- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം കാത്തിരുന്ന ആ ഭാഗ്യശാലി നേരിട്ടെത്തി; പക്ഷെ പേര് പരസ്യമാക്കരുതെന്ന് പൂജാ ബംപർ ജേതാവ്; ടിക്കറ്റ് ഹാജരാക്കിയപ്പോൾ ലോട്ടറി വകുപ്പിനോട് അഭ്യർത്ഥന; കാണാമറയത്ത് തുടരുന്നത്, ഓണം ബംപറിന്റെ ജേതാവിന്റെ 'അനുഭവങ്ങൾ' ഭയന്ന്; ഇനി വിവരാവകാശ അപേക്ഷ നൽകിയാലും പേരറിയാൻ കഴിയില്ല
തിരുവനന്തപുരം: പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ച ഭാഗ്യശാലിയുടെ പേര് പരസ്യമാക്കില്ല. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന പൂജാ ബംപർ ഭാഗ്യശാലിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾ പുറത്തുവിടാറില്ല.
ഭാഗ്യക്കുറി വിറ്റത് പി എർ രഞ്ജിത്ത് എന്ന ഏജന്റാണെന്നും എന്നാൽ വാങ്ങിയ ആളെക്കുറിച്ച് അറിയില്ലെന്നും ലോട്ടറി ഐശ്വര്യ ലോട്ടറി ഏജൻസീസ് ഉടമ സോമസുന്ദർ പ്രതികരിച്ചു. ടിക്കറ്റ് ആരോ ഹാജരാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ മനസിലായി. പേര് വെളിപ്പെടുത്തരുതെന്ന് ഭാഗ്യശാലി ഭാഗ്യക്കുറി വകുപ്പിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യശാലിയുടെ അപേക്ഷപ്രകാരം വിവരാവകാശ രേഖയിലും പേര് വെളിപ്പെടുത്തില്ലെന്നു ഭാഗ്യക്കുറി വകുപ്പ് അറിയിച്ചതായാണ് വിവരം.
ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. 2022 നവംബർ 20നായിരുന്നു പൂജാ ബംപർ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിൽനിന്ന് സഹായം തേടി നിരവധി പേർ എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. പരിചയക്കാർ മുതൽ അപരിചതർ വരെ അനുപിനെ തേടിയെത്തിയതോടെ സ്വന്തം വീട്ടിൽ ഒളിച്ചുകയറേണ്ട സ്ഥിതി വരെ ഉണ്ടായെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാകാം പൂജാ ബമ്പർ ഭാഗ്യശാലി തന്റെ പേരുവിവരങ്ങൾ രഹസ്യമാക്കാനുള്ള തീരുമാനമെടുത്തത്.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 16 കോടി രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുകയാണ് ജേതാവിനു ലഭിക്കുന്നത്.
ക്രിസ്മസ് പുതുവത്സര ബംപർ ആയ 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയ ആൾ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇതനുസരിച്ച് വിവരങ്ങൾ രഹസ്യമാക്കി വെയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നൽകിയാലും ലോട്ടറി അടിച്ച ആളുടെ വിവരങ്ങൾ ലഭിക്കില്ല.
പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനൻ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കും.
ക്രിസ്മസ് ന്യൂഇയർ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കും ലഭിക്കും.
ലോട്ടറി വിജയം നേടിയ കാര്യം രഹസ്യമാക്കി വെക്കണം എന്ന് ആവശ്യപ്പെടാൻ ജേതാക്കൾക്ക് അവകാശമുണ്ട്.ലോട്ടറി വിജയം രഹസ്യമാക്കി വെക്കാൻ അനുവദിക്കുന്നതിനൊപ്പം സമ്മാനത്തുക എങ്ങനെ വിനിയോഗിക്കാം എന്ന നിർദേശവും ലോട്ടറി വകുപ്പ് നൽകുന്നുണ്ട്. വലിയ തുക സമ്മാനമായി ലഭിക്കുന്നവർ ഈ സേവനം ആവശ്യപ്പെടാറുണ്ട്.
ഓണം ബംപറിൽ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ഭാഗ്യവാൻ ഇപ്പോഴും ആരാണെന്ന് പുറത്ത് അറിയിച്ചിട്ടില്ല. ഓണം ബംപർ സമ്മാന വിജയിയെ നാല് മാസത്തിന് ശേഷവും പൂജ ബംപർ വിജയിയെ രണ്ട് മാസത്തിന് ശേഷം ആരാണെന്ന് ആർക്കും മനസ്സിലായിട്ടില്ല. ബാങ്കിൽ നിക്ഷേപിക്കുമ്പോഴും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ ഇവർ ആവശ്യപ്പെടും
മറുനാടന് മലയാളി ബ്യൂറോ