തിരുവനന്തപുരം: കലോത്സവത്തിനിടെ പെണ്‍കുട്ടിയോട് ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സല്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍ കുമാറാണ് ഒന്നാം പ്രതി. റിപ്പോര്‍ട്ടര്‍ ശഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്.

തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചാനലിലെ റിപ്പോര്‍ട്ടര്‍ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാല്‍ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

സംഭവത്തില്‍ നേരത്തെ, ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കേസ് എടുക്കാന്‍ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം. കലോത്സവത്തിലെ മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് റിപ്പോട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അകമ്പടിയായി ഉസ്താദ് ഹോട്ടല്‍ സിനിമയിലെ പശ്ചാത്തല സംഗീതവുമായിരുന്നു.

തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു. സ്റ്റോറി സംപ്രേഷണം ചെയതതിന് തൊട്ടു പിന്നാലെ അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറോട് വിദ്യാര്‍ഥിയെ കുറിച്ച് ചോദിക്കുകയും കളിയാക്കുകയും ചെയ്യുന്ന സംഭാഷണങ്ങളും റിപ്പോര്‍ട്ടര്‍ ടിവി സംപ്രേക്ഷണം ചെയ്തിരുന്നു.

കലാമേളകളില്‍ പങ്കെടുക്കാനും വരുന്ന കുഞ്ഞ് കുട്ടികളെ ഉപയോഗിച്ചു മോശമായ വിധത്തില്‍ റൊമാന്‍സ് ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത് മോശം പ്രവര്‍ത്തിയാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും വിമര്‍ശനത്തെ ശരിവെച്ചു. പോക്സോ എടുക്കേണ്ട തരത്തിലുള്ള സ്റ്റോറിയാണ് ചാനല്‍ ചെയ്തിരിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.