തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശിൽപികളെയോ അവഹേളിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ട്. കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റെഫർ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ മന്ത്രിയായിരുന്ന സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നത്്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവരും മൊഴി നൽകിയതെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.

ബ്രിട്ടീഷുകാർ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമർശനം മാത്രമാണ് സജി ചെറിയാൻ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിച്ചേർന്നത്. അതനുസരിച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. നിരവധി സാക്ഷികളെയും വ്യക്തികളെയും കാണുകയും അവരിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളിൽനിന്ന് സജി ചെറിയാൻ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തുകയോ ഭരണഘടനാ ശിൽപികളെ അപമാനിക്കുകയോ ചെയ്തിട്ടില്ല എന്നാണ് മനസിലാകുന്നത്. അതിനാൽ കേസ് അവസാനിപ്പിക്കമെന്നും കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയെ വിമർശിക്കുന്നതും ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നതും രണ്ടാണ് എന്നുള്ള വ്യാഖ്യാനമാണ് ഈ കേസിൽ പൊലീസ് നൽകുന്നത്.

ഈ വർഷം ജൂലൈയിൽ മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ അദ്ദേഹം സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.