പന്തളം: പിതാവ് ഫോണിൽ സംസാരിച്ചു പുറത്തേക്കിറങ്ങുമ്പോൾ അബദ്ധത്തിൽ ഡോർ അടഞ്ഞ് മൂന്നു വയസുകാരൻ ഫ്‌ളാറ്റിനുള്ളിൽ കുടുങ്ങി. ഒരു മണിക്കൂറത്തെ ആകുലതകൾക്കൊടുവിൽ പൊലീസ് കതക് തകർത്ത് കുഞ്ഞിനെ രക്ഷിച്ചു

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ളാറ്റിലാണ് നാടകീയവും പിരിമുറുക്കമേറ്റിയതുമായ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ളാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലാണ് തിരുവനന്തപുരം സ്വദേശി വിഷ്ണുവും ഭാര്യ സുധിയും മൂന്നുവയസ്സുള്ള മകൻ വൈഷ്ണവും മൂന്നുമാസമായി താമസിക്കുന്നത്. കുളനടയിലെ ഗീതാസ് യൂണിഫാബ് ഗാർമെന്റ്സ് യൂണിറ്റിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്തുവരികയാണ് ഇരുവരും. സുധി ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് വിഷ്ണുവും വൈഷ്ണവും കളികളിൽ ഏർപ്പെട്ടിരുന്നപ്പോൾ ഫോൺ വന്നു. വിഷ്ണു സംസാരിച്ചുകൊണ്ട് പുറത്തിറങ്ങിയ സമയത്താണ് കതക് ലോക്ക് ആയതും കുഞ്ഞ് ഉള്ളിൽപ്പെട്ടതും.

പരിഭ്രാന്തനായ വിഷ്ണു മകനെ രക്ഷിക്കാൻ പലമാർഗങ്ങളും നോക്കിയെങ്കിലും നടന്നില്ല. അടുത്ത മുറികളിൽ സഹായത്തിനു ആരെയും കണ്ടതുമില്ല. പെട്ടെന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് സഹായത്തിനായി ഓടിയെത്തുകയായിരുന്നു. അവിടെയെത്തുമ്പോൾ കാര്യങ്ങൾ വിശദീകരിക്കാൻ പോലും പറ്റാത്ത വിധം മാനസികമായി വിഷ്ണു തകർന്നിരുന്നു. ഒന്നും പിടികിട്ടാതെ പൊലീസുകാർ, അയാൾക്ക് വെള്ളം കൊടുത്തും ആശ്വാസവാക്കുകൾ ഓതിയും വിവരം ചോദിച്ചുമനസ്സിലാക്കി. തുടർന്ന്, പലവിധ ഡ്യൂട്ടികളിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർ എഎസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സമയം കളയാതെ ഫ്ളാറ്റിലേക്ക് കുതിച്ചു.

അഞ്ചു പൊലീസുദ്യോഗസ്ഥർ മൂന്നായി തിരിഞ്ഞു മുറിക്കുള്ളിൽ കടക്കാനുള്ള ശ്രമം നടത്തി. വടവും ഏണിയുമൊക്കെയായി ജനാലയിൽ കൂടിയും മറ്റും അകത്തു കടക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ നല്ല ബലമുള്ള പൂട്ടുള്ള വാതിൽ പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഭയന്നു കരഞ്ഞ് അവശനായ വൈഷ്ണവ് അച്ഛനെ കണ്ടപ്പോൾ കരച്ചിൽ നിർത്തി. അച്ഛനുനേരെ കൈകൾ നീട്ടിയ അവനെ പൊലീസുദ്യോഗസ്ഥൻ പുഞ്ചിരിച്ചുകൊണ്ട് വാരിയെടുത്തു. കുഞ്ഞിന് സംഭവിച്ചതൊന്നും മനസ്സിലായില്ല. പൊലീസ് മാമന്റെ തോളിൽ തലചായ്ച്ച അവൻ ദീർഘശ്വാസം വിട്ടു. എ എസ് ഐ ഉണ്ണികൃഷ്ണനൊപ്പം, സി പി ഓമാരായ അൻവർഷാ, സുശീൽ കുമാർ, കൃഷ്ണദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.