തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുമിഞ്ഞ് കൂടി കിടക്കുന്നു. ഇതിനിടെയില്‍ പാമ്പ് പോലുമുണ്ട്. അതിനിടെയാണ് അതിവേഗം ഷെറിന്‍ എന്ന കൊലക്കേസ് പ്രതിയുടെ മോചന ഫയല്‍ നീങ്ങിയത്. തീരുമാനവും വന്നു. ഇതിന് പിന്നാലെ ഫയലിലെ ജീവന്‍ തിരിച്ചറിഞ്ഞ് മറ്റൊരു അതിവേഗ ഫയല്‍ നീക്കവും സംസ്ഥാനത്ത് നടന്നു. സിപിഎമ്മുകാരായ 2 ബോഡി ബില്‍ഡിങ് താരങ്ങളെ കായികക്ഷമത പരീക്ഷ പോലും നടത്താതെ പൊലീസില്‍ നിയമിച്ച് ഉത്തരവിറക്കിയതിനു സമാനമായ മറ്റൊരു നിയമനം.

പാര്‍ട്ടിക്കു വേണ്ടപ്പെട്ട 2 പേര്‍ക്കു കൂടി വിവാദ ട്രയല്‍സിലൂടെ വോളിബോള്‍ താരങ്ങളായി പൊലീസില്‍ നിയമനം. എ.കിഷോര്‍ കൃഷ്ണന്‍, കെ.എന്‍.മുഹമ്മദ് മുഹസിന്‍ എന്നിവര്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വോട്ട നിയമനം നല്‍കി ഈമാസം 9ന് ആണ് രഹസ്യ ഉത്തരവിറങ്ങിയത്. കേരള പൊലീസ് പുരുഷ വോളിബോള്‍ ടീമില്‍ 36300-83000 രൂപ ശമ്പള സ്‌കെയിലില്‍ ഹവില്‍ദാര്‍ ട്രെയ്‌നികളായാണു നിയമനം. തൃശൂര്‍ സ്വദേശിയായ മുഹസിന്‍ സര്‍വകലാശാല ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും കണ്ണൂര്‍ സ്വദേശി കിഷോറിന്റെ യോഗ്യതയെക്കുറിച്ച് അറിവില്ല. മനോരമയാണ് ഈ പിന്‍വാതില്‍ നിയമന കഥ ചര്‍ച്ചയാക്കുന്നത്.

സാധാരണ നിലയില്‍ കേരളത്തിലെ പ്രധാന വോളിബോള്‍ താരങ്ങളെല്ലാം ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമാണ്. എന്നാല്‍ പോലീസില്‍ ജോലി കിട്ടുന്ന ഈ വോളിബോള്‍ പ്രതിഭയായ കിഷോര്‍ കൃഷ്ണനെ കുറിച്ച് ഒരു വരി പോലും ഗൂഗിളില്‍ നിന്നും കിട്ടുന്നില്ല. ഇതു തന്നെയാണ് മുഹമ്മദ് മുഹസിന്റേയും അവസ്ഥ. അതായത് അര്‍ഹതയുള്ളവരെ തഴഞ്ഞാണ് ഇവര്‍ക്ക് ജോലി നല്‍കുന്നതെന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ നിര്‍ദേശമനുസരിച്ച് കാര്യവട്ടം എല്‍എന്‍സിപിഇ ഗ്രൗണ്ടിലായിരുന്നു ഇവര്‍ക്കു വേണ്ടിയുള്ള സിലക്ഷന്‍ ട്രയല്‍സ്. ഇതില്‍ ഒരാള്‍ക്കു വേണ്ടി ഒന്നര വര്‍ഷം മുന്‍പും ട്രയല്‍സ് നടത്തിയിരുന്നു. പഞ്ചായത്തുകളുടെ ദേശീയ മത്സരത്തില്‍ പങ്കെടുത്തെന്ന സര്‍ട്ടിഫിക്കറ്റായിരുന്നു യോഗ്യതയായി ഹാജരാക്കിയത്. കളി അറിയില്ലെന്നു വ്യക്തമായതോടെ അന്നത്തെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫിസര്‍ എഡിജിപി മനോജ് ഏബ്രഹാം കയ്യൊഴിഞ്ഞുവെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.

അതിന് ശേഷം ദേശീയ പഞ്ചായത്ത് മത്സരം ഉന്നതനിലവാരമുള്ള മത്സരമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച് പിന്‍വാതില്‍ നിയമനത്തിനു വീണ്ടും വഴിയൊരുക്കി. നിയമനത്തിന് സമ്മര്‍ദം ഏറിയതോടെ പിന്നീട് സ്‌പോര്‍ട്‌സ് ഓഫിസറായ എഡിജിപി എം.ആര്‍.അജിത്കുമാറും ഇടക്കാലത്ത് അവധിയില്‍ പോയിരുന്നു. നിലവില്‍ സ്‌പോര്‍ട്‌സ് ഓഫിസറായ എഡിജിപി എസ്.ശ്രീജിത്തും ആദ്യം വിസമ്മതിച്ചെങ്കിലും, സമ്മര്‍ദം കടുത്തതോടെ പുതിയ ഡിജിപി റാവാഡ ചന്ദ്രശേഖറും ശ്രീജിത്തും ചേര്‍ന്ന് നിയമനം നല്‍കുകയായിരുന്നുവെന്നാണ് മനോരമ വാര്‍ത്ത.

സാധാരണ പൊലീസ് സ്റ്റേഡിയത്തില്‍ നടത്തുന്ന ട്രയല്‍സ്, മറ്റാര്‍ക്കും പ്രവേശനമില്ലാത്ത എല്‍എന്‍സിപിഇയിലേക്കു മാറ്റിയതിനൊപ്പം അര്‍ജുന അവാര്‍ഡ് ജേതാക്കളെയടക്കം സിലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന പതിവും ഇക്കുറിയുണ്ടായില്ല. 2 ഒഴിവിലേക്ക് ദേശീയ താരങ്ങളടക്കം 22 പേരാണ് അപേക്ഷിച്ചിരുന്നത്. ഇവിടെ ദേശീയ താരങ്ങള്‍ക്ക് ആര്‍ക്കും ജോലിയില്ല.