തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണികൾക്ക് തീരുമാനം. പുതിയ ജയിൽ മേധാവിയായി ബൽറാം കുമാർ ഉപാധ്യായ(എ.ഡി.ജി.പി. പൊലീസ് അക്കാദമി)യെ നിയമിച്ചത്. ഡി.ജി.പി: സുധേഷ്‌കുമാർ വിരമിച്ച ഒഴിവിലേക്കാണു നിയമനം. സുദേഷ് കുമാർ വിരമിച്ച സാഹചര്യത്തിലാണ് ഇത്.

എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണനു ഡി.ജി.പി. റാങ്ക് നൽകി. പൊലീസ് ഉന്നതതലത്തിൽ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായി നാലു സീനിയർ എ.ഡി.ജി.പിമാരടക്കമുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം നൽകാനും ഇന്നലെ ചേർന്ന സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. കെ. പത്മകുമാർ (പൊലീസ് ആസ്ഥാനം), ഷേഖ്ദർവേഷ് സാഹിബ് (ക്രൈംബ്രാഞ്ച് മേധാവി), രവഡ എ. ചന്ദ്രശേഖർ (കേന്ദ്ര ഇന്റലിജൻസ്), സഞ്ജീവ്കുമാർ പട്ജോഷി (സപ്ലൈകോ) എന്നിവരെ ഡി.ജി.പി. റാങ്കിലേക്കു സ്ഥാനക്കയറ്റം നൽകാനാണ് ശിപാർശയെന്നും മംഗളത്തിൽ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു.

എസ് അനന്ദകൃഷ്ണൻ ഡിജിപി റാങ്ക് കിട്ടുന്നതോടെ നാല് ഡിജിപിമാർ കേന്ദ്ര അംഗീകാരത്തോടെ കേരളാ സർവ്വീസിലുണ്ടാകും. ടോമിൻ തച്ചങ്കരിയും ബി സന്ധ്യയും അനിൽകാന്തുമാണ് മറ്റുള്ളവർ. ഇതിൽ ഏറ്റവും സീനിയർ തച്ചങ്കരിയാണ്. തച്ചങ്കരി നിലവിൽ മനുഷ്യാവകാശ കമ്മീഷനിലാണ് ഡിജിപിയായി പ്രവർത്തിക്കുന്നത്. ജയിൽ ഡിജിപിയായി തച്ചങ്കരിയേയും പരിഗണിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മീഷനോടാണ് താൽപ്പര്യമെന്ന് തച്ചങ്കരി സൂചന നൽകിയെന്നാണ് റിപ്പോർട്ട്. ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റാണ് നിലവിൽ തച്ചങ്കരി. അടിമുടി മാറ്റങ്ങൾക്ക് സാധ്യതയുള്ള വണ്ണം ഉടൻ പൊലീസിൽ പ്രമോഷനുകൾ നടക്കും.

കേരളാ പൊലീസിലെ മികച്ച ഐപിഎസുകാരിൽ ഒരാളാണ് ബൽറാം കുമാർ ഉപാധ്യായ. ഈ സാഹചര്യത്തിലാണ് ജയിൽ വകുപ്പ് ഉപാധ്യായക്ക് കൊടുക്കുന്നത്. നിലവിൽ ബറ്റാലിയൻ എ.ഡി.ജി.പിയായ ബൽറാം കുമാർ നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. തുടർന്ന് പ്രമോഷൻ നൽകി എ.ഡി.ജി.പി ബറ്റാലിയനായി നിയമിക്കുകയായിരുന്നു. എ.ഡി.ജി.പി റാങ്കിലുള്ള ഏറ്റവും ജൂനിയറായ ഉദ്യോ?ഗസ്ഥനായ ബൽറാം കുമാർ ഉപാധ്യായ സർക്കാരുമായി മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ്.

സസ്പെൻഷനിലായ ജി. ലക്ഷ്മണയെ എ.ഡി.ജി.പി. റാങ്കിലേക്കു പരിഗണിക്കാനും തീരുമാനമുണ്ട്. എന്നാൽ, ഇദ്ദേഹത്തിനെതിരായ വകുപ്പുതല അന്വേഷണം പൂർത്തിയാക്കാനുണ്ട്. ഇതിനും അതിവേഗം നടപടിയുണ്ടാകുമെന്നാണ് സൂചന. അഡീഷണൽ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നവർ: ടി. വിക്രം (ഉത്തരമേഖല ഐ.ജി), ദിനേന്ദ്ര കശ്യപ് (ഐ.ബി), ഗോപേഷ് അഗർവാൾ (കേന്ദ്ര ഡെപ്യൂട്ടേഷൻ), എച്ച്.വെങ്കിടേഷ് (വിജിലൻസ്), അശോക് യാദവ് (ബി.എസ്.എഫ്).

ഐ.ജി.മാരായി സ്ഥാനക്കയറ്റം ലഭിക്കുന്നവർ: നീരജ്കുമാർ ഗുപ്ത (എറണാകുളം ഡി.ഐ.ജി), അക്‌ബർ (കോഴിക്കോട് കമ്മിഷണർ), കെ.സഞ്ജയ്കുമാർ ഗുരുഡിൻ (ഐ.ടി. ബി.പി). ഡി.ഐ.ജി. റാങ്കിലേക്ക് ഉയർത്തുന്നവർ: ഡോ. ശ്രീനിവാസൻ (കോഴിക്കോട് ഡി.സി.പി), തോംസൺ (സിബിഐ), മഞ്ജുനാഥ് (നാഷണൽ പൊലീസ് അക്കാദമി). ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കു നിയമനം നൽകും.

മന്ത്രിസഭയുടെ അനുമതിയോടെ സ്ഥാനക്കയറ്റം പ്രാബല്യത്തിൽ വരുമെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു. അടിമുടി പരിഷ്‌കരണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. കോഴിക്കോട് കമ്മീഷണറായ അക്‌ബറിനെ ഉത്തരമേഖലാ ഐജിയാക്കാനാണ് സാധ്യത.