കണ്ണൂര്‍: ലോക്കപ്പ് മര്‍ദനവും മോഷണവും അടക്കം നിരവധി സംഭവങ്ങളില്‍ ആരോപണ വിധേയരായി ആകെ ധാര്‍മികത നശിച്ചു പോയ കേരളാ പോലീസ് തീറ്റപ്പുല്‍ കൃഷിക്ക് ഇറങ്ങുന്നു! ഞെട്ടേണ്ട. കണ്ണൂര്‍ സിറ്റി പോലീസിലെ അഡി.എസ്.പിയാണ് പോലീസുകാരോട് തീറ്റപ്പുല്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഡിവൈ.എസ്.പിമാര്‍ക്ക് അഡി.എസ്.പി സജേഷ് വാഴാളപ്പില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസിന് കീഴിലുള്ള സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം. ഓരോരുത്തരും അവരവരുടെ സബ്ഡിവിഷന് കീഴില്‍ തീറ്റപ്പുല്‍ കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ ലഭ്യത റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഉത്തരവ്.

ഓഗസ്റ്റ് 30 ന് ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലെടുത്ത തീരുമാനം ജില്ലാ കലക്ടര്‍ അയച്ചു നല്‍കിയത് പ്രകാരമാണ് എല്ലാ സബ്ഡിവിഷനല്‍ ഓഫീസര്‍മാരുടെയും അറിവിലേക്കായി അയക്കുന്നത് എന്നും ഉത്തരവിലുണ്ട്. ത്തരവ് കണ്ട് ആദ്യം ഞെട്ടിയ ഡിവൈ.എസ്.പിമാര്‍ പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നു.