കണ്ണൂർ: കണ്ണൂർ പൊലീസ് പരിശീലന കേന്ദ്രത്തിന്റെ പോർച്ചിനുമുന്നിൽ കഴുത്തിൽ കയർ കുടുങ്ങി തൂങ്ങിയാടുന്ന യുവതിയുടെ ശരീരംകണ്ട് റോഡിലൂടെ പോകുന്നവർ അദ്യമൊന്നു ഞെട്ടി, അമ്പോ എന്തെന്ന് ഞെട്ടി. പൊലീസുകാരും വഴിപോക്കരും ചുറ്റിലും കൂടി. തൊട്ടപ്പുറം ശരീരമാകെ കുത്തേറ്റ് കൊല്ലപ്പെട്ട ഒരാളുടെ ശരീരം കസേരയിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് കെട്ടിയിട്ട നിലയിലും. അടുത്തെത്തിയപ്പോഴാണ് രണ്ട് ശരീരവും ഡമ്മിയാണെന്ന് മനസ്സിലായത്.

കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോർജ് ഫ്രാൻസിസ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'പൊലീസ് ഇൻക്വസ്റ്റ്' വിഷയത്തിന്റെ ഭാഗമായി നടന്ന ക്ലാസായിരുന്നു രംഗം. തൂങ്ങിമരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് എങ്ങനെ മനസ്സിലാക്കാമെന്നാണ് പൊലീസുകാർ പഠിച്ചത്. അതിനായി 27 ചോദ്യങ്ങളിൽനിന്ന് രൂപപ്പെടുത്തുന്ന ഉത്തരങ്ങൾ മതിയാകും. അസ്വാഭാവികമരണം നടന്ന സ്ഥലത്തെത്തുന്ന പൊലീസുകാർ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്.

ആ കാര്യങ്ങൾ ഇങ്ങനെയാണ്:

ഫസ്റ്റ്സീൻ കാർഡാണ് ആദ്യം തയ്യാറാക്കുക. പഞ്ചായത്തംഗങ്ങൾ, ബന്ധുക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് തയ്യാറാക്കുക. * തൂങ്ങിമരിച്ചയാൾക്ക് ഇങ്ങനെ മരിക്കാൻ പറ്റുമോയെന്ന് ആദ്യം പരിശോധിക്കണം. കയർ കെട്ടിയ സ്ഥലം, മരിച്ച ആളിന്റെ ഉയരം, കെട്ടാനുപയോഗിച്ച കസേര തുടങ്ങിയവ പരിശോധിക്കും. തറയിൽനിന്ന് ഉയർന്നുകിടക്കുന്ന കാൽപ്പത്തിവരെയുള്ള ഉയരവും അളക്കും.

*സാധാരണ തൂങ്ങിമരണം നടന്നാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കും. ഉമിനീർ ഒലിച്ചതിന്റെ രീതി. മടക്കിപ്പിടിച്ച വിരലുകൾ, കാൽപ്പത്തിയുടെ പ്രത്യേകത ഇവയൊക്കെ നിരീക്ഷിക്കും

* മൃതദേഹം താഴെയിറക്കാതെതന്നെ തിരിച്ച് കഴുത്ത് പരിശോധിക്കും. ഇതിനുശേഷം മൃതദേഹം അഴിച്ച് താഴെയിറക്കും. കയറിലെ പിൻകഴുത്തിൽ വരുന്ന കെട്ടോടുകൂടിയാണ് അഴിച്ചെടുക്കുക. ലക്ഷണങ്ങളെല്ലാം വിലയിരുത്തിയാൽ സംഭവം ആത്മഹത്യയാണെന്ന് പ്രാഥമികമായി കണ്ടെത്താൻ പറ്റും. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.

തിരഞ്ഞെടുത്ത 35 പഠിതാക്കളാണ് ക്ലാസിൽ പങ്കെടുക്കുന്നത്. ഇവരെക്കൂടാതെ അസോസിയേഷൻ ജില്ലാ സെക്രട്ടറി സിനീഷ്, ജില്ലാ പ്രസിഡന്റ് സന്ദീപ് കുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൃഷ്ണൻ, സംസ്ഥാന നിർവാഹക സമിതിയംഗം രാജേഷ് കടമ്പേരി, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ടി.പ്രജീഷ് തുടങ്ങിയവരും സന്നിഹിതരായി. പഠനകേന്ദ്രം അക്കാദമിക് കോ ഓർഡിനേറ്റർ ഷൈജു മച്ചാത്തി നേതൃത്വം നൽകി.