- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽ ട്രാക്കിലൂടെ നടന്നുപോയിരുന്ന യുവാവിന്റെ പിന്നാലെ എ എസ് ഐ സഞ്ജീവ് കുമാർ മിന്നൽ വേഗത്തിൽ ഓടി; അപകടത്തിൽ പെടാതെ കാത്ത് നൈറ്റ് പട്രോളിങ് സംഘം; മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മണ്ണാർക്കാട് സ്വദേശി
കാസർകോട്: കാണാതായ പ്രിയ മകനെ കണ്ടുകിട്ടിയ സന്തോഷത്തിലാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുൽ സലാം. ഒരാഴ്ച മുമ്പാണ് മാനസിക അസ്വാസ്ഥ്യമുള്ള മകൻ മുഹമ്മദ് റഫീഖ് ആരുമറിയാതെ വീട് വിട്ടുപോയത്. ഇതേതുടർന്ന് സലാം മണ്ണാർക്കാട് പൊലീസിൽ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞദിവസം രാത്രിയിലാണ് മുഹമ്മദ് റഫീഖ് കാസർകോട് എത്തിയത്. റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുന്നത് കണ്ട്രോൾ റൂം നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഉടൻ തന്നെ മിന്നൽ വേഗത്തിൽ ട്രാക്കിലൂടെ ഓടിയ എ എസ് ഐ മുഹമ്മദ് റഫീഖിനെ ട്രെയിൻ അപകടത്തിൽപെടാതെ രക്ഷപ്പെടുത്തുകയായിരുന്നു. റഫീഖിനെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു.
എസ്.എച്ച്.ഒ പി അജിത്ത് കുമാറിന്റെ നിർദ്ദേശ പ്രകാരം ജനമൈത്രി പൊലീസ് റഫീഖിനോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും മണ്ണാർക്കാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ അവിടുത്തെ പൊലീസുമായി ബന്ധപ്പെടുകയും ചെയ്തു. അതേ സമയം തന്നെ മണ്ണാർക്കാട് പൊലീസ് യുവാവിനെ കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കണ്ടെത്തിയതായുള്ള വിവരം പാലക്കാട്ട് എത്തിയത്. ഇക്കാര്യം മണ്ണാർക്കാട് പൊലീസ് റഫീഖിന്റെ പിതാവിനെ അറിയിച്ചു. അപ്പോൾ തന്നെ ബന്ധുക്കളെയും കൂട്ടി സലാം കാസർകോട്ടെക്ക് തിരിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ സ്റ്റേഷനിൽ ഹാജരായി മകനെ ഏറ്റുവാങ്ങി പൊലീസിന്റെ സാന്നിധ്യത്തിൽ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കാസർകോട് പൊലീസിന്റെ ഈ സദ്പ്രവൃത്തിക്കു പിതാവ് എല്ലാവരോടുമുള്ള കടപ്പാട് നേരിട്ട് അറിയിച്ചു. ശേഷം പിതാവിന്റെ കൂടെ റഫീഖ് സ്വദേശത്തേക്ക് പോയി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്