അടൂർ: രാത്രിയിൽ ഐസ്‌ക്രീം പാർലറിൽ വന്ന യുവതികളോട് മോശമായി പെരുമാറുകയും പിന്നാലെ ചെന്ന് ശല്യപ്പെടുത്തുകയും ചെയ്ത റിട്ട.ഐബി ഉദ്യോഗസ്ഥൻ അടക്കമുള്ളവർക്കെതിരായ പരാതി മുക്കി അടൂർ പൊലീസ്. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐസ്‌ക്രീം പാർലറിൽ വന്ന രണ്ടു യുവതികളോടാണ് റിട്ട. ഐ.ബി ഉദ്യോഗസ്ഥനും സുഹൃത്തും മോശമായി പെരുമാറിയത്.

തുടർന്ന് ചേന്നമ്പള്ളി ജങ്ഷനിലേക്ക് പോയ യുവതികളെ ഇവർ ഇന്നോവ കാറിൽ പിന്തുടർന്നു. അസഭ്യം പറയുകയും കാറിൽ വരുന്നോ എന്ന് ചോദിക്കുകയും ചെയ്തു. അടൂരിൽ ഇപ്പോൾ പ്രശസ്തമായിട്ടുള്ള ആശുപത്രിയിലെ ജീവനക്കാരികളോടാണ് മോശം പെരുമാറ്റം നടന്നത്. യുവതികൾ ഉടൻ തന്നെ പൊലീസിൽ വിളിച്ച് പരാതി അറിയിച്ചു. ഇന്ന് പരാതി രേഖാമൂലം നൽകി. എന്നാൽ, ഇതു വരെ കേസ് എടുത്തിട്ടില്ല.

യുവതികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടില്ലെന്നും അടൂർ എസ്എച്ച്ഓ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ഇതേപ്പറ്റി കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. വിഷയം തിരക്കി സ്റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകരോട് പരാതി കെട്ടിച്ചമച്ചതാണെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഒരു എസ്ഐ അടക്കമുള്ളവർ കുറ്റാരോപിതരെ രക്ഷിക്കാൻ രംഗത്തുണ്ടെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗങ്ങളും വിവരം റിപ്പോർട്ട് ചെയ്തു.

അതേ സമയം, പരാതിയിൽ ആരോപിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴകുളം തെങ്ങുംതാരയിലുള്ള റിട്ട. ഐ.ബി ഇൻസ്പെക്ടറും സുഹൃത്തുമാണ് മോശം പെരുമാറ്റം നടത്തിയിട്ടുള്ളത്. ഇവരെ നാളെ സ്്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ടെന്നും പറയുന്നു. ആശുപത്രി ഉടമയും കേസ് ഒതുക്കാൻ ഇടപെട്ടിട്ടുണ്ടത്രേ. അടൂർ സ്റ്റേഷനിലെ ഒരു പൊലീസ് ഉന്നതന്റെ ബന്ധുവും ഈ ആശുപത്രിയിൽ ചികിൽസയിലുണ്ട്. അതു കാരണം പരാതി മുക്കാനുള്ള നീക്കമാണ് നടക്കുന്നത്.