തൃശൂർ: പൊലീസ് തിരയുന്ന പ്രതിയുടെ അനധികൃത ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി യോഗം അവസാന നിമിഷം മാറ്റി. തൃശൂർ രാമവർമ്മപുരത്തുള്ള പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. തൃശൂർ പുഴയ്ക്കലിൽ പാടം നികത്തി നിർമ്മിച്ച വെഡ്ഡിങ് വില്ലേജ് ഓഡിറ്റോറിയത്തിൽ ഇന്ന് നടത്താനിരുന്ന യോഗമാണ് മാറ്റിയത്.

യോഗം നടത്താനിരുന്ന ഓഡിറ്റോറിയത്തിലേക്ക് രാവിലെ ബിജെപി മാർച്ച് സംഘടിപ്പിച്ചിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന ഒഡിറ്റോറിയം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. വിവാദം മുന്നിൽ കണ്ട് പൊലീസ് ഭാരവാഹികൾ സംസ്ഥാന കമ്മിറ്റി സ്ഥലം മാറ്റി തടിതപ്പുകയായിരുന്നു. തൃശൂർ കോർപറേഷന്റെ റസ്റ്റ്ഹൗസായ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ച കേസിൽ പ്രതിയായ പി.എസ്. ജെനീഷിന്റെ ഉടമസ്ഥയിലുള്ള ഓഡിറ്റോറിയത്തിൽ സൗജന്യമായാണ് പൊലീസ് അസോസിയേഷൻ യോഗം സംഘടിപ്പിക്കാൻ അനുവദിച്ചത്.. സംസ്ഥാനത്തിന്റെ എല്ലാ പൊലീസ് ജില്ലകളിൽ നിന്നും കെഎപി ബറ്റാലിയനിൽ നിന്നുള്ള 300ഓളം ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയിരുന്നു. പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

കോർപറേഷൻ കൗൺസിലിലെ ചില കൗൺസിലർമാരുടെ ഒത്താശയോടെ അനധികൃതമായി നിലം നികത്തി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓഡിറ്റോറിയമാണ് വെഡ്ഡിംങ്ങ് വില്ലേജ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നിലം നികത്തി നിർമ്മിച്ച താൽക്കാലിക കെട്ടിടത്തിന് കോർപറേഷൻ നമ്പറിട്ടിട്ടില്ല. അതിനാൽ ലൈസൻസ് ഇല്ലാതെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങളെല്ലാം തൊട്ടടുത്ത പുഴയിലേക്കാണ് ഒഴുക്കി കളയുന്നത്. മിക്കവാറും ദിവസങ്ങളിൽ പുലർച്ചെ വരെ നീളുന്ന അസഹനീയമായ ശബ്ദഘോഷങ്ങളുടെ ഫലമായി പരിസരവാസികൾ നിരവധി തവണ കളക്ടർക്ക് മാസ് പെറ്റീഷൻ നൽകിയെങ്കിലും നടപടിയും ഉണ്ടായിട്ടില്ലെന്ന് പറയുന്നു.

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെയാണ് ഇവിടെ ഭക്ഷണം ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ചും ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയിട്ടുണ്ട്. ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതിന് പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടുന്ന പ്രതിയാണ് വെഡിങ് വില്ലേജിന്റെ ഉടമ പി.എസ്. ജനീഷ്. ബിനി ടൂറിസ്റ്റ് ഹോം പോളിച്ചതിന് കോർപറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കരാറുകാരനായ ജെനീഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഫെബ്രുവരി എട്ടിനാണ് പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചുവന്നാണ് കേസ്. കേസ് എടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ജെനീഷിനെ പൊലീസ് മനഃപൂർവ്വം അറസ്റ്റ് ചെയ്യാത്തതാണെന്ന് ആരോപണമുയർന്നിരുന്നു. ഭരണകക്ഷിയുടെ സമർദ്ദമാണ് അറസ്റ്റ് ചെയ്യാത്തതെന്നും ആക്ഷേപമുണ്ട്. അതിനിടെ അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി ജെനീഷ് തൃശൂർ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അഭിഭാഷകനായ പി.പി.ഹാരിസ് മുഖേനയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

കേസിൽ കോടതി 24ന് വാദം കേൾക്കാനിരിക്കുന്നതിനിടെയാണ് പ്രതിയുടെ ഉടമസ്ഥയിലുള്ള ഓഡിറ്റോറിയത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗം ചേരാൻ തീരുമാനിച്ചത്. ദൂരെ നിന്ന് വരുന്ന ഉദ്യോഗസ്ഥർക്ക് ഇവിടെ താമസം ഒരുക്കിയിരുുന്നതായി സൂചനയുണ്ട്. പൊലീസ് അറസറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതാണ് ജെനീഷിന് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സാഹചര്യമൊരുക്കിയത്. കരാറുകാരനെ അറസ്റ്റ് ചെയ്യാത്തതിനു പിന്നിൽ കോർപറേഷനിൽ ഭരണകക്ഷിയിലെ രണ്ട് പ്രമുഖ കൗൺസിലർമാരുടെ സമർദ്ദം കാരണമാണെന്നും പറയുന്നു. ജെനീഷിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ പൊലീസ് എതിർക്കുകയും കസ്റ്റഡിയിൽ ആവശ്യപ്പെടുകയും ചെയ്തില്ലെങ്കിൽ ജാമ്യം ലഭിക്കാൻ ഇടയാകും. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്താൻ ഓഡിറ്റോറിയം വിട്ടുനൽകിയ പ്രതിക്കെതിരെ പൊലീസ് കോടതിയിൽ നടപടി സ്വീകരിക്കുമോയെന്ന കാര്യം കണ്ടറിയണം.

പുഴയ്ക്കലിലുള്ള ഓഡിറ്റോറിയം ആരംഭിച്ചത് മുതൽ വിവാദത്തിലാണ്. അയ്യന്തോളിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം ലീസിനെടുത്താണ് ജെനീഷ് ഓഡിറ്റോറിയം നടത്തുന്നത്. താൽക്കാലിക കെട്ടിടം നിർമ്മിച്ചാണ് വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നത്. ഓഡിറ്റോറിയതിനെതിര സമീപമുള്ള പ്രിയദർശിനി നഗറിലെ നിവാസികൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇവിടെ രാത്രി 10 മണി കഴിഞ്ഞാലും പരിപാടികൾ അവസാനിപ്പിക്കാറില്ല. ഓഡിറ്റോറിയം ഉടമ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്നതിനാൽ മിക്ക ദിവസങ്ങളിലും പരിപാടികളുണ്ട്. ഉച്ചത്തിലുള്ള ഡ്രംബീറ്റ് കാരണം വീടുകൾ മൊത്തതിൽ വൈബ്രേറ്റ് ചെയ്യുന്ന അവസ്ഥയുണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. അനധികൃതമായി പ്രവർത്തനം നടത്തുന്ന വെഡിങ് വില്ലേജ് നികുതി അടയ്ക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോർപറേഷനും നികുതിയിനത്തിൽ വലിയ നഷ്ടമുണ്ടാകുന്നുണ്ട്. വെഡ്ഡിങ് വില്ലേജ് പ്രവർത്തിക്കുന്നത് അനുമതിയും പെർമിറ്റും ലൈസൻസും ഇല്ലാതെയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്.