പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ച സംഭവത്തില്‍ ഒടുവില്‍ യഥാര്‍ഥ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തതും അട്ടിമറിച്ചുവെന്ന് ആക്ഷേപം. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ സ്ഥലം മാറ്റാനും മുന്‍ ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ആറന്മുള എസ്.എച്ച്.ഓ പ്രവീണ്‍ എന്നിവരെ മാറ്റി നിര്‍ത്തി അന്വേഷിക്കാനും ശിപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ഡി.ഐ.ജി അജിതാ ബീഗം ആഭ്യന്തരവകുപ്പിന് കൈമാറിയിട്ട് ദിവസങ്ങളായി. മന്ത്രി വി.എന്‍. വാസവന്റെ ഓഫീസില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് എസ്.പി തന്നെയാണ് തുടര്‍ നടപടി അട്ടിമറിച്ചത് എന്നാണ് പോലീസ് സേനയില്‍ ഉയരുന്ന ആക്ഷേപം.

ഡിഐജിയുടെ നടപടിക്കുള്ള ശിപാര്‍ശയിന്മേല്‍ തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് എസ്പി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇത് പ്രകാരമാണ് നടപടിക്ക് കാലതാമസം നേരിടുന്നത്. ഇതിനിടെയാണ് ക്രിമിനല്‍ കേസ് പ്രതിയായ അഭിഭാഷകനെ കരിക്കിനേത്ത് കൊലക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി മുന്‍കൈയെടുത്തുവെന്ന പരാതി ആലപ്പുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബു മുഖ്യമന്ത്രിക്ക് നല്‍കിയത്. സകല തെളിവുകളോടെയുമുള്ള പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് ഇതേപ്പറ്റി അന്വേഷിക്കാന്‍ ഡിഐജി അജിതാബീഗത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. തുടരെ തുടരെ പരാതിയും ആക്ഷേപവും എസ്.പിക്കെതിരേ വ്യാപകമാകുമ്പോഴും സര്‍ക്കാരിന്റെ പേര് തന്നെ കളങ്കപ്പെടുമ്പോഴും നടപടിക്ക് തുനിയാത്തത് മന്ത്രി വാസവന്റെ സ്വാധീനം കൊണ്ടാണ് എന്നാണ് ആക്ഷേപം.

പോക്സോ അട്ടിമറിയില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തില്‍ പിന്‍ബലമുള്ള എസ്.പി വി.ജി. വിനോദ്കുമാര്‍ അന്വേഷണം തങ്ങള്‍ക്കെതിരേ വരുന്നത് തടയാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഈ വിഷയത്തില്‍ ഒരു തരത്തിലും ഉത്തരവാദികള്‍ അല്ലാത്ത കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ കുറ്റക്കാരായി ചിത്രീകരിച്ച് ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. എസ്.പിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി രണ്ടു പേരെയും ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ ഉത്തരവ് പൂര്‍ണ രൂപം അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണിന്റെ നേതൃത്വത്തില്‍ പ്രതിയായ അഭിഭാഷകനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വസ്തുതയും ഇതോടെ പുറത്തായി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ പോലീസിനെതിരേ രംഗത്തു വന്നു. കേസ് അട്ടിമറിച്ചത് പോലീസാണെന്നതിന്റെ തെളിവുകള്‍ അദ്ദേഹം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചു. എന്നാല്‍, ഏവരെയും ഞെട്ടിച്ചു കൊണ്ട് ചെയര്‍പേഴ്സനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി അംഗം കൂടിയായ സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍. രാജീവിനെ ശിശുക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സസ്പെന്‍ഡ് ചെയ്തു. പ്രതിയെ രക്ഷിക്കാന്‍ രാജീവ് ശ്രമിച്ചുവെന്ന് അടിവരയിടുന്നതായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവിലെ പ്രതിപാദ്യം. ഇത് സി.പി.എമ്മില്‍ തന്നെ ഞെട്ടലുണ്ടാക്കി. പ്രതിഷേധവുമായി രാജീവും രംഗത്തു വന്നു. ഈ സമയമൊക്കെയും യഥാര്‍ഥ ഉത്തരവാദികള്‍ പല വിധ സ്വാധീനങ്ങള്‍ കൊണ്ട് രക്ഷപ്പെട്ടു പോരുകയായിരുന്നു.

തുടര്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി മൂന്നു റിപ്പോര്‍ട്ടുകളാണ് ഡി.ഐ.ജി ആഭ്യന്തര വകുപ്പിന് നല്‍കിയത്. ജില്ലാ പോലീസ് മേധാവി ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഡി.ഐ.ജി നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് കോന്നി ഡിവൈ.എസ്.പിയും എസ്..എച്ച്.ഓയും സസ്പെന്‍ഷനില്‍ ആയത്. പുറത്തു വന്ന സസ്പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത് ഇവര്‍ സ്വന്തം ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്നുവെന്നാണ്. പിന്നെങ്ങനെ സസ്പെന്‍ഷന്‍ ആയി എന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. പത്തനംതിട്ട മൂന്‍ ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ആറന്മുള എസ്.എച്ച്.ഓ വി.എസ്. പ്രവീണ്‍ എന്നിവര്‍ക്കെതിരേയായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്. മൂന്നാമത്തെ റിപ്പോര്‍ട്ട് എസ്.പി വി.ജി. വിനോദ്കുമാറിന്റെ ഭാഗത്തു നിന്നുളള ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുളളതാണ്. നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ എസ്.പി അവധിയില്‍ പ്രവേശിച്ചു.

ഭരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാര്‍: പോലീസിനെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗോ?

ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തില്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് മുസ്ലിം ലീഗിന്റെ ഒരു പ്രമുഖ നേതാവാണെന്ന വിവരം പുറത്തു വന്നു. ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണ് പോലീസ് പ്രവര്‍ത്തിച്ചതും കൈയില്‍ കിട്ടിയ പ്രതിയെ വിട്ടു കളഞ്ഞതും. യു.ഡി.എഫ് ഭരണകാലത്താണ് അഡ്വ. നൗഷാദ് തോട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍ ആയിരുന്നത്. അതീജിവതയുടെ മാതാപിതാക്കളുടെ കുടുംബപ്രശ്നം സംബന്ധിച്ച കേസ് നടത്തിപ്പിനാണ് നൗഷാദ് പത്തനംതിട്ടയില്‍ എത്തിയത്. ബന്ധുവായ സ്ത്രീയാണ് പ്ലസ്ടുവിന് പഠിച്ചിരുന്ന അതീജിവതയെ നൗഷാദിന് കാഴ്ച വച്ചത്. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോഴഞ്ചേരിയിലെ ബാര്‍ ഹോട്ടലില്‍ വച്ചാണ് ആദ്യം കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പിന്നീട് കുമ്പഴ, എറണാകുളം എന്നിവിടങ്ങളില്‍ വച്ചും പീഡിപ്പിക്കപ്പെട്ടു. അതിക്രൂരമായ ലൈംഗിക

വൈകൃതങ്ങളാണ് കുട്ടിയുടെ മേല്‍ അഭിഭാഷകന്‍ പ്രയോഗിച്ചത്. ഹൈക്കോടതിയില്‍ നൗഷാദ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് കണ്ണുനനയാതെ പെണ്‍കുട്ടിയുടെ മൊഴി വായിക്കാന്‍ കഴിയില്ലെന്നാണ്. നൗഷാദ് അഭിഭാഷക വൃത്തിക്ക് തന്നെ കളങ്കമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. നൗഷാദിനെ തൊടരുതെന്ന് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം പോലീസിനുണ്ടായിരുന്നു. കേസെടുക്കുന്നതില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പോലീസും വരുത്തിയ കാലതാമസവും ഈ ഇടപെടലിനെ തുടര്‍ന്നായിരുന്നു. ഒടുവില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞും അഭിഭാഷകന്‍ സ്വന്തം വീട്ടിലുണ്ടായിരുന്നു. ഈ സമയമെല്ലാം ഇയാള്‍ ഒളിവിലാണെന്ന പതിവു പല്ലവിയാണ് ഡിവൈ.എസ്.പി അടക്കം മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 നാണ് കേസ് എടുത്തത്. 22 ന് കൂട്ടുപ്രതിയായ അതിജീവിതയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍പ്പോയത്. ആറന്മുളയില്‍ നിന്നുള്ള മൂന്നു പോലീസുകാര്‍ ചേര്‍ന്ന് ഒരു ദിവസം വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തൊട്ടുപിന്നാലെ വിട്ടിട്ടു പോരാന്‍ മുകളില്‍ നിന്ന് നിര്‍ദേശവും വന്നു. ലീഗിന്റെ ഉന്നത നേതാവ് നേരിട്ട് എസ്.പിയെ വിളിച്ചുവെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. എസ്.പി, ഡിവൈ.എസ്.പി മുഖേനെ ആറന്മുള എസ്.എച്ച്.ഓയെ അറിയിക്കുകയും അദ്ദേഹം പോലീസുകാരെ തിരികെ വിളിക്കുകയുമായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന് പുറമേ വഴി വിട്ട നിരവധി സഹായങ്ങള്‍ അഭിഭാഷകന് പോലീസ് ചെയ്തു കൊടുത്തു. കോന്നി എസ്.എച്ച്.ഓ, ഡിവൈ.എസ്.പി എന്നിവരെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുളള ആഭ്യന്തരവകുപ്പിന്റെ ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തു വിട്ടത് ഇതിന്റെ ഭാഗമായിരുന്നു. ഉത്തരവില്‍ പെണ്‍കുട്ടി മൊഴി നല്‍കിയതടക്കം പ്രോസിക്യൂഷന്‍ ഭാഗത്തിന് വേണ്ട തെളിവുകള്‍ ഏറെയുണ്ടായിരുന്നു. ഇത് അതേ പടി പുറത്തു വന്നതോടെ പബ്ലിക് ഡോക്കുമെന്റായി മാറി. പോലീസ് സുപ്രീംകോടതിയില്‍ ഇത് സമര്‍പ്പിക്കുക കൂടി ചെയ്തതോടെ പ്രതിഭാഗത്തിനും ലഭിച്ചു. ഇനി ഈ രേഖകള്‍ വിവരാവകാശ നിയമ പ്രകാരവും പൊതുജനത്തിന് ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇതോടെ അതിജീവിതയുടെ വാദങ്ങള്‍ പൊളിയാനും പ്രതിക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഭരിക്കുന്നത് എല്‍.ഡി.എഫ് ആണെങ്കിലും ലീഗ് നേതാവ് എങ്ങനെ പോലീസിനെ നിയന്ത്രിച്ചുവെന്ന സംശയം ബാക്കിയാണ്. എന്തു വന്നാലും ഒരു മന്ത്രി തന്നെ രക്ഷിക്കുമെന്നാണ് എസ്.പി വി.ജി. വിനോദ്കുമാറിന്റെ അമിത ആത്മവിശ്വാസം. പോക്സോ കേസ് അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ പോലീസ് മേധാവിക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷന്‍ കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട് എസ്.പിക്കെതിരേ വന്നിട്ടും നടപടി എടുക്കുന്നതില്‍ കാലതാമസം വരുത്തിയിരിക്കുകയാണെന്നും അടിയന്തിരമായി നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.