കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പോഡ്കാസ്റ്റര്‍ ഷാരിഖ് ഷംസുദ്ദീനും തമ്മിലുള്ള അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കെ, അഭിമുഖത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടി നല്‍കി ഷാരിഖ് രംഗത്തെത്തി. താന്‍ വി.ഡി. സതീശനില്‍ നിന്ന് പണം വാങ്ങി പോഡ്കാസ്റ്റ് ചെയ്‌തെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, തെളിയിച്ചാല്‍ 10 ലക്ഷം രൂപ തരാമെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളും വികസന കാഴ്ചപ്പാടുകളും പങ്കുവെച്ച ഈ അഭിമുഖം ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വി.ഡി. സതീശന് 'പി.ആര്‍' ചെയ്തു കൊടുക്കുകയാണ് ഷാരിഖ് എന്ന വിമര്‍ശനം ഉയര്‍ന്നുവന്നു. ഇതിനെതിരെയാണ് ഷാരിഖ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിന്റെ ഭാവി എന്ത്? വി ഡി സതീശന്‍ മനസ് തുറക്കുന്നു എന്ന 'പോഡ്കാസ്റ്റ് യൂട്യൂബില്‍ 4 ദിവസം കൊണ്ട് 5 ലക്ഷം വ്യൂസ് നേടി. റീല്‍സും ഷോര്‍ട്‌സും ഉള്‍പ്പെടെ ഒരു കോടിയിലധികം ആളുകള്‍ വീഡിയോ കണ്ടു. കമന്റ് സെക്ഷനില്‍ മികച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, റീല്‍സിനും ഷോര്‍ട്‌സിനും താഴെ വി.ഡി. സതീശന്‍ എനിക്ക് 10 ലക്ഷം രൂപ തന്നാണ് പോഡ്കാസ്റ്റ് ചെയ്തതെന്ന് ചിലര്‍ ആരോപിക്കുന്നു. ഞാന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. വാങ്ങിയെന്ന് തെളിയിച്ചാല്‍ ആരായാലും 10 ലക്ഷം രൂപ അങ്ങോട്ട് തരാം,' ഷാരിഖ് വിശദീകരിച്ചു.

തന്റെ പോഡ്കാസ്റ്റ് ഒരു 'പ്രൊപ്പഗാന്‍ഡ' ആണെന്ന ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. 'മിസ് ലീഡിങ്ങും പക്ഷപാതപരവുമായ കാഴ്ചപ്പാടുകളെ പ്രൊമോട്ട് ചെയ്യുന്നതാണ് പ്രൊപ്പഗാന്‍ഡ. എനിക്ക് പക്ഷപാതപരമല്ലാത്ത സമീപനമാണുള്ളത്. 'അതിശക്തം' പോഡ്കാസ്റ്റില്‍ ഇതിനുമുമ്പ് മന്ത്രി പി. രാജീവിനെപ്പോലുള്ളവരെ അതിഥികളായി കൊണ്ടുവന്നിട്ടുണ്ട്. നാളെ ബി.ജെ.പി.യിലെ ഒരാളെയും കൊണ്ടുവന്നേക്കാം. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. അതിഥികള്‍ പറയുന്നത് ഞാന്‍ എവിടെയും പ്രൊമോട്ട് ചെയ്തിട്ടില്ല,' അദ്ദേഹം വ്യക്തമാക്കി.


തന്റെ പോഡ്കാസ്റ്റില്‍ ഇനിയും പലമേഖലകളിലുള്ളവരെ കൊണ്ടുവരുമെന്നും, അതിഥിയുടെ അഭിപ്രായങ്ങളോട് യോജിക്കാനോ ചോദ്യം ചെയ്യാനോ പ്രേക്ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഷാരിഖ് കൂട്ടിച്ചേര്‍ത്തു. തന്റെ ഉദ്ദേശ്യത്തെ തെറ്റായി പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോഡ്കാസ്റ്റിനെ വിജയമാക്കിയവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.