത്രത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് അതു നൽകുന്നത്. ചന്ദ്രയാൻ 3 ദൗത്യം വിജയിപ്പിക്കുന്നതിൽ സ്ത്രീകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ നേട്ടത്തിൽ ലോകത്തെങ്ങുമുള്ള ജനങ്ങൾ വലിയ ആവേശത്തിലാണ്-മോദി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലും ഗ്രീസിലും പര്യടനത്തിലായിരുന്നെങ്കിലും മനസ് ഇവിടെയായിരുന്നുവെന്നം മോദി പറഞ്ഞു. എത്രയും പെട്ടെന്ന് നിങ്ങളെ നേരിൽകണ്ട് അഭിവാദ്യം അർപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു. നമ്മൾ ഒടുവിൽ നമ്മുടെ പതാക ചന്ദ്രനിൽ പതിച്ചിരിക്കുകയാണ്. ഇതാണു പുതിയ ഇന്ത്യ. ചില നിമിഷങ്ങൾ അനശ്വരവും നിത്യഹരിതവുമാകും. അത്തരത്തിലൊന്നാണിത്. ചന്ദ്രയാൻ പകർത്തിയ പുതിയ ദൃശ്യങ്ങൾ കണ്ടുവെന്നും എല്ലാം വിസ്മയിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
ചന്ദ്രയാൻ ഇന്ത്യയുടെ മാത്രം വിജയമല്ല, മനുഷ്യരാശിയുടെ ഒന്നാകെ വിജയമാണ്. ലോകമൊന്നടങ്കം നമ്മുടെ വിജയം അംഗീകരിച്ചുകഴിഞ്ഞു. ലോകത്തിനൊന്നാകെ ചാന്ദ്രപദ്ധതികൾക്കുള്ള കവാടമാകും നമ്മുടെ ദൗത്യം-മോദി കൂട്ടിച്ചേർത്തു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ വ്യവസായം 8 ബില്യൺ ഡോളറിൽ നിന്ന് 16 ബില്യൺ ഡോളറായി മാറുമെന്ന് വിദഗ്ദ്ധർ പറയുന്നു. ചന്ദ്രയാൻ-3ൽ വനിതാ ശാസ്ത്രജ്ഞർ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ വനിതകളുടെ ശക്തി ചന്ദ്രനിലും പ്രകടമായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
'ചന്ദ്രയാൻ-3യുടെ ചാന്ദ്രദൗത്യത്തിന്റെ വിജയത്തിൽ നമ്മുടെ വനിതാ ശാസ്ത്രജ്ഞരും രാജ്യത്തിന്റെ നാരീശക്തിയും വലിയ പിന്തുണ നൽകി. അവരെ ഞാൻ അഭിനന്ദിക്കുന്നു. ചന്ദ്രയാൻ -3 യുടെ ലാൻഡിങ് തീയതിയായ ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കപ്പെടും. ഇത് ശാസ്ത്ര സാങ്കേതിക വിദ്യ ആഘോഷിക്കുന്ന ദിനമായിരിക്കും, വരും തലമുറകൾക്ക് പ്രചോദനമാകും. നിങ്ങൾ ഒരു തലമുറയെ മുഴുവൻ ഉണർത്തുകയും അവരിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ചന്ദ്രയാൻ എന്ന പേര് മുഴങ്ങുകയാണ്. ഓരോ കുട്ടിയും അവന്റെ അല്ലെങ്കിൽ അവളുടെ ഭാവി ശാസ്ത്രജ്ഞരിൽ സ്വപ്നം കാണുന്നു. ഇന്ന്, വ്യാപാരം മുതൽ സാങ്കേതികവിദ്യ വരെ ഒന്നാം നിരയിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കണക്കാക്കുന്നു. 'മൂന്നാം നിരയിൽ' നിന്നും 'ഒന്നാം നിര'യിലേക്കുള്ള നമ്മുടെ യാത്രയിൽ ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചു'- പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് സെന്ററിൽ (ISTRAC) എത്തിയ പ്രധാനമന്ത്രിയെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പൂച്ചെണ്ട് നൽകി വരവേറ്റു. എസ്.സോമനാഥനെ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു.
ചന്ദ്രയാന്റെ വിജശില്പികളെ അഭിനന്ദിച്ച പ്രധാനമന്ത്രി അവർക്കൊപ്പം ഫോട്ടോയും എടുത്തു. ശേഷം വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതിനെപ്പറ്റി ശാസ്ത്രജ്ഞർ പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകി. ചന്ദ്രനിൽ നിന്നും പകർത്തിയ ചിത്രവും വീഡിയോകളും പ്രധാനമന്ത്രിക്ക് മുന്നിൽ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിന് വിക്രം ലാൻഡറിന്റെ ശില്പവും ചന്ദ്രനിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ഫ്രെയിം ചെയ്തും ശാസ്ത്രജ്ഞർ സമ്മാനിച്ചു.




