- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇൻസ്റ്റാഗ്രാമിന് പിന്നാലെ യൂട്യൂബിലും നരേന്ദ്ര മോദി തരംഗം; 3 കോടി പിന്നിട്ട് സബ്സ്ക്രൈബേഴ്സ്; ആ ചരിത്ര നേട്ടത്തിലെത്തുന്ന ഏക നേതാവ്; രാഹുൽ ഗാന്ധിയേക്കാൾ മൂന്നിരട്ടി മുന്നിൽ; ട്രംപിനെയും പിന്നിലാക്കി ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമൻ; ഡിജിറ്റൽ സ്വാധീനത്തിൽ എതിരില്ലാത്ത മുന്നേറ്റം

ഡൽഹി: ഡിജിറ്റൽ ലോകത്തെ ജനപ്രീതിയിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രനേട്ടം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ സബ്സ്ക്രൈബർമാരുടെ എണ്ണം 3 കോടി പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏക ഭരണാധികാരിയാണ് നരേന്ദ്ര മോദി.
ആഗോള നേതാക്കളിൽ മറ്റാരും മോദിയുടെ ഏഴയലത്തില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് വരിക്കാർ മാത്രമാണുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴിരട്ടി വരിക്കാരാണ് മോദിക്കുള്ളത് എന്നതും അദ്ദേഹത്തിന്റെ ആഗോള ഡിജിറ്റൽ സ്വാധീനത്തിന് അടിവരയിടുന്നു.
ദേശീയ തലത്തിലും പ്രധാനമന്ത്രിയുടെ ആധിപത്യം പ്രകടമാണ്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്നിരട്ടി വരിക്കാരാണ് മോദിയുടെ ചാനലിനുള്ളത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ചാനലുകളേക്കാൾ നാലിരട്ടിയിലേറെയാണ് പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ എണ്ണം. സജീവമായ ഇടപെടലുകളിലൂടെയും തത്സമയ സംപ്രേക്ഷണങ്ങളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മോദി തന്റെ സ്വാധീനം ഉറപ്പിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പുതിയ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവും ഭരണാധികാരിയുമാണ് നരേന്ദ്ര മോദി. ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് 1.5 കോടി (15 മില്യൺ) ഫോളോവേഴ്‌സാണുള്ളത്.
ബ്രസീൽ പ്രസിഡന്റിന് 1.44 കോടിയും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന് 1.16 കോടിയും അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ്ക്ക് 64 ലക്ഷവും ഫോളോവേഴ്‌സുണ്ട്. ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദി ബഹുദൂരം മുന്നിലാണ്. 1.61 കോടി ഫോളോവേഴ്‌സുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാം സ്ഥാനത്ത്. രാഹുൽ ഗാന്ധിക്ക് ഏകദേശം 1.26 കോടി ഫോളോവേഴ്‌സാണുള്ളത്.
2014-ൽ ഇൻസ്റ്റഗ്രാമിൽ അംഗമായ പ്രധാനമന്ത്രിക്ക്, നിലവിൽ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സുണ്ട്. ട്രംപിന് 4.32 കോടി (43.2 മില്യൺ) ഫോളോവേഴ്‌സാണുള്ളത്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ജനപ്രീതി ആഗോളതലത്തിൽ എത്രത്തോളം വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.
സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എക്സ് പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി മോദിക്ക് 10.63 കോടി (106.3 മില്യൺ) ഫോളോവേഴ്‌സുണ്ട്. ഈ പട്ടികയിൽ 23.53 കോടി ഫോളോവേഴ്‌സുമായി ഇലോൺ മസ്ക് ഒന്നാമതും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ (11.91 കോടി), അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (11.01 കോടി) എന്നിവർ തൊട്ടുപിന്നാലെയുമുണ്ട്. രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ബിസിനസ് പ്രമുഖരുമാണ് എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളവരുടെ പട്ടികയിൽ ഭൂരിഭാഗവും.


