- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോലീസിലും വ്യാജരേഖ; പോലീസ് ഹൗസിങ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉപയോഗിച്ചെന്ന് പോലീസിനുള്ളില്‍ നിന്നും പരാതി; സംഘങ്ങള്‍ പിടിച്ചെടുക്കാന്‍ ഭരണാനുകൂലര് ചെയ്യുന്നത് അട്ടിമറിയോ? സെക്രട്ടറിയേറ്റില്‍ സ്വാധീനമുണ്ടെങ്കില്‍ വ്യാജ രേഖാ നിര്‍മ്മാണം കുഴപ്പമില്ലേ?
തൃശൂര്‍: കേരള പോലീസ് ഹൗസിങ് സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി. വോട്ട് ചെയ്യാനെത്തുന്ന അംഗങ്ങള്‍ക്ക് അനധികൃതമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായാണ് മത്സരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ക്കും തൃശൂര്‍ ഈസ്റ്റ് പോലീസിലും നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസുകാര്‍ വ്യാജ കാര്‍ഡ് ഉന്നത ഉദ്യോഗസ്ഥന് കൈമാറുന്ന വീഡിയോ ദൃശ്യം തെളിവായി ഉണ്ടെന്നാണ് പരാതി. സെക്രട്ടറിയേറ്റില്‍ പിടിപാടുള്ള പോലീസുകാരനെതിരെയാണ് ആരോപണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി കാര്‍ഡ് കൈമാറുകയും നിയമവിരുദ്ധമായി കാര്‍ഡ് കൈപ്പറ്റുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ പോളിംഗ് രേഖപ്പെടുത്തിയെന്നവകാശപ്പെട്ട് സംസ്ഥാന നേതാവിന്റെ വാട്‌സ് ആപ് സന്ദേശവും ചര്‍ച്ചകളിലുണ്ട്. എന്നാല്‍ 56,000 ലധികം അംഗങ്ങള്‍ ഉള്ള സംഘത്തില്‍ വേണ്ടപ്പെട്ടവര്‍ക്കും സ്തുതിപാഠകര്‍ക്കും മാത്രം കാര്‍ഡ് വിതരണം ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്ത് നടത്തിയ തെരഞ്ഞെടുപ്പ് പക്രിയ വന്‍ വിജയമായി എന്ന അവകാശ വാദത്തെ തള്ളുകയാണ് മറു വിഭാഗം. സിപിഎം നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും രണ്ടു വിഭാഗങ്ങള്‍ പോലീസില്‍ സജീവമാണ്. ചില ജില്ലകളില്‍ പോലീസ് സഹകരണ സംഘങ്ങള്‍ കോണ്‍ഗ്രസ് അനുകൂലികള്‍ പിടിച്ചെടുത്തിരുന്നു. ഭരണത്തില്‍ ഇരിക്കുന്ന പക്ഷത്തേക്ക് ചായുന്ന സ്വഭാവം ഈ പോലീസിനുള്ളിലെ തിരഞ്ഞെടുപ്പില്‍ കണ്ടില്ല. ഇതെല്ലാം സര്‍ക്കാരിനെതിരായ പോലീസ് സേനയിലെ അമര്‍ഷമായി വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിലാണ് തൃശൂരിലെ പരാതിയും സജീവ ചര്‍ച്ചയാകുന്നത്. ഇടുക്കിയിലും സമാന ആരോപണം ഉയര്‍ന്നു.
തിരിച്ചറിയല്‍ കാര്‍ഡില്‍ സംഘത്തിന്റെ സെക്രട്ടറിയുടെ പേരിലുള്ള ഒപ്പ് തന്നെ പല തരത്തിലാണ്. സംഘത്തില്‍ നിന്നും വിതരണം ചെയ്ത കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കിയപ്പോള്‍ കോഴിക്കോട് മേഖലകളില്‍ എഴുതിയ കാര്‍ഡുകള്‍ ആണ് നല്‍കിയത്. അനധികൃതമായി തയ്യാറാക്കിയ കാര്‍ഡുകളില്‍ കടന്നു കൂടിയ തെറ്റുകള്‍ പിടിക്കപ്പെട്ടപ്പോള്‍ ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം കൊള്ളാമെന്ന വാദവും പരാതിക്കാര്‍ക്കുണ്ട്. ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വര്‍ഷങ്ങളായി എച്ച് ആര്‍ എ വാങ്ങിയതും സീനിയോരിറ്റി മറികടന്ന് പ്രൊമോഷന്‍ വാങ്ങിയതുമൊക്കെ ക്ലറിക്കല്‍ മിസ്റ്റേക്ക് തന്നെ ആയിരുന്നല്ലോ? എന്ന പരിഹാസവും ഉയരുന്നുണ്ട്. 56000 വോട്ടുള്ള സഹകരണ സംഘത്തില്‍ ഇരുപതിനായിരത്തില്‍ താഴേ മാത്രമേ വോട്ടു ചെയ്തുള്ളൂവെന്നാണ് ഉയരുന്ന ആരോപണം.
സംഘത്തിന്റെ ഹെഡ് ഓഫീസില്‍ നിന്നും വിതരണം ചെയ്ത ഐഡി കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ എന്നിരിക്കെ പലര്‍ക്കും ഇന്‍സ്റ്റന്റ് കാര്‍ഡുകള്‍ നല്‍കിയായിരുന്നു നിങ്ങള്‍ ജനാധിപത്യം നടപ്പിലാക്കിയത്. ഇത്തരത്തില്‍ അനധികൃതമായി ഐഡി കാര്‍ഡുകള്‍ നല്‍കി വോട്ട് രേഖപ്പെടുത്തി സംഘം ഭരണം നിലനിര്‍ത്താന്‍ സഹകരണ വകുപ്പിനെ കൂട്ടുപിടിച്ച് നടത്തിയ ശ്രമം ജനാധിപത്യ ധ്വസംനമാണെന്നാണ് വിമത വിഭാഗം ഉയര്‍ത്തുന്ന നിലപാട്. തര്‍ക്കം ഉന്നയിച്ച കാര്‍ഡുകളിലെ ഒപ്പ് 6ബി രജിസ്റ്ററുമായി ഒത്തുനോക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് എന്നതും ചര്‍ച്ചകളിലേക്ക് എത്തുന്നു.
തൃശൂരില്‍ ഒരു ഡെപ്യൂട്ടി കമാന്‍ഡന്റിന് അനധികൃതമായി ഐഡി കാര്‍ഡ് നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പറയുന്നു. അംഗങ്ങള്‍ക്ക് മുഴുവന്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കിയാല്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഭരണാനുകൂല സംഘടന അട്ടിമറി നടത്തുന്നതെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.