- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്; എംഎൽഎക്കെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിയമോപദേശം; ചുമത്തിയ വകുപ്പുകൾ ശരിവെക്കുന്ന തെളിവുകൾ ഇല്ലെന്ന് പൊലീസ് റിപ്പോർട്ട്; പൊലീസ് ക്ലീൻചിറ്റ് കോടതിയും ശരിവച്ചാൽ സജി ചെറിയാൻ വീണ്ടും മന്ത്രിയാകുമോ?
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ സജി ചെറിയാനെതിരായ ഭരണഘടനാ വിരുദ്ധ പ്രസംഗ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി പൊലീസ്. എംഎൽഎക്കെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്‌പിക്ക് ലഭിച്ച നിയമോപദേശ പ്രകാരമാണ് കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. സജി ചെറിയാനെതിരെ ചുമത്തിയ വകുപ്പുകൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വച്ചാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സംഭവത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് കേസിലെ ഹർജിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകും. കേസിൽ അന്വേഷണം നടത്തി ഒരു റഫർ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത്. അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകും. അതേസമയം പൊലീസ് അന്വേഷണം അവസാനിപ്പിച്ചാലും കേസിൽ നിയമപ്രശ്‌നങ്ങൾ ബാക്കിയുണ്ട്. അന്വേഷണം നിർത്തലാക്കിയ പൊലീസ് തീരുമാനം ചോദ്യം ചെയ്ത് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാൻ അവസരമുണ്ട്. സിബിഐ പോലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സാധ്യതയുണ്ട്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ' എന്ന പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്.
അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റും. കോടതിയും, പാർലമെന്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നുമായിരുന്നു സജി ചെറിയാന്റെ വിമർശനം.
അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് വലിയ രാഷ്ട്രീയമാനമാണുള്ളത്. സജി ചെറിയാൻ രാജിവച്ചപ്പോൾ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായാണ് വിഭജിച്ച് നൽകിയത്. അദ്ദേഹത്തിന് പകരമാരും മന്ത്രിസഭയിലേക്ക് വന്നിട്ടില്ല എന്നതിനാൽ അദ്ദേഹം കേസ് തീർപ്പാക്കി മന്ത്രിസഭയിലേക്ക് എത്തും എന്ന അഭ്യൂഹവും ശക്തിപ്പെടുകയാണ്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ തന്നെ എംഎൽഎ സ്ഥാനം കൂടി സജി രാജിവയ്ക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ സജി എംഎൽഎയായി തുടരട്ടെ എന്ന നിലപാടാണ് സിപിഎം അന്ന് സ്വീകരിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ