- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അഞ്ചു വർഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിന്റെ പ്രതീക്ഷ;. ഇന്നത്തെ തീരുമാനങ്ങൾ രാജ്യത്തെ ആയിരം വർഷം മുന്നോട്ടു നയിക്കും; എല്ലാവർക്കും സ്വന്തമായി വീട്; 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ കൂടി; പരമ്പരാഗത തൊഴിലിന് 15,000 കോടി; ചെങ്കോട്ട പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വൻ പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ ഭാവിയിലെ കാര്യങ്ങളെ കുറിച്ചാണ് മോദി പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയ്ക്ക് ശേഷം പുതിയ ലോകക്രമം രൂപപ്പെട്ടു. പത്താമത് സാമ്പത്തിക ശക്തിയിൽ നിന്നും ഇന്ത്യ അഞ്ചാമതെത്തി. അടുത്ത അഞ്ചു വർഷത്തിനകം മൂന്നാമത്തെ ശക്തിയായി ഇന്ത്യ മാറും. രാജ്യത്തിന് മുന്നോട്ടുപോകാൻ ഭൂരിപക്ഷമുള്ള സുസ്ഥിര സർക്കാർ വേണം. 2014 ലും 2019 ലും ജനങ്ങൾ നൽകിയ ഭൂരിപക്ഷമാണ് പരിഷ്‌കരണങ്ങൾക്ക് ശക്തി നൽകിയത്. സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇന്നത്തെ തീരുമാനങ്ങൾ രാജ്യത്തെ ആയിരം വർഷം മുന്നോട്ടു നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നിവയ്ക്ക് രാജ്യത്തിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണ്. രാജ്യത്ത് എല്ലാവർക്കും അവസരമുണ്ട്. ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വർധിക്കുന്നു. കാർഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യയുടെ വളർച്ചയും വികസനവും രാജ്യത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി എന്നും മോദി പറഞ്ഞു.
തുടർന്ന് തന്റെ പ്രസംഗത്തിൽ 15,000 കോടിയുടെ പദ്ധതിയും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തെ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കായി 15,000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അടുത്തമാസം വിശ്വകർമ ജയന്തി ദിനത്തിൽ പദ്ധതി തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം.
25,000 ജൻ ഔഷധി കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാവർക്കും സ്വന്തമായി ഭവനം എന്ന സ്വപ്നം നടപ്പാക്കാൻ ഉടൻ പദ്ധതി ആരംഭിക്കും. സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഭൂമി വാങ്ങി വീടു വെക്കാൻ ബാങ്ക് വായ്പ അനുവദിക്കാൻ പദ്ധതി തുടങ്ങും. സർക്കാരിന്റെ ഓരോ നിമിഷവും ഓരോ രൂപയും ജനക്ഷേമത്തിനാണ്. ആദ്യം രാജ്യമെന്ന ആശയത്തിലൂന്നിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
സ്ത്രീ കേന്ദ്രീകൃത വികസനമാണ് ഉണ്ടാകേണ്ടത്. രണ്ടുകോടി സ്ത്രീകളെ ലക്ഷാധിപതികളാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്ത്രീകൾക്കെതിരെ കുറ്റകൃത്യം ഇല്ലാതാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. 2047 ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ലക്ഷ്യങ്ങളും സമയത്തിന് മുമ്പേ പൂർത്തിയാക്കും. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ രാജ്യത്തിന് സമർപ്പിക്കും.
അതേസമയം മണിപ്പൂർ വിഷയവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. രാജ്യം മണിപ്പൂരിനൊപ്പമെന്ന് മോദി വ്യക്തമാക്കി. മണിപ്പൂരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പൂരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പൂർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്നും മോദി പറഞ്ഞു.
140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി പറഞ്ഞു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.




