- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ച് ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് ബുള്ളറ്റുകളും സ്റ്റിക്കി ബോംബും; ട്രക്ക് കടന്നുപോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും കണ്ടെത്തൽ; നടന്നത് ആസൂത്രിത ആക്രമണം; പിന്നിൽ ലഷ്‌കർ-ഇ-ത്വയ്ബയെന്ന് സംശയം; 12 പേർ കസ്റ്റഡിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭീകരർ ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീൽ ബുള്ളറ്റുകളുമാണെന്ന് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഇത് ഭീകരർക്ക് ചൈനീസ് സഹായം ലഭിച്ചോ എന്ന ആശങ്കയ്ക്കും ഇടയാക്കുന്നതാണ്. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചതായും വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചൈനീസ് ബുള്ളറ്റുകൾ കണ്ടെടുത്ത വിവരം പുറത്തുവന്നത്. ഇന്ത്യ ടുഡേയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
അതേസമയം 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യാഴാഴ്ച, പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർത്തു എന്നാണ് എൻഐഎ കണ്ടെത്തൽ. 36 തവണ ഭീകരർ വെടിയുതിർത്തു. സ്റ്റീൽ ബുള്ളറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കവചം തുളയ്ക്കാൻ ശേഷിയുള്ള ചൈനീസ് നിർമ്മിത 7.62 എംഎം സ്റ്റീൽ കോർ ബുള്ളറ്റുകൾ ആണിവ.
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സ്‌ഫോടനാത്മക ഉപകരണമായ 'സ്റ്റിക്കി ബോംബുകൾ' ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ടൈമർ/റിമോട്ട് കൊണ്ട് സ്‌ഫോടനം നടത്താൻ കഴിയുന്നവയാണ് സ്റ്റിക്കി ബോംബുകൾ. ട്രക്കിന് സമീപത്തു നിന്ന് രണ്ട് ഗ്രനേഡ് പിന്നുകളും സൈന്യം കണ്ടെടുത്തി. മണ്ണെണ്ണ നീരാവിയും സംഭവസ്ഥലത്ത് അനുഭവപ്പെടുന്നുണ്ട്.
ഗുരുതരാവസ്ഥയിൽ കഴിയുന്ന സൈനികനെ പരിശോധിച്ച മൂന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം കത്രയിൽ നടന്ന ആക്രമണത്തിന് സമാനമായിരുന്നു പൂഞ്ച് ഭീകരാക്രമണത്തിന്റെയും രീതിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സൈന്യവും സംസ്ഥാന പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് വൻ തെരച്ചിൽ നടത്തിവരികയാണ്. 2000 കമാൻഡോകളെ തെരച്ചിൽ നടത്താനായി വിന്യസിച്ചിട്ടുണ്ട്.
നടന്നത് ആസൂത്രിത ആക്രമണമാണ് എന്നാണ് വിലയിരുത്തൽ. ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി. മരത്തടികൾ നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു. പിന്നാലെ ഗ്രേനേഡ് എറിഞ്ഞതായും വിവരം. ഭീകരരിൽ ചിലർ അതിർത്തി കടന്ന് എത്തിയവരാണ്. ജനുവരിയിൽ ഡാംഗ്രിയിൽ ആക്രമണം നടത്തിയത് ഈ സംഘമെന്നും നിഗമനമുണ്ട്.
ആക്രമണത്തിന് പിന്നിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ ആണെന്നാണ് സൂചനകളും പുറത്തുവരുന്നുണ്ട്. വീരമൃത്യു വരിച്ച സൈനികർക്ക് സൈന്യം ആദരാഞ്ജലി അർപ്പിച്ചു. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിന് ശേഷം ഒഡീഷയിലെ അൽഗം സാമി ഗ്രാമത്തിൽ നിന്നുള്ള ലാൻസ് നായിക് ദേബാഷിഷിന്റെ ഭൗതികാവശിഷ്ടങ്ങൾ വിമാനമാർഗം ജന്മനാട്ടിലേക്ക് എത്തിച്ചതായി അധികൃതർ അറിയിച്ചു.
ലുധിയാനയിലെ ചങ്കോയൻ ഗ്രാമത്തിൽ നിന്നുള്ള ഹവിൽദാർ മൻദീപ് സിങ്, മോഗയിലെ ചാരിക് ഗ്രാമത്തിൽ നിന്നുള്ള ലാൻസ് നായിക് കുൽവന്ത് സിങ്, ഗുരുദാസ്പൂരിലെ തൽവണ്ടി ഗ്രാമത്തിൽ നിന്നുള്ള ശിപായി ഹർകൃഷൻ സിങ്, പഞ്ചാബിലെ ബാഗ ഗ്രാമമായ ബതിന്ദയിൽ നിന്നുള്ള ശിപായി സേവക് സിങ് എന്നിവരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് അയക്കുമെന്നും സൈന്യം അറിയിച്ചു.
പൂഞ്ച്-രജൗരി മേഖലയിൽ ഉണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. നിയന്ത്രണ രേഖയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഭീംബർ ഗലിയിലാണ് അപകടമുണ്ടായത്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ സിങ്് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ഹവീൽദാർ മൻദീപ് സിങ്, നായിക് ദേബാശിഷ് ബസ്വാൾ, നായിക് കുൽ വന്ത് സിങ്, ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
മറുനാടന് ഡെസ്ക്