കിൻഷാഷ: നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന ക്രിസ്തുവചനം അന്വർത്ഥമാക്കുകയായിരുന്നു കോംഗോയിലെ ജനങ്ങളുടെ വേദന സ്വന്തംഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് പോപ്പ് ഫ്രാൻസിസ് ചെയ്തത്. ആഭ്യന്തര യുദ്ധത്തിന്റെ മറവിൽ മനുഷ്യത്വ രഹിതമായ ക്രൂരതകൾ ചെയ്തവരോട് ക്ഷമിക്കുവാൻ മാർപ്പാപ്പ ഇരകളോട് അപേക്ഷിച്ചു. പത്തു ലക്ഷം പേരോളം പങ്കെടുത്ത പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം മാർപ്പാപ്പ അക്രമങ്ങൾക്ക് ഇരയായവരിൽ ചിലരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു.

ഒരു കൗമാരക്കാരി പറഞ്ഞത് താൻ മാസങ്ങളോളം ഒരു മൃഗത്തേപ്പോലെ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ്. അതുപോലെ മറ്റൊരു ചെറുപ്പക്കാരൻ, തനിക്ക് മുൻപിൽ വെച്ച് തന്റെ പിതാവിന്റെ തലവെട്ടിമാറ്റിയ സംഭവം ഇനിയും മാറാത്ത ഞെട്ടലോടെ മാർപ്പാപ്പയോട് പറഞ്ഞു. നേരത്തേ ലൈംഗിക അടിമയാക്കിയിരുന്ന ഒരു സ്ത്രീ പറഞ്ഞത് മനുഷ്യ മാംസം തിന്നാൻ വരെ നിർബന്ധിക്കപ്പെട്ടു എന്നായിരുന്നു.

ഇപ്പോഴും അക്രമം നടമാടുന്ന കിഴക്കൻ കോംഗോയിൽ നിന്നും മാർപ്പാപ്പയെ കാണാനായി കോംഗോ തലസ്ഥാനമായ ഇൻഷസയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങളായിരുന്നു. ധതു സമ്പുഷ്ടമായ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാൺ' അഭ്യന്തര യുദ്ധമായി പരിണമിച്ചത്. ഏകദേശം അമ്പത് ലക്ഷത്തോളം പേർക്കാണ് നാടുവിടേണ്ടി വന്നതെന്ന് കണക്കുകൾ പറയുന്നു.

ഇരകളുടെ കണ്ണീർക്കഥകൾ നിശബ്ദം ശ്രവിച്ച പോപ്പിനും പക്ഷെ പിടിച്ചു നിൽക്കാൻ ആയില്ല. നിങ്ങളുടെ കണ്ണുനീർ, എന്റെ കണ്ണുനീരാണ്, നിങ്ങളുടെ വേദന എന്റേയും, കണ്ണുനീർ തുടച്ചുകൊണ്ടായിരുന്നു പോപ്പ് ഇത് പറഞ്ഞത്. അക്രംങ്ങളിൽ ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് എന്നും താൻ കൂടെയുണ്ടാകുമെന്നുംമാർപ്പാപ്പ പറഞ്ഞു.

കിൻഷാസയിലെ വത്തിക്കാൻ എമ്പസിയിൽ വച്ചായിരുന്നു ഈ ഹൃദയസ്പർശിയായ രംഗം അരങ്ങേറിയത്. ഒരു ആട്ടിടയൻ തന്റെ ആട്ടിൻപറ്റങ്ങളെ ആശ്വസിപ്പിക്കുന്ന കാഴ്‌ച്ച കണ്ടുനിന്നവരും തേങ്ങുന്നതായിരുന്നു.