- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ എണ്ണാൻ ഇനി പൊലീസ് ഇറങ്ങും; അപകടകരമായ കുഴികളുടെ എണ്ണമെടുക്കാൻ പൊലീസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം; റോഡ് നിർമ്മാണത്തിന്റെ പരിശോധനാ സാമ്പിളുകൾ എടുത്ത വിജിലൻസ് കണ്ടെത്തിയതും ഞെട്ടിക്കുന്ന ക്രമക്കേടുകൾ
തിരുവനന്തപുരം: 'പശവച്ചാണോ റോഡിലെ കുഴികൾ അടയ്ക്കുന്നത്?' കൊച്ചിയിലെ റോഡുകളെ കുറിച്ച് ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് ചോദിച്ചത് സമീപകാലത്താണ്. റോഡിലെ കുഴികൾ അടയ്ക്കാൻ പേരു മാറ്റി 'കെ- റോഡ്' എന്നാക്കണോ എന്നും സർക്കാരിനോടു ഹൈക്കോടതി പരിഹാസ രൂപേണ ചോദിച്ചിരുന്നു. സഞ്ചരിക്കാൻ പറ്റാത്തവിധം പലയിടത്തും റോഡുകൾ തകർന്നു കിടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ആറ് മാസത്തിനകം റോഡ് താറുമാറായാൽ വിജിലൻസ് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിന് പിന്നാലെ 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകത്തിനൊപ്പം 'ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പത്രപരസ്യം വന്നതും റോഡുകളുടെ മോശം അവസ്ഥ ചർച്ചാവിഷയമാക്കാൻ സഹായിച്ചു. എന്തായാലും സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിർദ്ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാർ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാൻ എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.
ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.
ഈ മാസം 17 ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉൾപ്പെടെ 116 റോഡുകൾ വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. റോഡ് കോർ കട്ട് ചെയ്തു ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് കിട്ടിയതിന് ശേഷം എം ബുക്കുമായി ഒത്തു നോക്കി ക്രമക്കേടുകൾ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചിരുന്നു.
എല്ലാ വിജിലൻസ് യൂനിറ്റ് മേധാവികളും സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നിർമ്മാണം- അറ്റകുറ്റപ്പണികൾ കഴിഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകൾ തിരഞ്ഞെടുത്തു പരിശോധിക്കണമെന്നാണ് നിർദ്ദേശം നൽകിയത്. റോഡിലെ ടാറിന്റെ കോർ കട്ട് സാമ്പിളുകൾ മിന്നൽ പരിശോധനയിൽ എടുത്തു.
സംസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്ന റോഡുകളിൽ ഗ്രേഡ് മെറ്റൽ ഉപയോഗിക്കാതെയും ടാർ നിശ്ചിത അളവിൽ ഉപയോഗിക്കാതെയും പണി ചെയ്യുന്നതായും അതുവഴി റോഡുകളുടെ ആയുസ് കുറഞ്ഞു പോകുന്നതായും പരിശോധനയിൽ വ്യക്തമായി. അതിന്റെ ഫലമായി കുഴികൾ രൂപപ്പെടുന്നതായും ഓരോ ലയറിന്റെയും കനം ടെൻഡറിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിർമ്മിക്കാതെ കനം കുറച്ചു നിർമ്മിച്ച ശേഷം എഞ്ചീനിയർമാരുമായി ഒത്തുകളിച്ച് എം. ബുക്കിൽ ടെൻഡറിൽ പറഞ്ഞ അതേ കനത്തിലും അതേ നിലവാരത്തിലും ആണ് നിർമ്മാണ സാധനങ്ങൾ ഉപയോഗിച്ചത് എന്ന് രേഖപ്പെടുത്തി ബില്ല് മാറി നിൽക്കുന്നതായും കണ്ടെത്തി.
കരാറുകാർ തോന്നിയ പടി അറ്റകുറ്റപ്പണികൾ ചെയ്യുന്നതു കാരണം, സംസ്ഥാനത്ത് നടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളിൽ ഭൂരിഭാഗവും വാറണ്ടി കാലാവധിയായ ആറുമാസത്തിനുള്ളിൽ തന്നെ പൊളിഞ്ഞു പോകുന്നു. ആറു മാസങ്ങൾക്ക് ശേഷം എഞ്ചിനീയർമാർ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വീണ്ടും ടെൻഡറുകൾ നൽകുന്നത് വഴി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിൻബലത്തിൽ ചില കരാറുകാർ ടെൻഡറിൽ പറഞ്ഞിരിക്കുന്ന അളവിലും കനത്തിലും റോഡ് പണികൾ ചെയ്യാറില്ലെന്നും ചില കരാറുകാർ നിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ റോഡ് നിർമ്മാണത്തിനും പണികൾക്കും ഉപയോഗിച്ച് വരുന്നതായും റോഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി നൽകേണ്ട ചില എൻജിനീയർമാർ കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമല്ലാതെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും സാങ്കേതിക അനുമതി നൽകിവരുന്നതായി വിവരം ലഭിച്ചതിന്റെ കൂടി അടിസ്ഥാനത്തിലായിരുനിനു വിജിലൻസിന്റെ മിന്നൽ പരിശോധന.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ