പത്തനംതിട്ട: കസ്റ്റഡിയിലുള്ളവരെയോ കേസുകളിലെ പ്രതികളെയോ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ പൊലീസ് പുറത്തിറക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ പുറപ്പെടുവിച്ചിരിക്കുന്ന 15 നിർദ്ദേശങ്ങളിൽ പ്രതി അക്രമാസക്തനായാൽ പൊലീസ് എന്തു ചെയ്യണമെന്ന് മാത്രം പറയുന്നില്ല! പക്ഷേ, ഇത്തരക്കാരെ നേരിടാനുള്ള പരിശീലനം കൊടുക്കണമെന്ന് പറയുന്നുണ്ട് താനും.

ചില നിർദ്ദേശങ്ങൾ ആകപ്പാടെ കോമഡിയാണെന്ന് പൊലീസ് സേനയിൽ ഉള്ളവർ തന്നെ പറയുന്നു. എട്ടാമത്തെ നിർദ്ദേശം ഇങ്ങനെയാണ്. കസ്റ്റഡിയിലുള്ള അക്രമാസക്തമായ പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കുന്നതോ പ്രകടിപ്പിക്കാൻ സാധ്യതയുള്ളതോ ആയ വ്യക്തികളുടെ വൈദ്യ പരിശോധന ആരംഭിക്കുന്നതിന് മുൻപ്, ആയുധമായി ഉപയോഗിച്ച് സ്വയം മുറിവ് ഉണ്ടാക്കുന്നതിനോ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ ഉപയോഗിച്ചേക്കാവുന്ന കത്രിക, കത്തി തുടങ്ങിയ ഉപകരണങ്ങൾ മറ്റ് വസ്തുക്കൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മെഡിക്കൽ ഓഫീസറോട് നിർദ്ദേശിക്കാവുന്നതാണ്.

ഈ നിർദ്ദേശം മെഡിക്കൽ ഓഫീസർക്ക് പാലിക്കാൻ കഴിയാത്തതാണെന്ന് പൊലീസ് സേനയിലുള്ളവർ പറയുന്നു. മുറിവ് പറ്റിയ ആളാണെങ്കിൽ ഡ്രസ് ചെയ്യാൻ വേണ്ടി വരുന്ന ഈ ഉപകരണങ്ങൾ ഉപയോഗിച്ചേ മതിയാകു. അതിനിടെ അക്രമാസക്തനായ പ്രതിക്ക് ഇത് കൈക്കലാക്കുന്നതിന് വലിയ പ്രയാസമൊന്നും വരില്ല.

ഏഴാമത്തെ നിർദ്ദേശം: അക്രമാസക്തമായ പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കുന്നതോ പ്രകടിപ്പിക്കാൻ സാധ്യതയുള്ളതോ ആയ കസ്റ്റഡിയിലുള്ള വ്യക്തികളെ പരിശോധിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്ന് മെഡിക്കൽ ഓഫീസർ സാധുവായ പ്രത്യേക നിർദ്ദേശം നൽകുന്ന സാഹചര്യത്തിലല്ലാതെ ഒരു കാരണവശാലും ഈ വ്യക്തികളുടെ സമീപത്ത് നിന്നും പൊലീസ് ഉദ്യോഗസ്ഥൻ മാറി നിൽക്കുവാൻ പാടുള്ളതല്ല. വിട്ടു നിൽക്കേണ്ട സാഹചര്യമുണ്ടായാൽ ആ വ്യക്തികളെ കാണാൻ കഴിയുന്ന അകലത്തിലും അക്രമം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ അയാളെ വരുതിയിലാക്കുവാൻ കഴിയുന്ന അകലത്തിൽ നിൽക്കേണ്ടതും അത്തരം സാഹചര്യത്തിൽ മെഡിക്കൽ ഓഫീസറുടെ ഉത്തരവിന് കാത്തു നിൽക്കാതെ ഉടനടി പ്രവർത്തിക്കേണ്ടതുമാണ്.

പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കാൻ സാധ്യതയുള്ളവരുടെ മെഡിക്കൽ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങൾ എടുക്കണം. മജിസ്ട്രേറ്റിന് മുന്നിൽ ഇത്തരം വ്യക്തികളെ ഹാജരാക്കുമ്പോൾ ഈ പ്രോട്ടോക്കോളുകൾ ഉചിതമായും സൂക്ഷ്മമായും പാലിക്കണം. ഇവർക്ക് കൈവിലങ്ങ് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി വാങ്ങണം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സമയങ്ങളിലോ അല്ലാത്തപ്പോഴോ ഇത്തരം വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യം വന്നാൽ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഓരോ വർഷവും ഓരോ നിശ്ചിത കാലയളവിലേക്ക് നിർബന്ധിത സ്വയം പ്രതിരോധ പരിശീലനം നൽകണം. ഈ വർഷത്തെ ഇത്തരം പരിശീലനങ്ങൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കേണ്ടതുണ്ടെന്നും സർക്കുലറിൽ പറയുന്നു.

അക്രമിക്കെതിരേ മതിയായ ബലപ്രയോഗം വേണമെന്ന് ഉത്തരവിൽ ഒരിടത്തും പറയുന്നില്ല. കൊട്ടാരക്കരയിൽ സംഭവിച്ചതു പോലെ പ്രതി അക്രമാസക്തനായാൽ വെടി വച്ചു വീഴ്‌ത്താനോ ആയുധം ഉപയോഗിച്ച് കീഴ്പ്പെടുത്താനോ പറയുന്നില്ല. അതിന് തക്കതായ പരിശീലനം നൽകാനുള്ള നിർദ്ദേശവുമില്ല. ഇത്തരമൊരു ഉത്തരവ് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് സേനയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.