- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ല; ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ; ഇതിനെ എതിർത്തൽ എങ്ങനെ നമ്മൾ പിന്തിരിപ്പനാകും; ട്രാൻസ്ജെന്ററുകളെ അധിക്ഷേപിച്ചു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി; ട്രാൻസ്മാനല്ല, സ്ത്രീയാണ് പ്രസവിച്ചതെന്നും പിഎംഎ സലാം
കോഴിക്കോട്: സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്ത്രീ, പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെയല്ലാതെ ഇസ്ലാം അംഗീകരിക്കുന്നില്ല.ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണ്. അതിനെ എതിർത്താൽ പിന്തിരിപ്പനാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രാൻസ്ജെൻഡർ പ്രസവിച്ചുവെന്ന് പറഞ്ഞ് മാധ്യങ്ങൾ അടക്കം ആഘോഷിക്കുകയാണ്. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു.
ഇന്ത്യയിൽ ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുന്നു, ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ സഖ്യം വേണമെന്ന് മുസ്ലിം ലീഗ് ട്രാൻസ്‌ജെന്റർ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്.സ്വതന്ത്ര ലൈംഗികത കൊണ്ട് വന്നു ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്.
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐക്കാരാണ് പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാറിനെതിരെയും പി എം എ സലാം വിമർശനം കടുപ്പിച്ചു.അധികാരത്തിൽ ഇല്ലാത്തപ്പോഴാണ് സംഘടനാ ശക്തി ഉപയോഗിച്ച് സർക്കാരിനെ തിരുത്താൻ സാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് സംരക്ഷണ സമ്മേളനം നടത്തിയപ്പോൾ ഇരട്ട ചങ്കന്റെ മുട്ടിടിച്ചു. സംസ്ഥാനത്ത് ബിജെപിയേക്കാൾ ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ഇടതു മുന്നണിയാണ്.
കേന്ദ്രത്തിനൊപ്പം നിന്ന് പോകാനാണ് കേരളം ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്‌കോളർഷിപ്പ് നിർത്തി. കേരളവും ഒരു വർഷമായി സ്‌കോളർഷിപ്പ് നിർത്തിയിട്ട്. മുസ്ലിം ലീഗ് തന്നെ ഇതിനെതിരെ രംഗത്ത് വരും. ജന്റർ ന്യൂട്രാലിറ്റി കൊണ്ട് വന്നു കുടുംബ ബന്ധങ്ങളെ തകർക്കാൻ സർക്കാർ ശ്രമിച്ചുവെന്നും അഴിമതിയും ജനവിരുദ്ധതയും നിറഞ്ഞ സർക്കാരിനെതിരെ ലീഗ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമാന വിഷയത്തിൽ നേരത്തെ പ്രതികരണവുമായി എം കെ മുനീർ എംഎൽഎയും രംഗത്തെത്തിയിരുന്നു.ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞുപിറന്നതിൽ പുരുഷന് കുഞ്ഞു പിറന്നു എന്ന തരത്തിൽ പ്രചാരണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷൻ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും എംഎൽഎ വിമർശിച്ചു.
പുരുഷൻ പ്രസവിച്ചു എന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നൽകുന്നത്. ട്രാൻസ്മാന് പ്രസവിക്കാനാകില്ല എന്നത് ആദ്യം മനസിലാക്കണം. പുറംതോടിൽ പുരുഷനായി മാറിയെങ്കിലും യഥാർത്ഥത്തിൽ സ്ത്രീയായതിനാലാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചു എങ്കിൽ അത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.
അതേസമയം സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയയ്ക്കും കഴിഞ്ഞ ദിവസമാണ് കുഞ്ഞു പിറന്നത്. കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലായിരുന്നു പ്രസവം. പ്രസവിച്ച സഹദിനെ അച്ഛനെന്നും അതിനു നിമിത്തമായ സിയയെ അമ്മയെന്നും വിളിക്കുന്ന അപൂർവ ജീവിതത്തിലേക്കാണ് കുഞ്ഞിന്റെ പിറവി. രാജ്യത്തെ തന്നെ ആദ്യ ട്രാൻസ് പ്രഗ്‌നൻസിക്ക് പങ്കാളികളായി മാറിയ മലപ്പുറം സ്വദേശിനിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും ട്രാൻസ് കമ്മ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ ഇരുവരും കോഴിക്കോടെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹോർമോൺ തെറാപ്പി നടത്തി സഹദിന്റെ മാറിടം നീക്കം ചെയ്തിരുന്നു. ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഘട്ടമെത്തിയപ്പോഴാണ് സ്വന്തമായി ഒരു കുഞ്ഞെന്ന മോഹം ഇരുവർക്കുമുണ്ടായത്. സിയ ആ സമയത്ത് ട്രാൻസ് സ്ത്രീ ആവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയ ആയിരുന്നുമില്ല. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹദ് ചികിത്സ തുടങ്ങിയത്. രണ്ടാമത്തെ ഗർഭധാരണമാണ് വിജയം കണ്ടത്. സഹദിന്റെ മാറിടം നീക്കം ചെയ്തതിനാൽ ജനിക്കുന്ന കുഞ്ഞിന് മിൽക്ക് ബാങ്ക് വഴിയാണ് മുലപ്പാൽ നൽകുക.
മറുനാടന് മലയാളി ബ്യൂറോ