തിരുവനന്തപുരം: നോട്ടീസ് നല്‍കി വിട്ടയ്ക്കാനായിരുന്നുവെങ്കില്‍ എന്‍ സുബ്രഹ്‌മണ്യനെ അറസ്റ്റു ചെയ്യേണ്ടതുണ്ടായിരുന്നോ? ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത് പോലീസ് അറസ്റ്റു ചെയ്തില്ല. നോട്ടീസ് നല്‍കി വിട്ടയച്ചു. ചേവായൂര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സുബ്രഹ്‌മണ്യനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നല്‍കാനായിരുന്നുവെങ്കില്‍ എന്തിനായിരുന്നു കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയതെന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും സര്‍ക്കാരിന് നാണക്കേടായി സുബ്രഹ്‌മണ്യന്റെ അറസ്റ്റും വിട്ടയയ്ക്കലും.

സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് ചേവായൂര്‍ പോലീസ് സുബ്രഹ്‌മണ്യനെതിരെ സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്‌മണ്യന്‍ ചിത്രം പങ്കുവെച്ചത്. പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പോലീസ് കേസെടുത്തത്. താന്‍ പങ്കുവെച്ചത് യഥാര്‍ഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയില്‍ നിന്നെടുത്ത ചിത്രമാണ് താന്‍ പങ്കുവെച്ചതെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു. പക്ഷേ അതിലൊരു ചിത്രം എഐ ആയിരുന്നു. അപ്പോഴും കലാപാഹ്വാന വകുപ്പ് ചുമത്തിയതാണ് പോലീസിനെ വെട്ടിലായത്.

പോലീസിലെ ഉന്നതന്റെ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് സുബ്രഹ്‌മണ്യെനെ വിട്ടയച്ചത്. കോണ്‍ഗ്രസ് അതിരൂക്ഷമായി വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സുബ്രഹ്‌മണ്യനെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി. വേണുഗോപാല്‍ എംപിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവെച്ചു എന്നാരോപിച്ചാണ് സുബ്രഹ്‌മണ്യനെ പോലീസ് വീടുവളഞ്ഞ് പിടികൂടിയത്. സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതിയായ ഡി. മണി ഒളിവിലായിട്ട് മാസങ്ങളായിട്ടും പിടികൂടാന്‍ കഴിയാത്ത പോലീസ്, ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ മുതിര്‍ന്ന നേതാവിനെതിരെ കാണിക്കുന്നത് 'കാട്ടുനീതി'യാണെന്ന് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ വീഡിയോ സഹിതം പുറത്തുവന്നതാണെന്നും അത് എഐ ആണെന്ന് പറഞ്ഞ് കബളിപ്പിക്കാന്‍ നോക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമാനമായ ചിത്രം ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചിട്ടും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പോലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുബ്രഹ്‌മണ്യത്തെ വിട്ടയച്ചത്.

രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിയാണ് ചേവായൂര്‍ പൊലീസ് നടപടി സ്വീകരിച്ചത്. സുബ്രഹ്‌മണ്യനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടും പോസ്റ്റ് ഒഴിവാക്കാന്‍ സുബ്രഹ്‌മണ്യന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സ്റ്റേഷനില്‍ ഹാജരായില്ല. സുബ്രഹ്‌മണ്യന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റിലേക്ക് പൊലീസ് കടക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അപ്രതീക്ഷിതമായി വിട്ടയച്ചു. വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ചത്.

ജനാധിപത്യ സര്‍ക്കാരിന് ഒരിക്കലും യോജിക്കാത്ത രീതിയാണ് ഇതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. ഒരു മര്യാദയുമില്ലാത്ത നടപടിയാണിത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമെടുത്ത കേസില്‍ പൊലീസിന്റെ ഹീനമായ നടപടിയാണിത്. നേതാക്കളെ പരിഹസിച്ച് പോസ്റ്റ് ഇടുന്നത് സ്വാഭാവികമാണ്. മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണോ ഇവര്‍ക്കുളളത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന പൊലീസില്‍ നിന്നാണ് ഇത്തരം ഒരു നടപടി ഉണ്ടായത്. ഇതേ ചിത്രം പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്. തുല്യനീതി പോലുമില്ലാത്ത നടപടിയാണിത്. പഞ്ചായത്തുകളില്‍ ഭൂരിഭാഗവും കൈവിടുമെന്ന് ഉറപ്പായ ദിനത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞിരുന്നു.