സീതത്തോട്: ആരോഗ്യ വകുപ്പും മന്ത്രിയും നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും, പൊന്നമ്മയും കുടുംബവും സീതത്തോട് ളാഹ വനത്തിലെ ഏറുമാടത്തിലേക്ക് തന്നെ മടങ്ങി. മന്ത്രി വീണ ജോർജ് ഇടപെട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ മലമ്പണ്ടാര യുവതി പൊന്നമ്മയാണ് ഏറുമാടത്തിലേക്ക് മടങ്ങിയത്.

ആനയും കടുവയും പുലിയും അടക്കം വന്യമൃഗങ്ങൾ ചുറ്റുമുള്ള വനത്തിലെ ഏറുമാടത്തിൽ കഴിയുന്ന കുടുംബത്തിന്റെ സ്വസ്ഥത തകർക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മറുനാടൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്്. 8 മാസം ഗർഭിണിയായ യുവതി ഏറുമാടത്തിലേക്ക് കയറുന്നതിന്റെ അപകടസാധ്യത കൂടി ചൂണ്ടിക്കാട്ടിയായിരുന്നു മറുനാടൻ വാർത്ത പ്രേക്ഷകരിലേക്കെത്തിച്ചത്. വാർത്തയെ തുടർന്ന് ആരോഗ്യ മന്ത്രി ഇടപെട്ടതോടെ, ഏറുമാടത്തിൽ കഴിഞ്ഞ പൊന്നമ്മയെ തുടർ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.

പൊന്നമ്മക്ക് വിളർച്ച രോഗമുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ, ചികിത്സയ്ക്കു ശേഷം വനത്തിലേക്ക് ഉടൻ തന്നെ മടങ്ങണമെന്ന നിലപാടിലായിരുന്നു രാജേന്ദ്രൻ. നാട്ടിലെ കാലാവസ്ഥ തങ്ങൾക്കും മക്കൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് രാജേന്ദ്രൻ പറയുന്നത്.

'ഞങ്ങൾക്ക് അവിടെ എല്ലാ പരിചരണവും ലഭിക്കുന്നുണ്ട്. ദിവസവും പെരുനാട് പിഎച്ച്‌സിയിൽ നിന്ന് ആരോഗ്യപ്രവർത്തകർ വന്ന് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു...ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു. 'എട്ടു മാസം ഗർഭിണിയായ ഭാര്യ പൊന്നമ്മയ്ക്ക് പരിചരണം നൽകുന്നതിൽ ഒരു കുറവും അവിടെയുള്ള ആരോഗ്യ പ്രവർത്തകർ വരുത്തിയിട്ടില്ല. ഏറുമാടത്തിലാണ് വർഷങ്ങളായി കഴിയുന്നത്. വന്യ മൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ഏറുമാടത്തിന് ചുറ്റും വേലി കെട്ടിത്തരണമെന്ന് പഞ്ചായത്ത് സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. അവർ അത് ചെയ്ത് തരാമെന്നും പറഞ്ഞിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.

ഏറുമാടത്തിൽ താമസിക്കുന്ന ഗർഭിണിയടങ്ങുന്ന കുടുംബത്തിന് വേണ്ട പരിചരണം ലഭിക്കുന്നിലെന്ന് വാർത്ത വന്നതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉടൻ ഇടപെട്ടിരുന്നു. ആരോഗ്യ വകുപ്പിനോടും, ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പിനോടും വേണ്ട സൗകര്യം ചെയ്യാൻ നിർദേശിച്ചു. തുടർന്ന് വ്യാഴാഴ്ച രാവിലെ തന്നെ വനിത ശിശുവികസന വകുപ്പ് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി. എട്ടുമാസം ഗർഭിണിയായ പൊന്നമ്മയ്ക്ക് മതിയായ ശുശ്രൂഷ ഉറപ്പാക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ ആശുപത്രിയിൽ കഴിയാൻ വിസമ്മതിച്ചു.

വനത്തിൽ താമസിക്കുമ്പോഴും ഏറുമാടത്തിൽ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊന്നമ്മക്ക് വിളർച്ച രോഗമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു. തങ്ങൾക്ക് ഇപ്പോൾ ബുദ്ധിമുട്ടില്ലെന്നും വേണ്ടിവന്നാൽ പിന്നീട് വരാമെന്നും പറഞ്ഞ് അവർ ളാഹയിലേക്ക് മടങ്ങുകയായിരുന്നു.

റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലൻസിൽ തന്നെ കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടോടെ ളാഹയിലെത്തിച്ചു. പൊന്നമ്മയുടെ ഏഴാമത്തെ പ്രസവമാണിത്. ആദ്യ നാല് തവണയും കുട്ടികൾ മരിച്ചു. പിന്നീട് രണ്ട് പ്രസവത്തിലായി രണ്ടു കുട്ടികളുണ്ട്. മക്കളായ രാജമാണിക്യം(6), രാജമണി(4) എന്നിവരും ഇവർക്കൊപ്പം ഏറുമാടത്തിലാണ് കഴിഞ്ഞിരുന്നത്. ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളേയും ഗവ. മഹിളാ മന്ദിരത്തിൽ താമസിപ്പിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരുന്നത്.

ശബരിമല വനമേഖലയിലെ ചാലക്കയം ഉൾവനത്തിലാണ് മലമ്പണ്ടാര വിഭാഗത്തിൽപെട്ട ഇവരുടെ താമസം. ളാഹ മഞ്ഞത്തോട് കേന്ദ്രീകരിച്ച് ആദിവാസി കുടുംബങ്ങൾക്കു സ്ഥലം നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയതോടെയാണ് ഇവിടെയെത്തുന്നത്. റോഡിനോടു ചേർന്ന് കൂര ഒരുക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ കാട്ടാനയെത്തി നശിപ്പിച്ചു.പിന്നെ ഒട്ടും താമസിച്ചില്ല, കൂരയോടു ചേർന്ന മരത്തിൽ മുൻപ് ഉണ്ടായിരുന്ന ഏറുമാടം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാസയോഗ്യമാക്കി.

രാജേന്ദ്രൻ പൊന്നമ്മ ദമ്പതികളുടെ മക്കളായ രാജമാണിക്യവും രാജമണിയുമടങ്ങുന്ന കുടുംബം ഒരു വർഷമായി രാത്രി ഈ ഏറുമാടത്തിലാണ് അന്തിയുറങ്ങുന്നത്. വൈകുന്നേരമാകുമ്പോഴേക്കും താൽക്കാലിക ഷെഡിൽനിന്ന് എല്ലാവരും ഏറുമാടത്തിലേക്കു മടങ്ങും. ഇളയ മകനെ മാറാപ്പ് കെട്ടി അതിനുള്ളിലാക്കിയാണ് ഏറുമാടത്തിനു മുകളിലെത്തിക്കുന്നത്. പൊന്നമ്മയുടെ ഈ അവസ്ഥയിൽ ഏറുമാടത്തിൽ കയറാൻ ഏറെ പ്രയാസമാണ്.പോഷകാഹാരക്കുറവുമൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാജേന്ദ്രൻ പറയുന്നു.

സന്ധ്യയാകും മുൻപേ ഇവിടെ വന്യമൃഗങ്ങളെത്തുന്നത് പതിവാണ്.താമസിക്കുന്ന ഷെഡ് പലതവണ ആന നശിപ്പിച്ചു.പുലികളും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കടുവ ഇവരുടെ വളർത്തു നായയെയും ഓടിച്ചു. 40 അടിയോളം ഉയരമുള്ള വന്മരത്തിന്റെ നെറുകയിലാണ് ഏറുമാടം നിർമ്മിച്ചിരിക്കുന്നത്.അവിടേക്ക് എത്തുന്നതാകട്ടെ കാട്ടുകമ്പുകൾെ കാണ്ടു നിർമ്മിച്ച പടവുകൾ ചവിട്ടിക്കയറിയും.

നിറവയറുമായി ഏറുമാടത്തിൽ എത്തുമ്പോഴേക്കും പൊന്നമ്മ തളർന്നുപോകും.'വന്യമൃഗശല്യം അസഹനീയമായതോടെ ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയില്ല.ദുരിതം പറഞ്ഞ് മടുത്തു.അതു കേൾക്കാൻ അധികൃതർക്കു താൽപര്യമില്ലെങ്കിലും ഞങ്ങൾക്കും ജീവിക്കണ്ടേയെന്നാണ് ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ താമസിക്കുന്ന രാജേന്ദ്രന്റെ ഭാര്യ പൊന്നമ്മ ചോദിച്ചിരുന്നത്