കൊച്ചി: വാക്ചാതുരി കൊണ്ട് ആരെയും വീഴ്ത്തും, കൂട്ടിന് ഗുണ്ടാസംഘങ്ങളും ആഡംബര ജീവിതവും. കേരളക്കരയെ ഞെട്ടിച്ച നൂറോളം തട്ടിപ്പുകേസുകളിലെ പ്രതി 'പൂമ്പാറ്റ സിനി' എന്നറിയപ്പെടുന്ന പള്ളുരുത്തി സ്വദേശിനി സിനിയും മകള്‍ അശ്വിനിയും വീണ്ടും പോലീസ് വലയിലായി. മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ചെറായി സ്വദേശിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവുമടക്കം ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരെയും മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയും മകളും അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളിലൂടെയാണ്. പള്ളുരുത്തി സ്വദേശി തണ്ടാശേരി സിനി (50), മകള്‍ അശ്വിനി (24) എന്നിവരെയാണ് മുനമ്പം പോലീസ് പിടികൂടിയത്. കുപ്രസിദ്ധ തട്ടിപ്പുകാരിയായ സിനി 'പൂമ്പാറ്റ സിനി' എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ മറ്റൊരു വാറണ്ട് കേസില്‍ തൃശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവിടെ നിന്നും കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് മുനമ്പം പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി 28-ഓളം പണം തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് സിനി. ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇവര്‍ നേരത്തെ കാപ്പ നടപടികള്‍ക്കും വിധേയയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്തും വിവാഹാലോചനകള്‍ വഴിയും സമാനമായ രീതിയില്‍ ഇവര്‍ മുന്‍പും നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി അന്വേഷണസംഘം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂര്‍ ജില്ലകളിലായി മുപ്പതോളം തട്ടിപ്പുകേസുകളില്‍ പ്രതിയായ സിനി, ഒല്ലൂര്‍ പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള കുപ്രസിദ്ധ കുറ്റവാളിയാണ്. മുന്‍പ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട സിനി, ജയില്‍ മോചിതയായതിന് പിന്നാലെ വീണ്ടും തട്ടിപ്പുമായി ഇറങ്ങുകയായിരുന്നു. സ്വര്‍ണ്ണ വ്യാപാരിയാണെന്നും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചാണ് സിനി ഇരകളെ വലയിലാക്കുന്നത്. ചെറായി സ്വദേശിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ച സിനി, മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പണവും സ്വര്‍ണ്ണവും കൈക്കലാക്കി. പണം തിരികെ ചോദിക്കുമ്പോള്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ സ്ഥിരം ശൈലി. തട്ടിയെടുത്ത പണം ഉപയോഗിച്ച് മകളുടെ വിവാഹം വന്‍ ആഡംബരത്തോടെ നടത്തിയതും അന്ന് അതിഥികള്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയതും വലിയ ചര്‍ച്ചയായിരുന്നു.

ഹണിട്രാപ്പ് മുതല്‍ മുക്കുപണ്ട തട്ടിപ്പ് വരെ നീളുന്ന സിനിയുടെ 'പൂമ്പാറ്റ' ശൈലിയിലുള്ള തട്ടിപ്പുകളില്‍ ഇനിയും നിരവധിപേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ആരാണ് പൂമ്പാറ്റ സിനി?

പേരുകള്‍ മാറ്റി പാറി നടക്കുന്നവളാണ് പൂമ്പാറ്റ സിനി. പോകുംവഴി സാധ്യമായിടത്തു നിന്നെല്ലാം സ്വര്‍ണവും പണവും തട്ടും. കുറച്ചു കാലം മുമ്പ് സ്വത്തുതട്ടിപ്പുകേസില്‍ സിനി ലാലുവെന്ന 'പൂമ്പാറ്റ സിനി' അറസ്റ്റിലാകുമ്പോള്‍ വീട്ടിലെ അടച്ചിട്ട മുറി കണ്ട പൊലീസു പോലും ഞെട്ടി. പൂട്ടിയിട്ട മുറി തുറക്കാന്‍ സിനിയോടാണ് പൊലീസ് ആവശ്യപ്പെട്ടത്. സിനി ആ വാതില്‍ തുറന്നതും പൊലീസുകാര്‍ പോലും പേടിച്ചു. മന്ത്രവാദം നടത്തുന്ന മുറി. കൂറ്റന്‍ രൂപങ്ങള്‍. പോത്തിന്റെ തലയൊക്കെയുണ്ട്. മന്ത്രവാദമുണ്ടെന്നു കാട്ടി ഭയപ്പെടുത്താനുപയോഗിക്കുന്ന 'ഡെക്കറേഷന്‍'.

സിനി പിടിയിലായ കേസുകളില്‍ സ്വര്‍ണമിരട്ടിപ്പ്, വിഗ്രഹമുണ്ടെന്നു പറഞ്ഞുപറ്റിക്കല്‍ തുടങ്ങി, വിശ്വാസത്തെ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളേറെയാണ്. കര്‍മം നടത്തി സ്വര്‍ണം ഇരട്ടിപ്പിക്കാം, ആസ്മ വന്നു മരിക്കാതിരിക്കാന്‍ കര്‍മം ചെയ്യാം... നമ്പരുകള്‍ പലതാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുള്ള പ്രത്യേക കര്‍മത്തിന് ഒരുലക്ഷത്തിപ്പതിനായിരം രൂപയായിരുന്നത്രേ ഫീസ്. നാടാകെ ആളുകളെ പറ്റിച്ചു പലപേരില്‍ പറന്നുനടക്കുന്നതുകൊണ്ടാണ് പൂമ്പാറ്റ സിനിയെന്ന പേരു വീണതെന്നു പൊലീസ് പറയുന്നു. ശ്രീജ, ശാലിനി, ഗായതി, മേഴ്സി എന്നിങ്ങനെ പല പേരുകളിലായിരുന്നു സിനി ആളുകളെ സമീപിച്ചിരുന്നത്. ആഡംബര കാറിലെ യാത്രയും വിലകൂടിയ വേഷവുമൊക്കെയാവുമ്പോള്‍ സ്വാഭാവികമായും ആരും സിനിയെ സംശയിച്ചിരുന്നില്ല.

നാക്ക് കൊണ്ട് ആളുകളെ വളച്ചെടുത്ത് പണം തട്ടി കോടീശ്വരിയായതാണ് പൂമ്പാറ്റ സിനി. വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സിനിയുടെ തട്ടിപ്പില്‍ വീണത് വമ്പന്മാരാണ്. അന്തിക്കള്ള് വിറ്റാണ് സിനി ലാലു എന്ന യുവതി ആദ്യമൊക്കെ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തിയിരുന്നത്. കള്ള് ചെത്തുകാരെ സോപ്പിട്ടാണ് തനിക്ക് വേണ്ട കള്ള് സംഘടിപ്പിക്കാറ്. പിന്നീട് ഒരു ചെത്തുകാരനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിലൊരു മകളും സിനിക്കുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം ജീവിക്കാന്‍ വേണ്ടി നടത്തിയ ചെറിയ തട്ടിപ്പുകളിലൂടെയാണ് സിനി ലാലു പൂമ്പാറ്റ സിനിയായി വളര്‍ന്നത്.

തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകള്‍ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയല്‍ എസ്റ്റേറ്റില്‍ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വന്‍കിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറില്‍ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലര്‍ന്ന ജീവിതമായിരുന്നുവത്രേ സിനിയുടേത്. സിനിയുടെ കൊച്ചിയിലെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പാന്‍ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നു. വില്‍പ്പനയ്ക്കുള്ളതാവും എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ സിനി സ്ഥിരമായി പാനും മറ്റ് ലഹരി ഉത്പന്നങ്ങളും കഴിക്കുന്നയാളാണ്. എല്ലായ്പ്പോഴും വായില്‍ ഹാന്‍സ് ഉണ്ടാകുമത്രേ. വെള്ളമടിയുടെ കാര്യത്തിലും ഒട്ടും മോശമല്ല. ബ്യൂട്ടിപാര്‍ലറിലെ സ്ഥിരം സന്ദര്‍ശക കൂടിയായിരുന്നു ഈ സ്ത്രീ.

തട്ടിപ്പ് പൊളിയാതിരിക്കാനും പൊലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനും വേണ്ടി പൂമ്പാറ്റ സിനി ചാത്തന്‍ സേവ നടത്തിയിരുന്നു. ഇവര്‍ താമസിക്കുന്ന വീടുകളിലെ മുറികളില്‍ സ്വന്തമായി ചെറിയ ക്ഷേത്രം നിര്‍മ്മിക്കുകയും ചാത്താന്‍ സേവയും പൂജയും നടത്തുകയും ചെയ്യുക പതിവായിരുന്നു. ആലപ്പുഴയിലെ റിസോര്‍ട്ട് ഉടമയെ വലയിലാക്കിയ സിനി ഇയാള്‍ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രം കാട്ടി സിനിയുടെ കൂട്ടാളികള്‍ ഇയാളില്‍ നിന്നും ലക്ഷങ്ങള്‍ പിടുങ്ങി. പലപ്പോഴായി കൈക്കലാക്കിയത് 50 ലക്ഷത്തോളം വരും. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.

തൃശൂരിലെ പ്രമുഖ ജൂവലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്.എറണാകുളത്തെ ജൂവലറി ഉടമയ്ക്ക് പോയത് 95 പവന്‍ സ്വര്‍ണമാണ്.വനിതാ പൊലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവന്‍ സ്വര്‍ണം സിനി തട്ടിയെടുത്തത്. തൃശൂരിലെ ജൂവലറിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വര്‍ണം തട്ടി. സാധാരണ വീട്ടമ്മമാര്‍ മുതല്‍ ജൂവലറി ഉടമകള്‍ വരെ സിനിയുടെ തട്ടിപ്പിനിരയായിരുന്നു.