കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി ഗണേശ്‌കുമാറിനെതിരെ വിമർശനവുമായി മുസ്ലിംലീഗ്. മലപ്പുറത്തെ മാഫിയ എന്ന പരാമർശം നടത്തിയതിനെതിരെയാണ് ലീഗ് രംഗത്തുവന്നത്. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.

ആർടിഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച് സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ സംഭവമാണ് സമരത്തിന് കാരണമായത്. കേരളത്തിൽ അങ്ങോളമിങ്ങോളം സിഐടിയു ഉൾപ്പെടെ എല്ലാ സംഘടനകളും സമര രംഗത്തുണ്ടായിരുന്നു എന്നിരിക്കെ മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർത്ഥ സൂക്കേട് എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ലെന്നും പിഎംഎ സലാം ചൂണ്ടിക്കാണിച്ചു.

വാചകമടിയും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. ചാനലുകൾക്ക് മുമ്പിൽ വാചകമടിക്കാൻ പ്രത്യേകിച്ച് പണച്ചെലവോ കാര്യക്ഷമതയോ വേണമെന്നില്ല. അഭിനയിക്കാനുള്ള കഴിവുള്ളതുകൊണ്ട് അത് നന്നായി കൈകാര്യം ചെയ്യാൻ താങ്കൾക്ക് സാധിക്കും. ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. അതിന്റെ ജാള്യത തീർക്കാനാണ് അപ്രായോഗിക പരിഷ്‌ക്കാരങ്ങളുമായി മന്ത്രി രംഗത്തുവന്നതെന്നും പിഎംഎ സലാം ചൂണ്ടിക്കാണിച്ചു.

കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ. ഭാഗ്യവശാലാണ് ഈ സമരത്തിന്റെ പേരിൽ തീവ്രവാദി വിളിയിൽനിന്ന് മലപ്പുറത്തുകാർ രക്ഷപ്പെട്ടത്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അത് തീവ്രവാദികളാണെന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്. ആ ഇടത് നയം തന്നെയാണ് മന്ത്രി ഗണേശ് കുമാറും പിന്തുടരുന്നത്. തിരുവനന്തപുരം മേയറുടെ റോഡ് ഭരണവുമായി ബന്ധപ്പെട്ട വിവാദം മറച്ചുവെക്കാനും കൂടിയാണ് മലപ്പുറത്തെ ചൊറിയുന്നതെന്ന് സംശയിക്കുന്നതായും പിഎംഎ സലാം പറഞ്ഞു.

നേരത്തെ സിഐടിയുവും ഗണേശ്‌കുമാറിനെതിരെ രംഗത്തുവന്നിരുന്നു. കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഗണേശ്‌കുമാർ രംഗത്തുവന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേശ് കുമാർ. പരിഷ്‌കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുതെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂൾ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ. മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂൾ മാഫിയ സംഘമുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥർ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരും.

നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകലാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. മലപ്പുറം ആർ.ടി ഓഫീസിൽ നടന്നത് മൂന്ന് കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. കെ.എസ്.ആർ.ടി.സിയിൽ മദ്യപരിശോധന ആരംഭിച്ചതോടെ സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഇന്നുമുതലാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം വരുന്നത്. അടിസ്ഥാന സൗകര്യമൊരുക്കാതെയുള്ള പരിഷ്‌കരണത്തിനെതിരെ വിവിധ ജില്ലകളിൽ ഡ്രൈവിങ് സ്‌കൂൾ യൂണിയനുകൾ പ്രതിഷേധം നടത്തുകയാണ്.

ഇതിനിടെ, മന്ത്രി കെ.ബി. ഗണേശ് കുമറിനെതിരെ രൂക്ഷ പ്രതികരണവുമായി സിഐ.ടി.യു രംഗത്തെത്തി. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമർശമാണ് പ്രകോപനത്തിനിടയാക്കിയത്. മലപ്പുറം എന്ന് കേൾക്കുമ്പോൾ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകൾ അല്ല. പാരമാർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐ.ടി.യു ആവശ്യപ്പെട്ടു.

നിലവിൽ നടക്കുന്ന സമര മാർഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആർ.ടി.ഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികൾ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതിൽ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നതെന്നാണ് സിഐ.ടി.യു ചോദിക്കുന്നത്.