- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധന അവസാനിച്ചു; ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചാനൽ ഓഫീസിൽ പരിശോധന നടത്തിയത് നാല് മണിക്കൂർ; പൊലീസ് സംഘം മടങ്ങിയത് വെറുംകൈയോടെ; തിടുക്കത്തിലുള്ള പരിശോധന എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ലാതെ പൊലീസ്
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധന അവസാനിച്ചു. നാല് മണിക്കൂറോളം നേരമാണ് പൊലീസ് ചാനൽ ഓഫീസിൽ പരിശോധന നടന്നത്. രാവിലെ 10:45 ന് തുടങ്ങിയ പരിശോധന 2:30 നാണ് അവസാനിച്ചത്. പിവി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് പരിശോധന നടത്തിയത്. അന്വേഷണ ഭാഗമായി പൊലീസ് ഒന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നും ഒന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും എഎസ്‌പി എൽ സുരേഷ് പറഞ്ഞു. തിടുക്കത്തിലുള്ള പരിശോധന എന്തിനായിരുന്നുവെന്ന ചോദ്യത്തിന് പൊലീസ് പ്രതികരിച്ചില്ല.
വെള്ളയിൽ സിഐ ബാബുരാജ് , നടക്കാവ് സിഐ ജിജീഷ് ടൗൺ എസ്ഐ വി.ജിബിൻ, എ.എസ്ഐ ദീപകുമാർ, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബർ സെൽ ഉദ്യോഗസ്ഥൻ ബിജിത്ത് എൽ.എ തഹസിൽദാർ സി.ശ്രീകുമാർ, പുതിയങ്ങാടി വില്ലേജ് ഓഫീസർ എം.സാജൻ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. സെർച്ച് വാറണ്ടില്ലാതെ എത്തിയായിരുന്നു പൊലീസ് പരിശോധന നടത്തി മടങ്ങിയത്. പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് റെയ്ഡിനെതിരെ പ്രതികരിച്ചത്.
തേസമയം പരിശോധനയുമായി പൂർണമായും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ഷാജഹാൻ അറിയിച്ചു. ഓഫീസിലെ മുഴുവൻ ജീവനക്കാരും സംവിധാനങ്ങളും ഇക്കാര്യത്തിൽ പൊലീസുമായി സഹകരിക്കുന്നുണ്ട്. ഓഫീസിലെ എല്ലാ സംവിധാനങ്ങളും പരിശോധിക്കാൻ പൊലീസിനെ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ പരിശോധന തീരുന്നത് വരെ ഓഫീസിന്റെ പ്രവർത്തനം നിർത്തേണ്ടി വരുന്നതിലെ പ്രതിഷേധം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാൻ വ്യക്തമാക്കി.
കഴിഞ്ഞ മാസം മുതൽ ഏഷ്യാനെറ്റ് ന്യൂസിനെ പൂട്ടുമെന്ന തരത്തിൽ പിവി അൻവർ എംഎൽഎ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. പിന്നാലെ നിയമസഭയിൽ ഇതു സംബന്ധിച്ച് ഒരു ചോദ്യം വരുന്നു. ശേഷം എംഎൽഎ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം പൊലീസ് കേസെടുക്കുകയും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിൽ പൊലീസെത്തി പരിശോധന നടത്തുകയുമാണ് ചെയ്തത്. ഗുരുതര സ്വഭാവമുള്ള പല കേസുകളിലും കാണിക്കാത്ത അതിവേഗം ഈ കേസിൽ പൊലീസിൽ കാണിക്കുന്നത് സംശയത്തിന് ഇട നൽകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ഭരണകൂട ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാർ പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണെന്നും ഇത് ജനാധിപത്യത്തിനും പത്രമാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ചെന്നിത്തല പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിച്ച് കൊണ്ടിരിക്കുകയാണ്. തങ്ങൾക്കെതിരെ ഡോക്യുമെന്ററിയെടുത്തെന്ന പേരിൽ കേന്ദ്രം ബിബിസിയെ വേട്ടയാടി, ഇവിടെ പിണറായി വിജയൻ ഏഷ്യാനെറ്റ് ന്യൂസിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
പുരോഗമന സമൂഹത്തിന് സർക്കാരിന്റെ ഈ സമീപനം അംഗീകരിക്കാനാവില്ല. ആളുകളെ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്യുന്നത്. അധികാരം കൈയിലുണ്ടെന്ന് കരുതി സർക്കാർ ധിക്കാരവും അങ്കാരവും കാണിക്കുന്നു. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചാൽ നിയമനടപടി സ്വീകരിക്കാം. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ നടക്കുന്ന സംഘടിത നീക്കം അഗീകരിക്കാനാവില്ല. കേരളത്തിലെ മാധ്യമങ്ങൾ എത്ര വാർത്തകൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നൽകുന്നുണ്ട്. ആരും പരാതി കൊടുക്കുകയോ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പരാതിയും പരിശോധനയും ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ രൂപമാണെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു. ഏത് നാട്ടിലാണ് ജീവിക്കുന്നത്. തങ്ങൾക്കെതിരെ വാർത്ത ചെയ്യുന്നവരെ, തുറന്നുകാട്ടുന്നവരെ വെറുതെ വിടില്ല എന്നാണ് സിപിഎം ഇതിലൂടെ പറയുന്നത്. എല്ലാ കാലത്തും മാധ്യമങ്ങൾ അനീതിക്കെതിരെ നിലപാടെടുക്കുന്നവരാണ്. സോളാർ കേസടക്കം യുഡിഎഫിനെതിരെ എത്ര വാർത്ത വന്നു. പക്ഷേ ആരും മാധ്യമങ്ങളെ ആക്രമിച്ചില്ല. എന്നാൽ പിണറായിക്കെതിരെ വാർത്ത വന്നതുകൊണ്ട് ഏഷ്യാനെറ്റിനെ ടാർജറ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. പാർട്ടി ചാനൽ തെരഞ്ഞെടുപ്പ് സമയത്ത് എനിക്കെതിരെ വ്യാജ വാർത്ത കൊടുത്തിരുന്നു. യഥാർത്ഥ ഫാസിസം ഇതാണ്- രമ പറഞ്ഞു.
ഭരണകൂടത്തിന്റെ വിവിധ ഏജൻസികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. സർക്കാരിന്റെ അറിവോടും ഒത്താശയോടും കൂടെയാണ് കഴിഞ്ഞ ദിവസം കൊച്ചി ഓഫീസിൽ നടന്ന എസ്എഫ്ഐയുടെ അക്രമമെന്നത് ഉറപ്പിക്കുന്നതാണ് ഇന്നത്തെ പൊലീസിന്റെ നടപടി. എസ്എഫ്ഐ ആക്രമണത്തിനെതിരെ പ്രതിഷേധം ഉണ്ടായതിന് ശേഷം പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമം നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സമാന സ്വഭാവമുള്ള നടപടിയാണ് ഇടത് സർക്കാരും ചെയ്യുന്നതെന്നും എൻകെ പ്രേമചന്ദ്രൻ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ