- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ നഴ്സിങ് ഹോമിൽ ബ്ലീഡിങുമായി എത്തിയ യുവതി പറഞ്ഞത് വീട്ടിൽ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചുവെന്നും; പൊലീസ് പരിശോധന നടത്തിയപ്പോൾ കണ്ടത് ബക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന നവജാത ശിശുവിനെ; അമ്മയും നിരീക്ഷണത്തിൽ; സംഭവം ചെങ്ങന്നൂരിൽ; യുവതിക്ക് എതിരെ കേസ്
ചെങ്ങന്നൂർ: അമ്മ പ്രസവിച്ച് വീടിനുള്ളിൽ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ബ്ലീഡിങ്ങിനെ തുടർന്ന് സ്വകാര്യ നഴ്സിങ് ഹോമിൽ ചികിൽസ തേടിയ യുവതിയാണ് താൻ വീട്ടിൽ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞത്. അങ്ങാടിക്കലിലുള്ള സ്വകാര്യ നഴ്സിങ് ഹോം അധികൃതർ വിവരം ചെങ്ങന്നൂർ പൊലീസിനെ അറിയിച്ചു. അവർ നടത്തിയ തെരച്ചിലിൽ ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കോട്ടയിലെ വാടകവീട്ടിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ ഇൻസ്‌പെക്ടർ വിപിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തി പരിശോധിക്കുന്ന സമയം കുളിമുറിയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്.
ചൊവ്വാഴ്ച രാവിലെയാണ് യുവതി സ്വകാര്യ നഴ്സിങ് ഹോമിൽ ചികിൽസ തേടി എത്തിയത്. യുവതിയുടെ വിശദീകരണത്തിൽ ജീവനക്കാർക്ക് സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. സ്വന്തം വീട് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നതിനാൽ വാടക വീട്ടിലാണ് താമസം. ഇവിടെ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. യുവതിക്ക് മൂത്ത ഒരു മകൻ കൂടിയുണ്ട്. മാതാപിതാക്കൾക്കൊപ്പമാണ് താമസം. യുവതിക്ക് വിവാഹത്തിന് കൊടുത്ത സ്വർണം മാറ്റി മുക്കുപണ്ടം നൽകി ഭർത്താവ് പറ്റിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവർ തമ്മിൽ അകന്നതെന്നും പറയുന്നു.
അമ്മയും കുഞ്ഞും പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും നിരീക്ഷണത്തിലാണ്. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം, ആറന്മുള പൊലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറന്മുള പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ സി കെ മനോജ് എസ് ഐ അലോഷ്യസ് ,ഹരീന്ദ്രൻ ,എഎസ് ഐ ജയകുമാർ, എസ്‌പിപിഒ സലിം , സിപിഒ ഫൈസൽ, മനു ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ എസ്‌ഐ അഭിലാഷ് അജിത് ഖാൻ,ഹരീഷ് ജിജോ സാം എന്നിവർ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്