തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. 59 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടേണ്ടി വരുമെന്നാണ് മനോരമ ഇന്ന് റിപ്പോർട്ടു ചെയ്ത വാർത്തയിൽ പറഞ്ഞിരിക്കുന്നത്. ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ പി.ആർ.സുനുവിനെ പിരിച്ചു വിടാനുള്ള റിപ്പോർട്ടിലാണ് 58 പേരെ കൂടി പിരിച്ചു വിടേണ്ടി വരുമെന്ന് ഡിജിപി അനിൽകാന്ത് സർക്കാരിനെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന് നിയമസെക്രട്ടറി ഹരി നായർ വ്യവസ്ഥകളോടെ അംഗീകാരം നൽകിക്കഴിഞ്ഞെന്നുമാണ് വാർത്തയിൽ പറയുന്നത്.

ജീവപര്യന്തം തടവോ പത്ത് വർഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഏഴ് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്നുമാണ് വാർത്തയിൽ പറയുന്നത്. നിലവിൽ സസ്പെൻഷനിലുള്ള പി.ആർ.സുനുവിനെ ആയിരിക്കും ആദ്യം പിരിച്ചു വിടുന്നത്. ഇയാളെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.അതേസമയം ക്രിമിനൽ കേസുകളിൽ പ്രതികളായ 828 പേരാണ് നിലവിൽ സംസ്ഥാനത്തെ പൊലീസ് സേനയിലുള്ളത്. ഇവരിൽ ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണയിലാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഇത് തന്നെയാണ് പിരിച്ചുവിടൽ വാർത്ത പുറത്തുവരുമ്പോൾ ചർച്ചയാകുന്ന കാര്യവും.

പിരിച്ചുവിടൽ വാർത്ത പുറത്തുവന്നത് ഇന്നാണ് ഇതിനൊപ്പം തന്നെ ഇന്നലെ സംസ്ഥാനത്തെ പൊലീസിലെ അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ഉൾപ്പെടെയുള്ള വിവിധ പുരസ്‌കാരങ്ങൾ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സമ്മാനിച്ചുവെന്ന വാർത്തയും പുറത്തുവരികയുണ്ടായി. 241 പൊലീസ് ഉദ്യോഗസ്ഥരാണ് 2021 ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം സ്വീകരിച്ചത്. സായുധസേനയിലെ 57 പേർ കമന്റേഷൻ ഡിസ്‌ക് ഏറ്റുവാങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകുന്ന മെഡൽ 31 പേർക്ക് സമ്മാനിച്ചു. ഫിക്കി അവാർഡിന് അഞ്ചു പേരും മികച്ച രീതിയിൽ ഫയൽ തീർപ്പാക്കിയതിന് 16 പേരുമാണ് അവാർഡിന് അർഹരായത്. ഈ പുരസ്‌ക്കാരം നിർണയിച്ചതിൽ തന്നെ രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്ന ആരോപണങ്ങളും ഉയർന്നുണ്ട്. അനർഹരും പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ചതാണ് വിവാദമായത്.

പൊലീസ് സ്‌റ്റേഷനിൽ വെച്ച് ഗർഭിണിയായ സഹപ്രവർത്തകയെ ചവിട്ടിയ സിഐക്ക് അടക്കം സംസ്ഥാന സർക്കാറിന്റെ ശുപാർശയിൽ കേന്ദ്ര പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. കൂടാതെ സിപിഎം നേതാവുമായി ബന്ധമുള്ള മറ്റൊരു വനിതാ ഉദ്യോഗസ്ഥക്കും പുരസ്‌ക്കാരം ലഭിച്ചു. കരിപ്പൂർ വിമാന അപകടം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം ലഭിച്ചതിനാണ് ശ്രീജ എന്ന ഉദ്യോഗസ്ഥക്ക് പുരസ്‌ക്കാരം ലഭിച്ചത്. അതേസമയം ഇവർ അപകട സമയം അവിടെ ഉണ്ടായിരുന്നില്ലെന്ന് പോലും ആരോപണം ഉണ്ട്.

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവരെ തഴഞ്ഞു, സ്ഥലത്തില്ലാത്തവർക്ക് പുരസ്‌ക്കാരം

2020 ഓഗസ്റ്റ് 7 ന് ഉണ്ടായ കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻ പുരസ്‌കാര പട്ടികയിലാണ് മഞ്ചേരി സിഐ ആയിരുന്ന അലവിയും അന്ന് വാഴക്കാട് സിവിൽ പൊലീസ് ഓഫീസർ ആയരുന്ന കെ ശ്രീജയും ഇടംപിടിച്ചത്. ഈ പട്ടികയ്‌ക്കെതിരെ പൊലീസുകാർക്കിടയിൽ അന്ന് തന്നെ അമർഷം ഉണ്ടായിരുന്നു. ശ്രീജ അന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നില്ല. അന്ന് അവധിലായിരുന്നു അവർ. സി അലവിയാകട്ടെ രക്ഷാപപ്രവർത്തനം നടക്കുന്നിടത്തേക്ക് തിരിഞ്ഞു നോക്കിയതുമില്ല.

പുരസ്‌ക്കാര ലിസ്റ്റിൽ അനർഹർ കടന്നുകൂടിയത് മുമ്പും വിവാദമായിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി ലഭിക്കുകയും സംഭവം വാർത്തയാകുകയും ചെയ്തതിനെത്തുടർന്ന് പുരസ്‌കാര വിതരണം തത്കാലികമായി അന്ന് മരവിപ്പിച്ചു. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത പലരെയും പട്ടികയിൽനിന്നും ഒഴിവാക്കുകയും അനർഹരെ തിരുകി കയറ്റുകയുമായിരുന്നു. അന്ന് പൊതുസമൂഹത്തിന്റെ കൈയടി നേടിയ നിരവധി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും അവരെ തഴഞ്ഞാണ് സഖാക്കളുടെ ഇഷ്ടക്കാർ പട്ടികയിൽ ഇടംപിടിച്ചത്.

വിമാനാപകടമല്ലാത്ത മറ്റ് ഇൻവെസ്റ്റിഗേഷനുള്ള മെഡലുകൾക്കിടയിൽ മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെത്തുടർന്നു മരവിപ്പിച്ച ലിസ്റ്റിലുള്ളവരെ തിരുകികയറ്റി. സംസ്ഥാന സർക്കാറിന്റെ ശുപാർശയിൽ ഈ പുരസ്‌ക്കാരം ഇന്നലെ വിതരണം ചെയ്യുകയുമായിരുന്നു. രക്ഷാ പ്രവർത്തനം നടക്കുമ്പോൾ പരിസര പ്രദേശത്തുപോലും ഇല്ലാതിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയായി വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള സിഐ സി. അലവിയും അന്നേ ദിവസം അവധിയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ കെ ശ്രീജയും പുരസ്‌കാരലിസ്റ്റിൽ കയറിക്കൂടിയത് അന്ന് വിവാദമായിരുന്നു. മറ്റ് ഇൻവെസ്റ്റിഗേഷനുള്ള മെഡലുകൾക്കിടയിൽ ഇവരെ തിരുകികയറ്റുകയാണ് ചെയ്തത്. സിപിഎം ഏരിയാ സെക്രട്ടറിയാണ് കെ ശ്രീജയുടെ സഹോദരൻ. ഇതുകൊണ്ടാണ് പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ചതെന്നുമാണ് ആരോപണം.

സി ഐ അലവിക്കെതിരെ ഉയർന്ന് നിരവധി ആരോപണങ്ങൾ

കസ്റ്റഡി മർദ്ദനം ഉൾപ്പടെയുള്ള നിരവധി ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് ബാഡ്ജ് ഓഫ് ഓണർ പുരസ്‌ക്കാരം നേടിയ സി ഐ അലവി. നിലമ്പൂർ സ്റ്റേഷനിൽ ഇരിക്കവേ പൊലീസുകാരിയുടെ സഹോദരനെ കസ്റ്റഡിയിൽ മർദ്ദിക്കുകയും ഗർഭിണിയായ പൊലീസുകാരിക്കും മർദ്ദനമേൽക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. തേഞ്ഞിപ്പാലത്ത് വിവാദ പോക്‌സോ കേസിലും ആരോപണ വിധേയനായിരുന്നു ഇദ്ദേഹം.

മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ ഇര ജീവനൊടുക്കി സംഭവത്തിലായിരുന്നു സി ഐ അലവി ആരോപണ വിധേയനായത്. കേസിൽ പൊലീസിന്റെ സമീപനം അതീവ മോശമായിരുന്നു എന്നു വ്യക്തമാക്കും വിധത്തിൽ കത്തെഴുതി വച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഈ കുറിപ്പിൽ കുറ്റപ്പെടുത്തിയത് സി ഐ അലവിയെ ആയിരുന്നു. മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചു എന്നായിരുന്നു അന്ന് ഈ ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണം.

പത്തുമാസം മുമ്പ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണ് പുറത്തു വന്നത്. സിഐക്കെതിരെയുള്ള ഓരോ പരാതിയും ആരോപണങ്ങളും കത്തിൽ വ്യക്തമായി പറയുന്നുണ്ട്. കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രതിശ്രുത വരനോടാണ് പെൺകുട്ടി പീഡന വിവരം ആദ്യം തുറന്ന് പറയുന്നത്. തുടർന്ന് കേസിലെ കേസിലെ മൊഴിയെടുക്കാനെന്ന് പറഞ്ഞ് വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പിന്നീട് പൊലീസ് സ്റ്റേഷനിൽ സംഭവിച്ചത് മറ്റുചില കാര്യങ്ങളാണെന്നാണ് പെൺകുട്ടി പറയുന്നത്. വരനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. മോശം സ്ത്രീയാണെന്ന് പറയുകയും വിവാഹം കഴിക്കേണ്ടെന്ന് സിഐ ആവശ്യപ്പെടുകയും ചെയ്തു. പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി കത്തിൽ പറയുന്നു.

കേസിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ, നാട്ടുകാരോട് പീഡനവിവരം നാട്ടുകാരോടെല്ലാം ഉറക്കെ പറഞ്ഞ് അറിയിച്ചു. അങ്ങനെ തന്നെ അപമാനിച്ചു. ഇതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പീഡിപ്പിച്ച പ്രതികളും ആണെന്നും പെൺകുട്ടി കത്തിൽ പറയുന്നു. പ്രതികൾ ഓരോരുത്തരുടെയും പേരും പെൺകുട്ടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മയെയും കേസിൽ പ്രതിയാക്കുമെന്നും സിഐ ഭീഷണിപ്പെടുത്തി. കേസിന് ശേഷം പല രീതിയിൽ ഉമ്മയെയും തന്നെയും ആളുകൾ വിളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ജീവിക്കാൻ താത്പര്യമില്ലെന്നും പെൺകുട്ടി കത്തിൽ ആരോപിച്ചിരുന്നു.

ഇങ്ങനെയൊക്കെ കളങ്കിത വ്യക്തിയായിട്ടും സി ഐ അലവിയെ തുണച്ചത് സിപിഎം ബന്ധമാണെന്നാണ് ഉയരുന്ന ആരോപണം. പൊലീസ് മെഡൽ സിപിഎമ്മിന് ഓശാന പാടുന്നവർക്ക് മാത്രമാണ് നൽകുന്നതെന്നും പൊലീസ് സേനക്കുള്ളിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.