- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ രണ്ടാംദിനവും റെയ്ഡ്; പരിശോധന ഹർത്താൽ ദിവസം കട അടപ്പിക്കാൻ ശ്രമിച്ചവരുടെ വീടുകളിൽ; ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ അടക്കം സംസ്ഥാന നേതാക്കൾക്ക് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്; സത്താറിനെ തിരഞ്ഞ് എൻഐഎയും; പോപ്പുലർ ഫ്രണ്ടിന് എതിരെ പിടിമുറുക്കി പൊലീസ്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ രണ്ടാംദിനത്തിലും പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പൊലിസ് റെയ്ഡ് നടത്തി. തളിപറമ്പ്, പയ്യന്നൂർ, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് പൊലിസ് വ്യാപകമായി റെയ്ഡു നടത്തിയത്. തളിപറമ്പ് നഗരത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിലാണ് തളിപറമ്പ് പൊലിസ് റെയ്ഡ് നടത്തിയത്. തളിപറമ്പ് മന്ന, ചെനയന്നൂർ എന്നിവടങ്ങളിലാണ് തളിപറമ്പ് ഇൻസ്പെക്ടർ എ.വി ദിനേശിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പയ്യന്നൂർ രാമന്തളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് പൊലിസ് റെയ്ഡ് നടത്തിയത്.
ഹർത്താൽ ദിവസംകടകൾ അടപ്പിക്കാൻ ശ്രമിച്ചവരുടെ വീടുകളിലാണ് റെയ്ഡു നടത്തിയത്. ഹർത്താലിൽ നടന്ന അക്രമക്കേസുകളിലെ പ്രതികളെ പിടികൂടാൻ മട്ടന്നൂർ പാലോട്ടുപള്ളിയിലെ വ്യാപാരസ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. കൂത്തുപറമ്പ് എ.സി.പി ഇ പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ഇതിനിടെ പോപ്പുലർഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽസത്താർ, ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി, ഡിവിഷൻ ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന 120ബി. പ്രേരണാകുറ്റം എന്നിവയാണ് നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽസത്താറിനെയും ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിച്ചുവരികയാണ്. ഹർത്താലിനു ശേഷം ഒളിവിൽ പോയ അബ്ദുൽ സത്താറിനു വേണ്ടി പൊലിസ് കോഴിക്കോടും മറ്റിടങ്ങളിലും തെരച്ചിൽ തുടരുകയാണ്. കണ്ണൂരിൽ മൂന്നിടങ്ങളിൽ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഹർത്താലിൽ അക്രമമൊഴിവാക്കാൻ പ്രഖ്യാപിച്ചപ്പോൾ തന്നെ പൊലിസ് നോട്ടീസ് നൽകി ആവശ്യപ്പെട്ടിരുന്നു. ഇതു ലംഘിച്ചതിനാണ് അബ്ദുൽ സത്താറിനെതിരെ കേസെടുത്തത്. ഇതോടെ കണ്ണൂരിലെ ഹർത്താൽ അക്രമങ്ങളിൽ പ്രതിപട്ടിക ഏറെ വലുതാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.
ഹർത്താൽ ദിവസം കണ്ണൂർസിറ്റിയിലെ മിൽമാ ബൂത്ത് അടിച്ചുതകർത്തതിന് പോപ്പുലർ ഫ്രണ്ട് ഡിവിഷൻ ഭാരവാഹി മുഹമ്മദ് അസ്ലമിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ പരിധിയിൽ 145 കേസുകളാണ് ഇതുവരെയെടുത്തിട്ടുള്ളത്. ഇതിൽ 18 എണ്ണം ജാമ്യമില്ലാകുറ്റമാണ്.23 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കണ്ണൂരിൽ ഹർത്താൽ ദിവസം മൂന്നിടങ്ങളിൽ പെട്രോൾ ബോംബ് പ്രയോഗിച്ചത് വളരെ ഗൗരവകരമായാണ് പൊലിസ് വീക്ഷിക്കുന്നത്. കല്യാശേരിയിൽ ഹർത്താൽ ദിവസം രണ്ടു പേരെ പെട്രോൾ ബോംബുമായി പൊലിസ് പിടികൂടിയത് ഡി ഐ.ജിയുടെ വാഹനം കടന്നു പോയതിനു ശേഷമാണെന്നാണ് പൊലിസ് പറയുന്നത്. കേസിൽ പ്രതികളായ പി. എഫ്. ഐ പ്രവർത്തകർക്കായി പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്