പത്തനംതിട്ട: പമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് പോയ പൊലീസ് സംഘം വണ്ടിപ്പെരിയാർ ഗ്രാമ്പി വനത്തിൽ കുടുങ്ങി. റാന്നി ഡിവൈ.എസ്‌പി ജി. സന്തോഷ്‌കുമാർ, പമ്പ പൊലീസ് ഇൻസ്പെക്ടർ എന്നിവർ അടക്കം ആറു പേരാണ് ഉൾവനത്തിൽ കുടുങ്ങിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എട്ടംഗ പൊലീസ് സംഘമാണ് വനം അരിച്ചു പെറുക്കാനായി പോയത്. വനത്തിന്റെ തുടക്കത്തിൽ വച്ച് ഒരു പൊലീസുകാരന് പേശി വലിവ് അനുഭവപ്പെട്ടതിനാൽ മറ്റൊരാളെ കൂടി കാവൽ നിർത്തിയാണ് സംഘം വനത്തിലേക്ക് കയറുന്നത്.

സാധാരണ ഇത്തരം അന്വേഷണങ്ങൾക്ക് ഡിവൈ.എസ്‌പി പോകുന്ന പതിവില്ല. അത്രത്തോളം പ്രാധാന്യമേറിയ കേസ് ആയതിനാലാണ് അദ്ദേഹവും പുറപ്പെട്ടത്. ഉൾവനത്തിലെത്തിയ സംഘം തിരികെ കടക്കാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നു. സംഘത്തിലുള്ളവർ മൊബൈൽ ഫോൺ മുഖേനെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും വണ്ടിപ്പെരിയാർ, കുമളി പൊലീസും വനപാലകരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുകയാണ്. ഇവർ എവിടെയാണ് ഉള്ളതെന്ന് മനസിലാക്കിയിട്ടുണ്ടെന്നും ഒരു മണിക്കൂറിനകം പുറത്തെത്തിക്കാൻ കഴിയുമെന്നുമാണ് ഒടുവിൽ കിട്ടുന്ന വിവരം.