- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ച് അപ്രതീക്ഷിതമായി വിരിഞ്ഞത് മെസിക്കുട; അർജന്റീനിയൻ നായകന്റെ ലോകകപ്പ് മുത്തം കണ്ട് ഞെട്ടിയത് പാറമേക്കാവ്; തിരുവമ്പാടിയുടെ സൂപ്പർ നീക്കത്തെ വെടിക്കെട്ടിൽ അമ്പരപ്പിച്ച് പാറമേക്കാവും; തൃശൂർ പൂരവും ഹൈജാക്ക് ചെയ്ത് 'മെസി'! പൂരാവേശത്തിന് വിട; തൃശൂരിൽ എത്തിയത് ജനസാഗരം
തൃശൂർ: അരിക്കൊമ്പൻ പൂരാവേശമാകുമോ എന്ന ചർച്ചകളാണ് എങ്ങും ഉയർന്നത്. തൃശൂർ പൂരത്തിന്റെ കുടുമാറ്റത്തിലെ രഹസ്യം എന്തായിരിക്കുമെന്ന ആകാംഷ മാറ്റി തേക്കിൻകാട് മൈതാനത്ത് പൂരത്തിന്റെ ആവേശത്തിലേക്ക് ഫുട്ബാൾ ഇതിഹാസം മെസിയും എത്തി. ലോകകപ്പ് പിടിച്ചു നിൽക്കുന്ന മെസി. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോൾ കേരളത്തിലുണ്ടാക്കിയ ആവേശത്തിന്റെ നേർ സാക്ഷ്യം.
മത്സരക്കുടമാറ്റത്തിലാണ് അപ്രതീക്ഷിത കുടയായി വിരിഞ്ഞ് 'മെസിക്കുട' പൂരപ്രേമികളുടെയും കാൽപന്ത് പ്രേമികളുടെയും ഹൃദയം കവർന്നത്. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു. എന്നാൽ തിരുവമ്പാടി വിഭാഗം മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോക ഫുട്‌ബോൾ കിരീടം നേടിയ അർജന്റീന താരത്തിന് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ സർപ്രൈസ് കുട. പാറമേക്കാവിനെ അക്ഷരാർത്ഥത്തിൽ ഇത് ഞെട്ടിച്ചു.
ഖത്തർ ലോകകപ്പ് ഉയർത്തി നിൽക്കുന്ന മെസ്സിക്കുട ഉയർന്നതോടെ ആരാധകർ മെസി, മെസി എന്ന് ആർപ്പുവിളിച്ചു. എൽഇഡിയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകൾ തെളിഞ്ഞതോടെ ഏവരുടെയും മനസ്സ് നിറഞ്ഞു. കുടകൾക്കു പുറമെ വ്യത്യസ്ത കോലങ്ങളും ഉയർത്തിയാണു കുടമാറ്റം വർണവിസ്മയമായത്. തിങ്കളാഴ്ച പുലർച്ചെ വെടിക്കെട്ടും പൂരപ്രേമകൾ കണ്ടു. ഇനി പൂരാവേശം ഇറങ്ങുന്നതിന്റെ പകൽ പൂരം.
മനം നിറച്ച തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. ആദ്യം തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തിരുവമ്പാടിക്ക് ശേഷം പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. പകൽപൂരത്തിൽ ഇരുവിഭാഗവും ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിന് തുടക്കമായത്. മുപ്പത് ഗജവീരന്മാരാണ് കുടമാറ്റത്തിന് അണിനിരന്നത്.
ഇന്നലെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുന്നാഥന്റെ സന്നിധിയിലേക്ക് ആദ്യമെത്തിയത്. പിന്നീട് മറ്റ് ഏഴ് ഘടകപൂരങ്ങളും ക്രമത്തിൽ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂർ ഭഗവതി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ഘടകപൂരങ്ങളെത്തിയത്.
മഠത്തിൽ വരവിനായി രാവിലെ എട്ട് മണിയോടെ ആനപ്പുറത്ത് പുറപ്പെടുന്ന തിരുവമ്പാടി ഭഗവതി ബ്രഹ്‌മസ്വം മഠത്തിലെത്തി. അവിടെ ഇറക്കി പൂജക്ക് ശേഷം പത്തരയോടെ ഭഗവതിയുടെ പ്രസിദ്ധമായ മഠത്തിൽ നിന്നുള്ള വരവ് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. മൂന്നാനപ്പുറത്താണ് മഠത്തിൽ വരവ് തുടങ്ങിയത്. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കി. വൈകിട്ടായിരുന്നു വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും.
പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാൽ തിരുവമ്പാടി ഇക്കുറി ഒരു പടി മുന്നിൽ നിന്നു. മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ കുട.
മറുനാടന് മലയാളി ബ്യൂറോ