- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പോസ്റ്റുമാന്റെ പ്രണയ സമ്മാനം; ബുലന്ദ്ഷഹറിലെ 'പാവങ്ങളുടെ താജ്‌മഹൽ'; ജീവിത സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഫൈസുൽ ഹസൻ ഖാദ്രി നിർമിച്ച അതുല്യ സ്മാരകം
ലോകാത്ഭുതങ്ങളിൽ ഒന്നായ പ്രണയത്തിന്റെ പ്രതീകമായി ഷാജഹാൻ മുംതാസിനായി പണിത താജ് മഹാലിനെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ഒരു താജ്‌മഹൽ ഉണ്ട്. 'പാവങ്ങളുടെ താജ്‌മഹൽ ' എന്ന അറിയപ്പെടുന്ന സ്മാരകത്തെ കുറിച്ച് എത്രപേർക്കറിയാം. ബുലന്ദ്ഷഹറിലെ ദിബായ് പട്ടണത്തിനടുത്തുള്ള കസൈർ കാലയിലാണ് ഈ അതുല്യമായ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
വിരമിച്ച പോസ്റ്റ്‌മാസ്റ്ററായ ഫൈസുൽ ഹസൻ ഖാദ്രി തൻ്റെ പരേതയായ ഭാര്യ ബീഗം താജ മുല്ലി ബീബിയുടെ സ്മരണയ്ക്കായി സൃഷ്ടിച്ചതാണ് ഈ മനോഹര സ്മാരകം. തൻ്റെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ചായിരുന്നു അദ്ദേഹം പാവങ്ങളുടെ താജ്‌മഹൽ നിർമ്മിച്ചത്.
2012 ൽ തന്റെ വീടിനടുത്തുള്ള വയലിലായിരുന്നു അദ്ദേഹം സ്മാരകത്തിന്റെ നിർമാണം ആരംഭിച്ചത്. താജ് മഹാളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച സ്മാരകത്തിന്റെ നിർമാണം പൂർത്തിയാകാൻ 2 വർഷമെടുത്തു. 2014 ഓടെ കെട്ടിടത്തിനായി 23 ലക്ഷം രൂപ അദ്ദേഹം ചെലവാക്കി. എന്നാൽ അപ്പോഴും കെട്ടിടത്തിലെ പണി പൂർത്തിയായിരുന്നില്ല.
കെട്ടിടത്തിന്റെ നിർമാണം ഏറെക്കുറെ തയ്യാറായെങ്കിലും 10 ലക്ഷം രൂപ കൂടി വേണമായിരുന്നു. മാർബിൾ കല്ലിന്റെ പണികൾ കൂടി അപ്പോഴും അവശേഷിശിക്കുന്നുണ്ടായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹത്തിന് പെൻഷൻ മാത്രമായിരുന്നു വരുമാനം. എന്നാൽ തന്റെ സ്വപ്നം ഉപേക്ഷിക്കാൻ അയാൾ തയ്യാറായിരുന്നില്ല. ഒടുവിൽ പെൻഷനിൽ നിന്നും പണം സ്വരൂപിച്ചുകൊണ്ടിരുന്ന അദ്ദേഹം മരണത്തിന് തൊട്ടുമുമ്പ് 74,000 രൂപ സമാഹരിച്ചു.
അദ്ദേഹത്തിൻ്റെ പദ്ധതിയെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കെട്ടിടം പൂർത്തിയാക്കാൻ ഖാദ്രിക്ക് ഫണ്ട് വാഗ്ദാനം ചെയ്തു. എന്നാൽ അഖിലേഷ് യാദവിന്റെ വാഗ്ദാനം വിനയപൂർവ്വം നിരസിക്കുകയും പകരം പെൺകുട്ടികൾക്കായി ഒരു ഇന്‍റർ കോളേജ് നിർമ്മിക്കാൻ സമാജ്‌വാദി പാർട്ടി നേതാവിനോട് ആവശ്യപ്പെടുകയും ചെയ്തു.
രണ്ട് ലക്ഷം രൂപ സമാഹരിച്ച് ജയ്പൂരിൽ നിന്ന് മാർബിൾ വാങ്ങി കെട്ടിടത്തിന്റെ പണി പൂർത്തിയാക്കണമെന്നായിരുന്നു ഖാദ്രിയുടെ ആഗ്രഹമെന്ന് മരണശേഷം അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു. മരണശേഷം, തന്റെ ഭാര്യയുടെ അരികിൽ തന്നെയാണ് ഖാദ്രിയെയും അടക്കം ചെയ്തത്. ഈ സ്ഥലം ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.