അടൂർ: പ്ലസ്ടു വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടുകയും ചോദ്യം ചെയ്ത മാതാവിനെ ഉപദ്രവിക്കുകയും ചെയ്ത വയോധികൻ അറസ്റ്റിൽ. പ്രതിയുടെ മൂക്കിടിച്ച് തകർത്ത കുട്ടിയുടെ മാതാവിനെതിരേയും കേസ്. മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണ പിള്ള(59)യെ ആണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

നെല്ലിമുകൾ ജങ്ഷനിൽ വൈകിട്ട് അഞ്ചിനാണ് സംഭവം. തെങ്ങമത്തെ സ്‌കുളിൽ നിന്നും സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങിയ പതിനേഴുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. നെല്ലിമുകൾ ജങ്ഷനിൽ ബസ് ഇറങ്ങിയതിന് പിന്നാലെ പെൺകുട്ടി മാതാവിനെ വിളിച്ച് തന്നെ വയോധികൻ ഉപദ്രവിച്ച വിവരം പറഞ്ഞു. പെട്ടെന്ന് സ്ഥലത്ത് വന്ന മാതാവ് തൊട്ടടുത്ത കടയിൽ നിന്ന രാധാകൃഷ്ണപിള്ളയോട് കാര്യം ചോദിച്ചു. ഇയാൾ മാതാവിനെയും ഉപദ്രവിക്കാൻ ശ്രമിച്ചു. ചെറുത്തു നിൽക്കാൻ ശ്രമിച്ച മാതാവ് ഇയാളുടെ മൂക്കിന് ഇടിക്കുകയായിരുന്നു. പിള്ളയുടെ മൂക്കിന്റെ പാലം തകർന്നു.

വിവരമറിഞ്ഞ് സ്ഥലത്തു വന്ന ഏനാത്ത് പൊലീസ് പിള്ളയെ കസ്റ്റഡിയിൽ എടുത്തു ചികിൽസ നൽകിയ ശേഷം സ്റ്റേഷനിൽ എത്തിച്ചു. ഇയാൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാവിനെതിരേ പിള്ളയെ ആക്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.