തിരുവനന്തപുരം: വിവിധ സംഭവങ്ങളിൽ പോലീസ് സേനയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടയിൽ, ആറ്റിങ്ങലിൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച 23-കാരനെ സാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹം. ബുധനാഴ്ച രാത്രിയാണ് സംഭവം. പോത്തൻകോട് സ്വദേശിയായ യുവാവാണ് അയിലം പാലത്തിൽ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

പോലീസ് സേനയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയും അഭിനന്ദനങ്ങളായിരന്നു. ചാടാനായി പാലത്തിന്റെ കൈവരികളിൽ കയറിയിരുന്ന യുവാവിനോട്, "കയറി വാ മോനേ, എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാം, അതിനാണ് പോലീസ്" എന്ന് പറഞ്ഞ് ആറ്റിങ്ങൽ എസ്.ഐ. ജിഷ്ണുവും എ.എസ്.ഐ. മുരളീധരൻ പിള്ളയും ചേർന്ന് ഏറെനേരം അനുനയിപ്പിച്ചു. കരയരുതെന്നും കരയിലേക്ക് കയറിവരണമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചതോടെ യുവാവ് തിരികെ വരികയും പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പാലത്തിൻ്റെ വശങ്ങളിൽ ഇരുന്ന് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് എസ്.ഐ. ജിഷ്ണു പറഞ്ഞു. പ്രദേശവാസികളാരോ ആണ് വിവരം അറിയിച്ചത്. സ്ഥലത്തെത്തുമ്പോൾ പുഴയിലേക്ക് ചാടാനായി തൂണിൽ പിടിച്ചുനിൽക്കുന്ന യുവാവിനെയാണ് കണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ആദ്യം സംസാരിച്ചുനോക്കിയിട്ടും യുവാവ് വഴങ്ങിയില്ലെന്നും പേരുപോലും പറയാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇപ്പോൾ ചാടുമെന്ന അവസ്ഥയിലായിരുന്നു അവൻ. ഞങ്ങൾ രണ്ടുപേരും മാറി മാറി സംസാരിച്ചു. ചുറ്റുമുണ്ടായിരുന്ന ആളുകളെ ഒക്കെ മാറ്റി. പിന്നെയും സംസാരിച്ചപ്പോൾ അയാൾ വഴങ്ങുകയായിരുന്നു. ജീവിതത്തിലെ കുറേ പ്രശ്നങ്ങൾ പറഞ്ഞു. അതെല്ലാം ഞങ്ങൾ ക്ഷമയോടെ കേട്ടു. ഒടുവിൽ താഴെ ഇറക്കി പാലത്തിന്റെ സൈഡിൽ അവനൊപ്പം ഇരുന്നു. അവന് കരയണമെന്ന് പറഞ്ഞപ്പോൾ കൂടെ ഇരുന്നു. കരഞ്ഞു തീർക്കാൻ പറഞ്ഞു. ഞങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ അവന് അതിൽ വിശ്വാസം തോന്നി. അവന്റെ പ്രശ്നങ്ങൾ കേൾക്കാനായി അപ്പോൾ ആരെങ്കിലും വേണമായിരുന്നു. ഞങ്ങൾ അതാണ് ചെയ്തത്." - എസ്.ഐ. ജിഷ്ണു കൂട്ടിച്ചേർത്തു.

ഒടുവിൽ യുവാവിൻ്റെ വീട്ടുകാരെയും വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞുവിട്ടതായും അദ്ദേഹം അറിയിച്ചു. പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലും ജീവൻ രക്ഷിക്കാനുള്ള പോലീസുകാരുടെ ഇടപെടൽ വലിയ തോതിലുള്ള അംഗീകാരമാണ് നേടികൊടുത്തത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ പോലീസിന് എതിരെയുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കുമെന്നും ഇത് കൂടുതൽ പോലീസുകാർക്ക് പ്രചോദനമാകുമെന്നും വിലയിരുത്തപ്പെടുന്നു.