തൃശ്ശൂര്‍: പോലീസില്‍ ബിജെപി അനുഭാവികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ പിണറായി സര്‍ക്കാര്‍. പോലീസില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കുണ്ട്. ഇതിനിടെയാണ് പോലീസിലെ പരിവാര്‍വത്കരണ വാര്‍ത്ത എത്തുന്നത്. പോലീസില്‍ ബിജെപി സ്വാധീനം കൂട്ടാനാണ് ഇത്തരം കൂട്ടായ്മകള്‍. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്വാധീനം ശക്തമാക്കാനാണ് ശ്രമം. വിരമിച്ച ചില പോലീസുകാര്‍ക്കാണ് നേതൃത്വം. കുടുംബസംഗമങ്ങള്‍ എന്നരീതിയിലുള്ള യോഗങ്ങളാണ് നടത്തുന്നത്. പോലീസ് അസോസിയേഷനുകള്‍ സിപിഎം രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു കൂട്ടായ്മ ശക്തമാക്കുന്നതെന്നാണേ്രത വിശദീകരണം. ഈ കൂട്ടായ്മ പലതരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും നടത്തുമെന്ന സൂചനയുമുണ്ട്. കഴിഞ്ഞയാഴ്ച തൃശ്ശൂര്‍ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ ബിജെപിക്കാരെ കൈകാര്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ടെന്ന് പോലീസുകാരന്‍ മുന്നറിയിപ്പുനല്‍കിയതായി ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതില്‍ സര്‍ക്കാര്‍ അന്വേഷണവും നടത്തി. ഇതിനിടെയാണ് സംസ്ഥാനത്തുടനീളം ബിജെപി പോലീസുകാര്‍ ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുന്നത്. ഈ സാഹചര്യത്തില്‍ പോലീസിലെ കുടുംബ സംഗമങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും.

പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ ഔദ്യോഗിക സംഘടനകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസ് അനുഭാവികളാണ് രണ്ടുപാനലായി മത്സരിക്കാറ്. സാധാരണ ബിജെപി അനുഭാവികള്‍ കോണ്‍ഗ്രസ് പാനലിനോട് ചേര്‍ന്നുനില്‍ക്കും. ഇത്തവണയും അവര്‍ നേരിട്ട് മത്സരത്തിനിറങ്ങിയിട്ടില്ലെങ്കിലും ബിജെപി അനുഭാവികള്‍ പ്രതിപക്ഷത്തിന്റെ പാനലില്‍ ഉണ്ടായിരുന്നതായി ഭരണപക്ഷം ആരോപിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പോലീസില്‍ പരിവാര്‍വത്കരണ ശ്രമമുണ്ടെന്ന വാര്‍ത്ത ഇത്തരത്തില്‍ മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ബിജെപിക്ക് ഭരണം ലഭിക്കാത്തതിനാല്‍ സിപിഎമ്മിനെയോ കോണ്‍ഗ്രസിനെയോപോലെ അസോസിയേഷന്‍ മത്സരത്തിലേക്ക് വരാന്‍ ബുദ്ധിമുട്ടാണ്. അതേസമയം കൂട്ടായ്മ ശക്തമാക്കുന്നതിലൂടെ ഇവര്‍ക്ക് പോലീസില്‍ ഇടപെടലുകള്‍ സാധ്യമാവും. പോലീസില്‍ ബിജെപി അനുഭാവികളുടെ എണ്ണം കൂടുന്നുണ്ടെന്ന് സിപിഎം, കോണ്‍ഗ്രസ് അനുഭാവികള്‍ ഒരുപോലെ സമ്മതിക്കുന്നുണ്ടെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.

നേരത്തെ കുമരകത്തെ റിസോര്‍ട്ടില്‍ ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്ന സംഭവത്തില്‍ ജയില്‍ വകുപ്പ് 18 ഉദ്യോഗസ്ഥര്‍ക്കെതിരെയായ നടപടി സ്ഥലംമാറ്റം മാത്രമായി ഒതുക്കുകയും, എന്നാല്‍ ഇതിന് സൗകര്യമൊരുക്കിയ കുമരകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയില്ലാത്തത് വലിയ വിമര്‍ശനത്തിനും വഴിയൊരുക്കുന്നു. ജനുവരിയില്‍ നടന്ന ഈ യോഗം, രാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന ജയില്‍ വകുപ്പിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് വിഭാഗവും ഇതുസംബന്ധിച്ച് സര്‍ക്കാരിനും ജയില്‍ വകുപ്പിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 13 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരും അഞ്ച് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ഈ രഹസ്യ കൂടിക്കാഴ്ചയ്ക്ക് റിസോര്‍ട്ടിലെ മുറികള്‍ ഏര്‍പ്പാടാക്കിയത് കുമരകം പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണ്. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് വിവാദമായിരുന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ഈ യോഗത്തിന്റെ ഗൗരവം വ്യക്തമാക്കിയിട്ടുണ്ട്. 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായി, ഇനി വളര്‍ന്നുകൊണ്ടേയിരിക്കും' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ വലിയ പ്രതിഷേധത്തിന് കാരണമായി. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ തുടങ്ങിയ ജയിലുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗം, സര്‍ക്കാര്‍ സര്‍വീസിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, യോഗം സര്‍ക്കാരിന്റെ പിന്തുണയോടെയാണ് നടന്നതെന്ന് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉടനടി അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സിപിഎം കൂട്ടായ്മകളും പോലീസിലുണ്ടെന്നതും വസ്തുതയാണ്.

വിരമിച്ച ശേഷം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവരില്‍ മുന്‍ ഡിജിപിമാര്‍ വരെ. ഡിജിപിയായി വിരമിച്ച ടി.പി.സെന്‍കുമാറിനും ജേക്കബ് തോമസിനും പുറമേ എം.ജി.എ.രാമനും ആര്‍എസ്എസ് വേദികളിലെത്തി. ഐജിയായി വിരമിച്ച എസ്.ഗോപിനാഥും എസ്പി. പി.എന്‍.ഉണ്ണിരാജനും പ്രവര്‍ത്തനവുമായി സഹകരിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് സമ്മതിക്കുന്നു. ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖയും ബിജെപിയുടെ ഭാഗമാണ്. നേരത്തേ ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള, നിലവില്‍ ആര്‍എസ്എസ് അഖിലഭാരതീയ വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖായ റാംലാല്‍ 2022ല്‍ കേരളത്തില്‍ വന്നപ്പോള്‍ മറ്റൊരു എഡിജിപിയും ചില മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവ മതമേലധ്യഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയതെങ്കിലും ഉദ്യോഗസ്ഥ നേതൃത്വത്തിലെ ഉന്നതരെയും കണ്ടു.

കുറച്ചുകാലം മുമ്പ് വരെ കേരളത്തില്‍ ഈ ചുമതല വഹിക്കുന്നതു വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് എ.ജയകുമാര്‍ ആയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ കണ്ടതും വിവാദമായിരുന്നു.