- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ളശ്രമം എന്ത് മാധ്യമ ധര്‍മ്മമാണ്? ബ്രേക്കിങ് ഒന്നും കണ്ടില്ല..! പോക്സോ കേസിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിനെ വിമര്‍ശിച്ചു പി പി ദിവ്യ; അരുണ്‍കുമാറിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ 11, 12 വകുപ്പുകള്‍; റേറ്റിംഗ് കൂട്ടാന്‍ എന്തും ചെയ്യുന്ന ചാനലിന് പ്രഹരമായി കേസ്
റേറ്റിംഗ് കൂട്ടാന്‍ എന്തും ചെയ്യുന്ന ചാനലിന് പ്രഹരമായി കേസ്
തിരുവനന്തപുരം: കലോത്സവത്തിനിടെ പെണ്‍കുട്ടിയോട് ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസെടുത്തത് കടുത്ത ചാനല്‍ മത്സരം മുറുകവേ. സ്‌കൂള്‍ കലോത്സവത്തില്‍ റേറ്റിംഗ് കൂട്ടാന്‍ നടത്തിയ അഭ്യാസങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കേസും. റിപ്പാര്‍ട്ടര്‍ ചാനല്‍ വന്നതിന് ശേഷം ചാനല്‍ സംസ്‌ക്കാരത്തില്‍ കാര്യമായ മാറ്റം വന്നെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ചാനലിന്റെ കണ്‍സല്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍ കുമാറാണ് അടക്കം ഒന്നാം പ്രതിയായ കേസുണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ശഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. അരുണിനെതിരെ പോക്സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചാനലിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായി ഉയര്‍ന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാര്‍ത്തയും ചര്‍ച്ചയും തയ്യാറാക്കി എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
സംഭവത്തില്‍ നേരത്തെ, ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കേസ് എടുക്കാന്‍ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം. കലോത്സവത്തിലെ മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് റിപ്പോട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അകമ്പടിയായി ഉസ്താദ് ഹോട്ടല്‍ സിനിമയിലെ പശ്ചാത്തല സംഗീതവുമായിരുന്നു.
തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു. സ്റ്റോറി സംപ്രേഷണം ചെയതതിന് തൊട്ടു പിന്നാലെ അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറോട് വിദ്യാര്‍ഥിയെ കുറിച്ച് ചോദിക്കുകയും കളിയാക്കുകയും ചെയ്യുന്ന സംഭാഷണങ്ങളും റിപ്പോര്‍ട്ടര്‍ ടിവി സംപ്രേക്ഷണം ചെയ്തിരുന്നു.
കലാമേളകളില്‍ പങ്കെടുക്കാനും വരുന്ന കുഞ്ഞ് കുട്ടികളെ ഉപയോഗിച്ചു മോശമായ വിധത്തില്‍ റൊമാന്‍സ് ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത് മോശം പ്രവര്‍ത്തിയാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും വിമര്‍ശനത്തെ ശരിവെച്ചു. പോക്‌സോ എടുക്കേണ്ട തരത്തിലുള്ള സ്റ്റോറിയാണ് ചാനല്‍ ചെയ്തിരിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
അതേസമയം കേസെടുത്തതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വിമര്‍ശനവുമായി പി പി ദിവ്യ രംഗത്തെത്തി. സ്‌കൂള്‍ കലോത്സവത്തിന് എത്തിച്ചേര്‍ന്ന പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ളശ്രമം എന്ത് മാധ്യമ ധര്‍മ്മമാണെന്ന ചോദ്യമാണ് നവീന്‍ ബാബു കേസിലെ പ്രതിയായ ദിവ്യ ചോദിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ഒന്നും കണ്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ദിവ്യയുടെ പോസ്റ്റ് ഇങ്ങനെ:
റിപ്പോര്‍ട്ടര്‍ ചാനലിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ കേസ് എടുത്തിരിക്കുന്നു... ബ്രേക്കിങ് ഒന്നും കണ്ടില്ല..സ്‌കൂള്‍ കലോത്സവത്തിന് എത്തിച്ചേര്‍ന്ന പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ളശ്രമം എന്ത് മാധ്യമ ധര്‍മ്മമാണ്..
തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് ആണ് കേസ് രെജിസ്റ്റര്‍ ചെയ്തത്....
അപ്പൊ പിന്നെ ഇനി എങ്ങനെയാ.....
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ എന്തെ മാറി നില്കുന്നതല്ലേ അതിന്റെ ധാര്‍മികത. അല്ല ധാര്‍മികത കമ്മ്യൂണിസ്റ്റ്കാര്‍ക് മാത്രമേ വേണ്ടതുള്ളു എന്നാണോ.... സ്റ്റേഷനില്‍ പോകുമ്പോഴും വരുമ്പോഴും ലൈവ് ഇടാന്‍ മറക്കരുത്...ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പടിയാക്കി തല്ലികൊല്ലുന്ന ഗീബല്‍സ്യന്‍ കോട്ടിട്ട അഭിനവ ചാനല്‍ ജഡ്ജിമാരുടെ അവതരണ റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു.
അപാരമായ കഴിവുള്ള അവതാരക സിംഹങ്ങള്‍ കുറെ അവിടെ ഉണ്ടല്ലോ.
നിയമം നിയമത്തിന്റെ വഴിക്കു പോവണം എന്നത് ശെരി. എന്നാല്‍ കുറ്റവും ശിക്ഷയും വിധിക്കുന്നത് ചില ചാനല്‍ ജഡ്ജിമാര്‍...
ഒരു മൈക്കും, ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞു...
ഇവിടെ കോടതിയുണ്ട്, നിയമമുണ്ട്....അവര്‍ തീരുമാനിക്കും ശെരിയും തെറ്റും...