- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യപ്രതി ധനീഷിന് തിരൂരില്‍ കോടികളുടെ ആഡംബര വീടും പൂനെയില്‍ രണ്ട് ഫൈവ് സ്റ്റാര്‍ ബാറുകളും അപ്പാര്‍ട്ട്മെന്റുകളും; ഗള്‍ഫിലും കോടികളുടെ ബിസിനസ് സ്ഥാപനവും അപ്പാര്‍ട്ട്മെന്റുകളും; ഏജന്റുമാര്‍ക്കിടയില്‍ ഡാനി! ഇത് തലശ്ശേരിയിലെ പഴയ ട്യൂട്ടറിയല്‍ മോഡലിന്റെ പുതിയ വെര്ഷന്; മാധ്യമ സിംഹങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതും ഇതേ വഴിയില്‍; പൊന്നാനിയിലേത് അന്താരാഷ്ട്ര മാഫിയ
പൊന്നാനി: പോലീസ് പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണസംഘം ഇതുവരെ പത്തുലക്ഷത്തിലേറെപ്പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി അന്വേഷണസംഘം പറയുമ്പോള്‍ തെളിയുന്നത് തട്ടിപ്പിന്റെ വ്യാപ്തി. കേരളത്തിനുപുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും അന്യായമായി പല ആനുകൂല്യവും ഇതിലൂടെ നേടി. മുമ്പ് തലശ്ശേരി കേന്ദ്രീകരിച്ച് ഇത്തരമൊരു മാഫിയ സജീവമായിരുന്നു. ഇത് പോലീസ് പിടികൂടി. ഇതിന് ശേഷമാണ് പുതിയ സംഘം ഉണ്ടാകുന്നത്. ഇതിന്റെ കേന്ദ്രം പൊന്നാനിയുമായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തലശ്ശേരി മാഫിയയായിരുന്നു.
അന്തഃസംസ്ഥാന ബന്ധമുള്ള സംഘത്തിലെ പത്തുപേരാണ് കഴിഞ്ഞദിവസം പൊന്നാനി പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിനു പുറത്തുള്ള 22 സര്‍വകലാശാലകളിലെ ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും നൂറോളം സീലുകളും സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. തിരൂര്‍ മീനടത്തൂര്‍ സ്വദേശി നെല്ലിക്കത്തറയില്‍ ധനീഷ് ധര്‍മന്റെ (38) നേതൃത്വത്തിലാണ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ച് വിതരണംചെയ്തിരുന്നത്. പൊന്നാനിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായ നരിപ്പറമ്പ് സ്വദേശി മൂച്ചിക്കല്‍ വീട്ടില്‍ ഇര്‍ഷാദിന്റെ (39) ചമ്രവട്ടം ജങ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയതോടെയാണ് വന്‍ റാക്കറ്റിലേക്ക് പോലീസെത്തിയത്. തലശ്ശേരിയിലും ട്യൂഷന്‍ സെന്ററിന്റെ മറവിലായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ പുതിയ വെര്‍ഷനാണ് പൊന്നാനിയിലേത്. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അടക്കം മാധ്യമ സിംഹം എന്ന് അറിയപ്പെടുന്ന ആള്‍ പോയത് ഈ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ്.
ധനീഷ് ധര്‍മനാണ് സംഘത്തിലെ പ്രധാനി. ഏജന്റുമാര്‍ക്കിടയില്‍ ഡാനി എന്നപേരില്‍ അറിയപ്പെട്ടിരുന്ന ധനീഷ് താനാരാണെന്ന് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. 2013-ല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ധനീഷിനെ കല്‍പ്പകഞ്ചേരി പോലീസ് പിടികൂടിയിരുന്നു. ഈ കാലത്താണ് മാധ്യമ ലോകത്തെ പിടിച്ചു കുലുക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദമുണ്ടാകുന്നത്. അന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം വിപുലപ്പെടുത്തി. ഇതിനായി പൊള്ളാച്ചിയില്‍ വീട് വാടകയ്ക്കെടുത്തു. പ്രിന്റിങ് പ്രസ്സില്‍ ജോലിചെയ്തു പരിചയമുള്ളവരെ ശിവകാശിയില്‍നിന്നു കണ്ടെത്തി നിയമിച്ചു. സര്‍വകലാശാലയുടെ പേരും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകകള്‍ ആദ്യം അച്ചടിച്ചശേഷം ആവശ്യക്കാരുടെ വിവരങ്ങള്‍ പിന്നീട് അച്ചടിച്ചു ചേര്‍ക്കുന്നതാണ് രീതി.
മുന്‍വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് പലര്‍ക്കും വിതരണംചെയ്തിരുന്നത്. ആ സമയത്തെ പരീക്ഷാകണ്‍ട്രോളറുടെയും രജിസ്ട്രാറുടെയും വ്യാജ ഒപ്പും സീലുമാണ് സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. സര്‍വകലാശാലകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ അതേ മാതൃകയിലാണ് വ്യാജനും നിര്‍മിച്ചത്. 75,000 രൂപമുതല്‍ ഒന്നരലക്ഷം രൂപവരെയാണ് ഒരു സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയത്. ധനീഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് വില്‍പ്പനയിലൂടെ കോടികളാണ് സമ്പാദിച്ചത്. സംഘത്തലവനും തിരൂര്‍ മീനടത്തൂര്‍ സ്വദേശിയുമായ നെല്ലിക്കത്തറയില്‍ ധനീഷ് ധര്‍മ്മന്‍ (38), പൊന്നാനി നരിപ്പറമ്പ് മൂച്ചിക്കല്‍ ഇര്‍ഷാദ് (39), തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളി നമ്പ്യാരകത്ത് രാഹുല്‍ (30), പയ്യനങ്ങാടി ചാലുപറമ്പില്‍ അബ്ദുല്‍ നിസാര്‍ (31), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ മണകോട് ജസീം മന്‍സിലില്‍ ജസീം (35), പി.എസ് നഗര്‍ രതീഷ് നിവാസില്‍ രതീഷ് (37), ആര്യനാട് കടയറ വീട്ടില്‍ ഷെഫീഖ് (37), തമിഴ്‌നാട് സ്വദേശികളായ ശിവകാശി അയ്യപ്പന്‍ കോളനിയിലെ ജമാലുദ്ദീന്‍ (40), വിരുതനഗര്‍ എസ്.എന്‍ പുരം റോഡില്‍ അരവിന്ദ് കുമാര്‍ (24), ശിവകാശി റെയില്‍വേ ഫീഡര്‍ റോഡിലെ വെങ്കിടേഷ് (24) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നവംബര്‍ 11ന് ഇര്‍ഷാദിന്റെ ചമ്രവട്ടത്തെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ പരിശോധിച്ചപ്പോള്‍ കൊറിയര്‍ വഴി വിതരണത്തിനെത്തിച്ച നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും കണ്ടെത്തിയിരുന്നു. ഇവ കൊറിയര്‍ ചെയ്ത ജസീം, രതീഷ്, ഷെഫീഖ് എന്നിവരെയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന രാഹുല്‍, അബ്ദുല്‍ നിസാര്‍ എന്നിവരെയും പിടികൂടി. പൊള്ളാച്ചിയിലെ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചതോടെ, അവിടെയെത്തി തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തലവനായ ധനീഷിലേക്ക് അന്വേഷണമെത്തിയത്. ഇക്കാര്യമറിഞ്ഞ് കുടുംബസമേതം വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കുന്ദമംഗലത്ത് വച്ചാണ് ധനീഷ് പിടിയിലായത്.
മുഖ്യപ്രതി ധനീഷിന് തിരൂരില്‍ കോടികളുടെ ആഡംബര വീടും പൂനെയില്‍ രണ്ട് ഫൈവ് സ്റ്റാര്‍ ബാറുകളും അപ്പാര്‍ട്ട്മെന്റുകളുമുണ്ട്. ഗള്‍ഫിലും കോടികളുടെ ബിസിനസ് സ്ഥാപനവും അപ്പാര്‍ട്ട്മെന്റുകളുമുണ്ട്. ഏജന്റുമാര്‍ക്കിടയില്‍ ഡാനിയെന്ന വ്യാജ പേരിലാണ് അറിയപ്പെട്ടിരുന്നത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.




