തിരുവനന്തപുരം: ഇനി ഗുണ്ടകൾക്ക് നല്ലകാലം തലസ്ഥാന ജില്ലയിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയിരുന്ന പേരൂർക്കട എസ്എപി ക്യാന്പിലെ പെട്രോൾ പമ്പ് അടച്ചുപൂട്ടി. ഇന്ധന കമ്പനിക്ക് വൻ കുടിശിക വരുത്തിയതിനെ തുടർന്ന് കന്പനികൾ ഇന്ധനം നൽകുന്നത് അവസാനിപ്പിച്ചതാണ് പന്പ് അടയ്ക്കാൻ കാരണം. ഫലത്തിൽ കേസ് അന്വേഷണത്തിനും റോന്തു ചുറ്റുന്നതിനും പോലും പൊലീസുകാർക്ക് വാഹനമെടുക്കാൻ ഇന്ധനമില്ലാ അവസ്ഥ വരും. ഇത് കേസ് അന്വേഷണത്തെ പോലും അട്ടിമറിക്കും. കേരളം കുറ്റകൃത്യങ്ങളുടെ താവളമായി മാറും. പിണറായി സർക്കാർ പലവിധ ധൂർത്തുകൾ നടത്തുന്നുണ്ട്. ഇതിനെല്ലാം പണം കണ്ടെത്തുന്നവരാണ് പൊലീസിന്റെ ഇന്ധനം അടിപോലും മുട്ടിക്കുന്നത്.

പൊലീസ് വാഹനത്തിലൊന്നും കേരളത്തിലൂട നീളം അടിക്കാൻ പെട്രോളില്ല. ഇതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിനിടെയാണ് പിണറായി സർക്കാരിന്റെ രണ്ടാം വാർഷകത്തിന് പരസ്യ കോലാഹലങ്ങൾ. എല്ലാ പത്രത്തിലും ചാനലിലും എഫ് എം റേഡിയോയിലും വരെ പിണറായി സർക്കാരിന്റെ ആഘോഷം പരസ്യമാകുന്നു. ഇതിനെല്ലാം കോടികൾ കൊടുക്കുമ്പോഴാണ് പൊലീസ് സ്‌റ്റേഷനിൽ വാഹനങ്ങൾക്ക് പെട്രോൾ അടിക്കാൻ ഇല്ലാത്ത അവസ്ഥ. തിരുവനന്തപുരത്തെ പമ്പ് പൂട്ടിയത് തന്നെ പണമില്ലാത്തതിന്റെ അവസ്ഥയാണ്.

ഒന്നരക്കോടി രൂപയോളം ആഭ്യന്തരവകുപ്പ് എണ്ണ കമ്പനികൾക്ക് കുടിശിക വരുത്തിയിരുന്നു. ഇതാണ് പേരൂർക്കടയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം. പെട്രോൾ പമ്പ് അടച്ചതോടെ സിറ്റിയിലെ പൊലീസ് വാഹനങ്ങൾക്ക് ഇനി എണ്ണ നിറയ്ക്കാൻ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ടി വരും. ഇങ്ങനെ സ്വകാര്യ പമ്പിൽ നിന്നും പെട്രോൾ അടയ്‌ക്കേണ്ട ചുമതല പൊലീസുകാർക്ക് വരികയും ചെയ്യും. കാരണം സ്വകാര്യ പമ്പിൽ നിന്നും ഇന്ധനത്തിനുള്ള തുക സർക്കാരിൽ നിന്നും അനുവദിച്ചിട്ടില്ലെന്നതാണ് വസ്തുത. നേരത്തെ പേരൂർക്കട പമ്പിൽ നിന്നും പെട്രോൾ അടിക്കുന്നതിനാൽ പണത്തെ കുറിച്ച് പൊലീസുകാർക്ക് ചിന്തിക്കേണ്ടതുണ്ടായിരുന്നില്ല.

ബന്ധപ്പെട്ട പൊലീസ് അധികാരികൾ ഇന്ധനം നിറയ്ക്കാൻ ബദൽമാർഗം തേടണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. ഇന്ധന ലഭ്യത കുറഞ്ഞത് പൊലീസ് പട്രോളിംഗിനെ ബാധിക്കാനിടയുണ്ട്. ബദൽ മാർഗത്തിന് സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ടി വരും. സ്വകാര്യ വ്യക്തികളെ ആശ്രയിച്ചും സ്‌പോൺഷിപ്പിലൂടെയും പണം കണ്ടെത്തേണ്ടി വരും. അതിന് കഴിയാത്തവർ സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകി പെട്രോൾ അടിക്കണം. ഈ സാഹചര്യത്തിൽ ബൈക്കുകളിൽ പോലും പെട്രോൾ അടിക്കാൻ പറ്റാത്ത സാഹചര്യം നിലവിൽ വരും. ഇതോടെ പൊലീസുകാരെല്ലാം സ്‌റ്റേഷൻ ഡ്യൂട്ടി ചെയ്യുന്ന അവസ്ഥയാകും ഉണ്ടാവുക.

തിരുവനന്തപുരത്തിന് പുറത്ത് പല ജില്ലകളിലും പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ആറുമാസം പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയവകയിൽ പല ജില്ലകളിലും ഒന്നരക്കോടിയോളം രൂപ പമ്പ് ഉടമകൾക്ക് നൽകാനുണ്ട്. മൂന്നുലക്ഷം രൂപമുതൽ 10 ലക്ഷം രൂപവരെ ലഭിക്കാനുള്ള പമ്പുകളും ഉണ്ട്. വലിയ തുക കുടിശ്ശികയായതിനാൽ പമ്പുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും പണം ലഭിച്ചില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്നും പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചിരുന്നു. എട്ടുമാസത്തെ കുടിശ്ശികയുള്ള കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ ഇപ്പോൾത്തന്നെ പൊലീസിന് ഇന്ധനം നൽകുന്നത് പമ്പുടമ നിർത്തി.

മുമ്പൊക്കെ അതതുമാസങ്ങളിൽ പമ്പുകൾക്ക് പണം നൽകിയിരുന്നു. ലക്ഷങ്ങൾ കുടിശ്ശിക ആയതോടെ പമ്പടുമകളും പ്രതിസ്ധിയിലായി. സർക്കാരിൽനിന്നുള്ള അലോട്‌മെന്റ് വൈകുന്നതാണ് കുടിശ്ശികയ്ക്കു കാരണമെന്ന് പൊലീസിനും അറിയാം. ഇതേ സാഹചര്യം തിരുവനന്തപുരത്തും സൃഷ്ടിക്കുന്നതാണ് പേരൂർക്കടയിലെ പൊലീസ് പെട്രോൾ പമ്പിന്റെ പൂട്ടൽ.