ചെന്നൈ: ആത്മീയ നേതാവായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ ഓഫീസില്‍ പൊലീസ് പരിശോധന. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. രണ്ട് പെണ്‍മക്കള്‍ യോഗ സെന്ററില്‍ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂര്‍ സ്വദേശിയായ റിട്ട. പ്രൊഫസര്‍ പരാതിയിലാണ് പരിശോധന നടക്കുന്നത്. ചില മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി മക്കളെ അടിമകളാക്കി എന്നാണ് ആരോപണം. ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനാണ് ജഗ്ഗി വാസുദേവ്.

റിട്ട.പ്രൊഫസര്‍ സമര്‍പ്പിച്ച ഹെബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സദ്ഗുരു ജഗ്ഗി വാസുദേവിനോട് ചില ചോദ്യങ്ങള്‍ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. സ്വന്തം മകള്‍ക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഇന്നലെ ചോദ്യം ഉന്നയിച്ചത്. സദ്ഗുരുവിന്റെ മകള്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോള്‍ മറ്റു യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, വി ശിവാഗ്നാനം എന്നിവരാണ് ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. പെണ്‍മക്കളെ സദ്ഗുരു ബ്രെയിന്‍ വാഷ് ചെ്‌യ്ത് സ്ഥിരമായി ഇഷ യോഗ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് റിട്ട. പ്രൊഫസര്‍ ആരോപിച്ചു. കോയമ്പത്തൂരിലെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ അദ്ധ്യാപകനായിരുന്ന എസ് കാമരാജാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

42 ഉം 39 ഉം വയസുള്ള പെണ്‍മക്കള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുകയും, ഇഷ ഫൗണ്ടേഷനില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്നും തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും ബോധിപ്പിച്ചിരുന്നു. തങ്ങളെ മക്കള്‍ ഉപേക്ഷിച്ചതോടെ ജീവിതം നരകമായി മാറിയെന്നാണ് മാതാപിതാക്കളുടെ പരാതി. പതിറ്റാണ്ടോളം പഴക്കമുള്ള കേസില്‍ മുമ്പും പെണ്‍മക്കള്‍ ഇതേ മൊഴിയാണ് നല്‍കിയിരുന്നത്.

എന്തായാലും ജഡ്ജിമാര്‍ കേസ് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിക്കുകയും ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസുകളുടെ സമ്പൂര്‍ണ പട്ടിക തയ്യാറാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ താമസമാക്കിയത് എന്നാണ് ഫൗണ്ടേഷന്റെയും നിലപാട്. തങ്ങള്‍ വിവാഹമോ, സന്ന്യാസമോ അടിച്ചേല്‍പ്പിക്കാറില്ലെന്നും അതെല്ലാം വ്യക്തിതാല്‍പര്യത്തില്‍ അധിഷ്ഠിതമാണെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ നിലവില്‍ ഒരു പൊലീസ് കേസ് മാത്രമേയുള്ളുവെന്നും ഫൗണ്ടേഷന്‍ കോടതിയില്‍ അറിയിച്ചു.