കാസർകോട്: ലോക വനിതാ ദിനത്തിൽ നടനും അഭിഭാഷകനുമായ സി.ഷുക്കൂറും ഭാര്യ ഷീനാ ഷുക്കൂറും മക്കളെ സാക്ഷിയാക്കി സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം രണ്ടാമതും വിവാഹിതരായതോടെ കുടുംബത്തിന് ഭീഷണി ഉയർന്നിരിക്കുകയാണ്. അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്.

പുനർ വിവാഹ വാർത്ത വൈറൽ ആയതോടെ ഷുക്കുർ വക്കീലുനേരെ അതിരൂക്ഷമായ സൈബർ ആക്രമണവും ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. അതിനിടെ ഷുക്കൂറിന്റെ രണ്ടാം വിവാഹം മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചു കൊണ്ടുള്ള കുറിപ്പ് പുറത്തിറക്കി പ്രമുഖ സുന്നി സ്ഥാപനം രംഗത്തുവന്നു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ചാണ് വിവാഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഷൂക്കൂർ വക്കീലിന്റെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം നാടകവും വിരോധാഭാസവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. സ്വത്തിൽ നിന്നും ഒരംശം പോലും തന്റെ സഹോദരന്മാർക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കിലീനെ പുതിയ വിവാഹത്തിന് നിർബന്ധിക്കുന്നതെന്നും ഫത്വ കൗൺസിൽ നോട്ടീസിൽ പറയുന്നു.മതനിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ഇവർ പറയുന്നു.

അതേസമയം മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ലെന്നും, ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ഷൂക്കൂർ വക്കീൽ ഫേസ്‌ബുക്കിൽ കുറിച്ചു. പ്രതിരോധം എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ്‌മെന്റ് ഇറക്കിയവർ മാത്രമായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഷുക്കുർ വക്കീലും ഭാര്യ ഡോ ഷീനയും, സെപ്ഷ്യൽ മാരേജ് ആക്റ്റിലുടെ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ്, സ്വകാര്യമായി നടന്നിരുന്ന ഈ വിഷയം പൊതു ചർച്ചയായത്.

അഡ്വ വി ഷൂക്കൂറിന്റെ ഭാര്യ ഡോ ഷീനയുടെയും ആദ്യവിവാഹം പാണക്കാട് ഹൈദരലി തങ്ങളുടെ കാർമ്മികത്വത്തിൽ മതപരമായ ചടങ്ങളുകളോടെയാണ് നടന്നത്. എന്നാൽ രണ്ടാം വിവാഹം, വനിതാദിനമായ മുന്ന് പെൺമക്കളുടെയും സാന്നിധ്യത്തിൽ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമാണ് നടന്നത്. കാരണം അപ്പോൾ മാത്രമേ മുസ്ലിം വ്യക്തിനിയമം മറികടന്ന് അദ്ദേഹത്തിന് തന്റെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് കൊടുക്കാൻ കഴിയൂ.

അഡ്വ ഷുക്കുറിന് മുന്ന് പെൺകുട്ടികളാണ് ഉള്ളത്. 1937ലെ മുസ്ലിം പേഴ്സൺ ലോ ആപ്ലിക്കേഷൻ ആക്റ്റ് അനുസരിച്ച് ഇദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂന്നിൽ രണ്ടുഭാഗം മാത്രമേ, ഈ പെൺകുട്ടികൾക്ക് കിട്ടുകയുള്ളു. ഷുക്കുറിനും ഷീനക്കും ആൺമക്കൾ ഇല്ലാത്തതിനാൽ ബാക്കി സ്വത്തുക്കൾ പോവുക ഷുക്കൂറിന്റെ സഹോദരങ്ങൾക്കാണ്. വിൽപ്പത്രം എഴുതിവച്ചാൽപോലും അത് നിയമവിധേയം ആവുകയില്ല.

എന്നാൽ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ വിവേചനത്തിൽ നിന്ന് രക്ഷപ്പെടാം. അതുകൊണ്ടാണ് സ്ത്രീയുടെ അന്തസ് ഉയർത്തുക എന്ന കാര്യം ലക്ഷ്യമിട്ട് ഷുക്കുർ വക്കീൽ ലോക വനിതാദിനമായ മെയ് എട്ടിനുതന്നെ വിവാഹം വീണ്ടും രജിസ്റ്റർ ചെയ്തത്. ഇതോടനുബന്ധിച്ച നടന്ന ചർച്ചകളിലാണ് നേരത്തെയും മുസ്ലിം സമുദായത്തിൽ, പെൺമക്കൾ മാത്രമുള്ള പല പ്രമുഖരും ഇതേ രീതിയിൽ വിവാഹം നടത്തിയതായി അറിയുന്നത്.