- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം എത്തിയത് കട്ട മോഷ്ടിച്ചെന്ന പരാതി; ഓട്ടോ ഡ്രൈവറെ കണ്ടെത്തിയപ്പോൾ അറിഞ്ഞത് റസിഡന്റ്‌സ് അസോസിയേഷൻ കരാറുകാരിൽ നിന്ന് വാങ്ങിയ ഇഷ്ടികകൾ അവർ തന്നെ തിരിച്ചെടുത്തു കൊണ്ടു പോകുന്നുവെന്ന സത്യം; ഇതോടെ കവർച്ചാ കേസ് വ്യാജ വീഡിയോയായി; ആറ്റുകാൽ പൊങ്കാല 'കട്ട'യിൽ വീണ്ടും പുലിവാൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. എന്നാൽ തുടക്കത്തിൽ ചുടുകട്ട മോഷണത്തിനെതിരെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത് വാർത്തയായി എത്തുകയും ചെയ്തു. ഇതിന് ശേഷമാണ് സത്യം പുറത്തു വന്നത്. ഇതോടെ വ്യാജ വീഡിയോ പ്രചരണമായി കേസ് മാറി.
ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷയും ക്ഷണിച്ചിരുന്നു. പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാൻ ശ്രമിച്ചതെന്നതാണ് ആരോപണം.
ഒരു റസിഡന്റ്‌സ് അസോസിയേഷൻ കരാറുകാരിൽ നിന്ന് വാങ്ങിയ ഇഷ്ടികകൾ അവർ തന്നെ തിരിച്ചെടുത്തു കൊണ്ടു പോകുന്നതിനെ നഗരസഭയ്ക്ക് എതിരായി ചിത്രീകരിച്ചുവെന്നാണ് ഇപ്പോഴത്തെ ആരോപണം. നേരത്തെ ഇഷ്ടിക ആരോ മോഷ്ടിച്ചുവെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇതോടെ വീഡിയോയിലെ ഓട്ടോ കണ്ടെത്തി. ഇതോടെയാണ് കേസിൽ ട്വിസ്റ്റുണ്ടായത്. മോഷണ പരാതി വ്യാജ വീഡിയോയിലെ അന്വേഷണമായി. നേരത്തെ കട്ട അനധികൃതമായി ആരും കൊണ്ടു പോകരുതെന്ന് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു.
നഗരസഭയുടെ പരാതിയെ തുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം എന്നറിയിച്ചു. ഇഷ്ടിക കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർമാരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. ഇതോടെ മോഷണ പരാതിക്ക് കഴമ്പിലാതെയായി. ഇതോടെ വ്യാജ വീഡിയോ ചിത്രീകരിച്ചവരെക്കുറിച്ചും പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിക്കും എന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിക്കുകയായിരുന്നു.
ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ മണിക്കൂറുകൾകൊണ്ടു മാറ്റുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും നാലു ദിവസത്തെ ശ്രമത്തിനുശേഷവും നടപ്പാതകളിൽ കട്ടകൾ ബാക്കിയാണ്. ചാല, നന്തൻകോട്, യൂണിവേഴ്സിറ്റി സ്റ്റേഡിയം, പി.എം.ജി.-ലോ കോളേജ് റോഡ്, അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ വളപ്പ് തുടങ്ങി പലയിടങ്ങളിലും കട്ടകൾ കൂട്ടിയിട്ടിട്ടുണ്ട്. കട്ടകൾ പുത്തരിക്കണ്ടം മൈതാനത്ത് ശേഖരിക്കുമെന്നാണ് വിശദീകരണം. ചുടുകട്ടകൾ മാറ്റാൻ യുവജനക്ഷേമ പ്രവർത്തകർ, ഡിവൈഎഫ്ഐ., എൻ.എസ്.എസ്., നഗരസഭാ ജീവനക്കാരുടെ സംഘടന എന്നീ വിഭാഗങ്ങളിൽനിന്ന് 500 വൊളന്റിയർമാർ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പകുതിപ്പേരെ എത്തിയുള്ളൂ. ഇപ്പോൾ കോർപ്പറേഷൻ പ്രത്യേക തൊഴിലാളികളെ നിയോഗിച്ചാണ് കട്ടകൾ മാറ്റുന്നത്.
സർക്കാരിന്റെ വിവിധ ഭവനനിർമ്മാണ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് ഈ കട്ടകൾ നൽകുന്നത്. വെള്ളിയാഴ്ച വരെ 138 ലോഡ് ശേഖരിച്ചു. സ്‌കൂൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽനിന്ന് അടുത്ത ദിവസം മാറ്റും. പൊതുനിരത്തുവക്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നവയാണ് ഇപ്പോൾ മാറ്റുന്നതെന്ന് അധികൃതർ അറിയിച്ചു. പൊങ്കാല മാലിന്യം ഉൾപ്പെടെ മാറ്റാൻ 2200 തൊഴിലാളികളും 130 സൂപ്പർവൈസറി ഉദ്യോഗസ്ഥരുമുണ്ടാകുമെന്നും പറഞ്ഞിരുന്നു. മാലിന്യമെല്ലാം മാറ്റി ഈഞ്ചയ്ക്കലും കരമനയുമായി ഇവ മണ്ണിട്ട് മൂടി. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് മുട്ടത്തറയിലെ ഷ്രെഡ്ഡിങ് യൂണിറ്റിന് നൽകിയെന്നാണ് മേയറുടെ ഓഫീസ് പറയുന്നത്.
അതിനിടെ കിള്ളിപ്പാലം കഴിഞ്ഞ് പുത്തൻകോട്ട ശ്മശാനം വരെ റോഡിന് ഇരുവശത്തും മാലിന്യംനിറഞ്ഞ അവസ്ഥയിലാണെന്ന് ബിജെപി. കൗൺസിലർ കരമന അജിത് ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ