തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ സുരക്ഷാപദ്ധതി ചോർന്നതിൽ കേന്ദ്ര ഏജൻസികൾ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ കേസെടുത്ത് പൊലീസ്. ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണ് കേസെടുത്തത്. ഇന്റലൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് ചോർന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസെടുത്ത കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും വിശദീകരിച്ച് സംസ്ഥാന പൊലീസ് ഇന്റലിജൻസ് മേധാവി തയാറാക്കിയ 49 പേജ് റിപ്പോർട്ട് ചോർന്നു എന്ന വിവരം തിരിച്ചറിഞ്ഞത് ഒരു മാധ്യമത്തിൽ വാർത്ത വന്നതോടെയാണ്. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നത് വലിയ സുരക്ഷാ വീഴ്ചയാണ്.

വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങളും ഇതിൽ അടങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതാണ് പൊലീസിനെ കുഴപ്പിച്ചത്.

ഗുരുതര സുരക്ഷാവീഴ്ചയിൽ സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) അടക്കമുള്ള കേന്ദ്ര ഏജൻസികൾ അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സുരക്ഷാപദ്ധതി പുനഃക്രമീകരിച്ചു. ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ്കുമാർ തയാറാക്കിയ റിപ്പോർട്ടിൽ പ്രധാനമന്ത്രി പോകുന്ന വഴികൾ, വിശ്രമിക്കുന്ന സ്ഥലങ്ങൾ, സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ, ഭക്ഷണം പരിശോധിക്കാൻ ചുമതലപ്പെട്ടവരുടെ വിവരങ്ങൾ തുടങ്ങിയവയുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കെതിരെ വിവിധ സംഘടനകളിൽ നിന്നുള്ള ഭീഷണികൾ ഉൾപ്പെടെയുള്ള ഇന്റലിജൻസ് വിവരങ്ങളും ചേർന്ന രേഖകളിലുണ്ട്. പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്‌ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

കേരളത്തിൽ നിന്നുള്ള യുവതി യുവാക്കൾ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ വഴിയുള്ള ആക്രണത്തിനുള്ള സാധ്യതയും റിപ്പോട്ടിലുണ്ട്. പ്രധാനമന്ത്രിക്കെതിരെ ചാവേർ ആക്രമണം നടത്തുമെന്ന് ബിജെപി ഓഫീസിലെത്തിയ കത്തും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ ഉൾപ്പെട്ട എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് റിപ്പോർട്ട് കൈമാറിയിരുന്നത്. ഒരു ടിവി ചാനൽ ഈ റിപ്പോർട്ടിനെക്കുറിച്ച് വാർത്ത നൽകിയപ്പോഴാണ് ഇതു ചോർന്ന വിവരം ശ്രദ്ധയിൽപെട്ടത്.

സുരക്ഷാ പദ്ധതി സന്ദേശം വാട്‌സാപ് വഴി പുറത്തുകൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി നീരീക്ഷണത്തിലാക്കിയിരുന്നു. ഒരു ഡിവൈഎസ്‌പിയുടെ ഓഫിസിലെ സിവിൽ പൊലീസ് ഓഫിസറാണു വാട്‌സാപ് വഴി വിതരണം ചെയ്‌തെന്നാണു വിവരം. ഈ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നതിനും നടപടിയെടുക്കുന്നതിനും ഉന്നതതലത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.