തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിനോട് അടുത്തുള്ള തടവു പുള്ളികള്‍ നടത്തുന്ന കഫറ്റീരിയയില്‍ മോഷണം. അഞ്ചു ലക്ഷത്തോളം രൂപ നഷ്ടമായതായാണ് നിഗമനം. സെന്‍ട്രല്‍ ജയലിനോട് ചേര്‍ന്ന ഈ പ്രദേശം അതീവ സരുക്ഷാ മേഖലയാണ്. ഇവിടെയാണ് കഫറ്റീരിയയുടെ വാതില്‍ പൊളിച്ച് അകത്തു കയറി ഓഫീസ് മുറിയുടെ താക്കോല്‍ എടുത്ത് തുറന്ന് ലോക്കറില്‍ വച്ചിരുന്ന തുക മോഷ്ടിച്ചത്. സ്ഥലത്തെ കുറിച്ച് നല്ല പരിചയമുള്ള ആരോ ആണ് കവര്‍ച്ച നടത്തിയതെന്നാണ് ജയില്‍ അധികൃതരുടെ നിഗമനം. സംഭവം പൂജപ്പുര പോലീസിനെ അറിയിച്ചു. പ്രദേശത്തെ മുഴുവന്‍ സിസിടിവികളും അടക്കം പരിശോധിക്കുകയാണ് പോലീസ്. ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് മോഷണം പോയത്. എന്നാല്‍ മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ല. ഇതും ഞെട്ടലും ദുരൂഹതയുമായി മാറുകയാണ്.

തടവുകാരുടെ നേതൃത്വത്തിലാണ് ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മതിയായ സുരക്ഷ 24 മണിക്കൂറും ഇവിടെ വേണ്ടതുണ്ട്. അതില്ലെന്ന് വ്യക്തമാക്കുന്നതാണ് മോഷണം. കഫറ്റീരിയയുടെ കളക്ഷന്‍ പണം എവിടെയാണ് വയ്ക്കുന്നതെന്ന് അറിയാവുന്ന വ്യക്തിയാകും മോഷണം നടത്തിയത് എന്നാണ് പ്രാഥമിക സൂചന. വെള്ളിയാഴ്ച പൊതു അവധിയായിരുന്നു. ശനിയും ഞായറും നല്ല തിരക്കും കഫറ്റീരിയയില്‍ ഉണ്ടായിരുന്നു. ഈ മൂന്ന് ദിവസത്തെ കളക്ഷന്‍ പണവും മോഷണമായി എന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. അപ്പോള്‍ തന്നെ പൂജപ്പുര പോലീസിനെ വിവരം അറിയിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു ഗുരുതര സുരക്ഷാ വീഴ്ച അടുത്താലത്തുണ്ടായിരുന്നു. സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായിരുന്നു ഈ സംഭവം. അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍ മോഷണം നടന്നത്. നാലു വര്‍ഷത്തിനിടെയാണ് മോഷണം എന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. ജയില്‍ വളപ്പിലെ പവര്‍ ലോണ്‍ട്രി യൂണിറ്റ് കെട്ടിടത്തില്‍ ആണ് മോഷണം നടന്നത്. സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. നാലു മാസം മുമ്പാണ് ഈ കേസെടുക്കല്‍ നടന്നത്. എന്നാല്‍ പ്രതിയെ പിടികൂടാനായില്ല. ഇതിനിടെയാണ് പുതിയ മോഷണ ശ്രമം.

സെന്‍ട്രല്‍ ജയിലിന് മുന്നിലാണ് ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയ. ഫുഡ് ഫോര്‍ ഫ്രീഡം എന്ന പേരില്‍ ആരംഭിച്ച കഫറ്റീരിയയിലൂടെ തടവ് പുള്ളികളുടെ കൈപ്പുണ്യം നാട് മുഴുവന്‍ പരന്നിരുന്നു. ജയില്‍ ചപ്പാത്തിയ്ക്ക് ലഭിച്ച ആ സ്വീകാര്യതയാണ് ഫുഡ് ഫോര്‍ ഫ്രീഡം എന്ന കഫറ്റീരിയ തുടങ്ങുവാന്‍ അധികൃതരെ പ്രോത്സാഹിപ്പിച്ചത്. 2011-ല്‍ ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് ആയിരുന്നു ജയിലില്‍ നിന്നും ചപ്പാത്തി ഉണ്ടാക്കി പൊതുജനങ്ങള്‍ക്ക് നല്‍കാം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. തടവറകളില്‍ കഴിയുന്നവരുടെ കഴിവ് പൊതുജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം, വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനതയ്ക്ക് ഒരു ആശ്വാസം എത്തിക്കാം എന്നതൊക്കെയായിരുന്നു അദ്ദേഹത്തെ ഇങ്ങനെയൊരു ആശയത്തില്‍ കൊണ്ടെത്തിച്ചത്. അന്ന് മുതല്‍ കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലും ജില്ലാ ജയിലുകളിലും ചപ്പാത്തി ഉണ്ടാക്കാന്‍ തുടങ്ങി. എന്നാല്‍ ലോക്‌നാഥ് ബെഹ്റ ജയില്‍ മേധാവിയായപ്പോള്‍ ഒരു പടി കൂടി കടന്നു ചിന്തിച്ചു. അങ്ങനെയാണ് ജയിലിന് പുറത്ത് കഫറ്റീരിയ നിര്‍മ്മിക്കുന്നത്. 24 മണിക്കൂര്‍ ജയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഇവിടെയുണ്ട്. ഇത്തരമൊരു മേഖലയിലാണ് മോഷണം നടക്കുന്നത്. അതുകൊണ്ട് തന്നെ കാര്യമായ സുരക്ഷാ ഓഡിറ്റുകള്‍ പൂജപ്പുര ജയിലിലും അനിവാര്യതയായി മാറും.

പൂജപ്പുരയില്‍ ഏതാണ് 1650 തടവുകാരുള്ളത്. ഇവിടെ 727 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമേയുള്ളൂ. 167 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരും 56 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരുമുണ്ട്. ഒരു ഷിഫ്റ്റില്‍ പത്തില്‍ താഴെ പേര്‍ മാത്രമേ ഡ്യൂട്ടിക്കുണ്ടാകൂ. ഈ സാഹചര്യത്തില്‍ മതിയായ നിരീക്ഷണത്തിന് സൗകര്യമില്ലെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍ ഗോവിന്ദച്ചാമിക്ക് ജയില്‍ചാടാനുള്ള എല്ലാ സാഹചര്യവും നിലനിന്നിരുന്നുവെന്ന വസ്തുത ഞെട്ടലോടെയാണ് കേരളം കേട്ടത്. 24 മണിക്കൂറും നിരീക്ഷിക്കേണ്ട സി.സി.ടി.വി നോക്കാന്‍ ആളുണ്ടായിരുന്നില്ല. സെല്ലിന് അകത്തു കയറിയുള്ള പരിശോധനയും കൃത്യമായി നടന്നിരുന്നില്ല. പ്രശ്‌നക്കാരെ നിരന്തരം നിരീക്ഷിക്കാന്‍ റോന്തു ചുറ്റുന്നവര്‍ 10 മണിക്കൂറിലേറെ തുടരേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് വിശ്രമിക്കുമായിരുന്നുവെന്ന സത്യവും ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം തെളിയിച്ചു.

കേരളത്തിലെ ജയിലുകളില്‍ 7367 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. നിലവില്‍ 10,375 പേരുണ്ട്. മുന്നു ഷിഫ്ടിലാണ് ജോലി. സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാര്‍ക്ക് ആനുപാതികമായി 5,187 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ വേണം. 1284 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരാണുള്ളത്.പാര്‍പ്പിടശേഷി അനുസരിച്ചാണ് തസ്തിക നിര്‍ണയം. അതുപ്രകാരം തന്നെ 50 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 447 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ തസ്തികകളാണ് നിലവിലുള്ളത്. ഇതെല്ലാം ജയില്‍ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിട്ടുണ്ട്.

പജപ്പുരയിലെ സെന്‍ട്രല്‍ ജയിലുള്‍പ്പെടെ സംസ്ഥാനത്തെ പല ജയിലുകളിലെയും ഉള്ളറകള്‍ നിയന്ത്രിക്കുന്നതു തടവുകാരിലെ പ്രധാനികളാണ് എന്നതാണ് വസ്തുത. കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും കുപ്രസിദ്ധരായ ഗുണ്ടകളുമാണ് ഇവരെല്ലാം. ഇവരെക്കാള്‍ വിവിഐപികളാണ് രാഷ്ട്രീയകുറ്റകൃത്യങ്ങളിലെ തടവുകാര്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഇവരെ ഭയമാണ്. പൂജപ്പുരയില്‍ ജയിലിനകത്ത് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് കൊല്ലം ജില്ലയിലെ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ്. കൃത്യമായി ജോലിചെയ്യുന്ന, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നിരന്തരം പരാതികള്‍ നല്‍കിയാണ് തടവുകാരുടെ പ്രതികാരം. തുടര്‍ച്ചയായി അന്വേഷണവും വകുപ്പുതല നടപടികളും വരുന്നതോടെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. സ്വയം മുറിവുകളുണ്ടാക്കി അത് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതാണെന്നു പരാതിനല്‍കുന്നതു കാലങ്ങളായി നടന്നുവരുന്നതാണ്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കു കൊണ്ടുപോയപ്പോള്‍ വിലങ്ങിട്ട ഉദ്യോഗസ്ഥനെ ആശുപത്രിച്ചുമതലയില്‍നിന്നു മാറ്റിയത് അടുത്ത കാലത്താണ്. ജയിലില്‍ സുരക്ഷാവീഴ്ചയുണ്ടായാല്‍ നടപടിയെടുക്കുന്നതു താഴെക്കിടയിലുള്ള ജീവനക്കാര്‍ക്കുനേരേ മാത്രമാണ്. ഏതാനും മാസംമുന്‍പ് തടവുചാടി പിടിക്കപ്പെട്ട മണികണ്ഠന്‍ എന്ന തടവുകാരനെ വീണ്ടും ജയിലില്‍ ജോലികള്‍ നല്‍കി. ഇതെല്ലാം വിവാദമായിരുന്നു. കൂടാതെ ജയില്‍ വ്യാപാരകേന്ദ്രീകൃതമാക്കിയതോടെ വിപണനസ്ഥാപനങ്ങളിലേക്കുള്ള തടവുകാരെ നോക്കാനും ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അപ്പോള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ ബലിയാടാക്കുകയാണു പതിവ്.