കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം തന്റെ ഡ്രൈവറെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായ പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. ഡ്രൈവർ നൽകിയ പരാതി വ്യാജമാണെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എ.സി.പി കൊട്ടാരക്കര എസ്.സി/എസ്.ടി കോടതിയിൽ റിപ്പോർട്ട് നൽകി. വിഷ്ണു സുനിലിന്റെ വീട്ടിലെ ശബ്ദ റെക്കോർഡിങ് സഹിതമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ ഫോറൻസിക് സയൻസ് ലാബ് ഫലം സഹിതമാണ് പൊലീസ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ഓണക്കാലത്ത് വിഷ്ണു സുനിൽ തന്നെ അസഭ്യം വിളിച്ചതിന് പുറമേ ജാതിപ്പേര് പറഞ്ഞ് അക്ഷേപിച്ച ശേഷം ക്രൂരമായി മർദ്ദിച്ചുവെന്നായിരുന്നു ഡ്രൈവറുടെ പരാതി. കൃത്യമായി അന്വേഷിക്കാതെ കൊല്ലം വെസ്റ്റ് പൊലീസ് വിഷ്ണു സുനിലിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. വിഷ്ണു സുനിൽ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഹാജരാക്കിയതോടെ കൊട്ടാരക്കര എസ്.സി /എസ്.ടി കോടതി വിഷ്ണുസുനിലിന് മുൻകൂർ ജാമ്യം അനുവദിച്ചു.

രാഷ്ട്രീയപ്രേരിതമായ കേസാണെന്ന് അന്ന് കോടതി പൊലീസിനെ വിമർശിക്കുകയും ചെയ്തു. തുടർന്ന് കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം വിഷ്ണു സുനിലിന്റെ വീട്ടിലെത്തി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ പരാതിയിൽ പറയുന്ന ഒരു കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി. എങ്കിലും ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അറിയാൻ നിരീക്ഷണ ക്യാമറ സംവിധാനം ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു.

ഫോറൻസിക് പരിശോധന വൈകുന്നതിനെതിരെ വിഷ്ണു സുനിൽ ഹൈക്കോടതിയെ സമീപിച്ചു. ഇക്കഴിഞ്ഞ മാർച്ച് 20ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഒരുമാസത്തിനകം എഫ്.എസ്.എൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് പൊലീസ് എഫ്.എസ്.എൽ റിപ്പോർട്ട് സഹിതം പരാതി വ്യാജമാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയത്. സിപിഎം വനിതാ നേതാവിന്റെ ആഡംബര ഹോട്ടൽവാസം പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് വിഷ്ണുസുനിൽ പന്തളം പറഞ്ഞു.

വിഷ്ണുവിന്റെ ഡ്രൈവറായിരുന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി മുരുകാനന്ദനാണ് എസ്.സി/എസ്.ടി കമ്മീഷന് പരാതി നൽകിയത്. കഴിഞ്ഞ 12 വർഷമായി വിഷ്ണുവിന്റെ ഡ്രൈവറാണ് മുരുകാനന്ദ. പട്ടിക ജാതി വിഭാഗക്കാരനായ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തി. സാമ്പത്തികമായി ഏറെ പിന്നോക്കം നിന്ന തന്നെകൊണ്ട് പാത്രം വൃത്തിയാക്കിക്കുക. എതിർ കക്ഷിയുടെ ചെരിപ്പ് വൃത്തിയാക്കിക്കുക. കുട്ടികളുടെ മലവിസർജ്യം വാരിപ്പിക്കുകയും നിർബന്ധപൂർവം പുറം ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. എന്തെങ്കിലും എതിർത്തു പറഞ്ഞാൽ ക്രൂരമായി മർദിക്കുക കൂടി ചെയ്തിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നതുകൊണ്ട് ജോലി ഏറെ അത്യാവശ്യമായതു കൊണ്ടാണ് അവിടെ തുടർന്നതെന്നും പരാതിയിൽ ഉണ്ടായിരുന്നു. എന്നാൽ, കള്ളപ്പരാതി എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.