റോം: സമാധാനമാണ് ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഘടകമെങ്കിൽ, നർമ്മബോധമാണ് സമാധാനം നിലനിർത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്ന ഘടകം. ചെറിയ ചെറിയ ട്രോളുകൾ പോലും, നർമ്മബോധത്തോടെ കാണാതെ, നിയമനടപടികൾക്ക് ആളുകൾ മുതിരുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അത്തരം സാഹചര്യത്തിലാണ്, ചിരിക്കുന്നതും തമാശ പറയുന്നതും ദൈവനിന്ദയല്ലെന്ന പ്രഖ്യാപനവുമായി മാർപ്പാപ്പ എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം കൊമേഡിയന്മാരുമായി വത്തിക്കാനിൽ സംസാരിക്കവെ ആണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.

മാർപ്പാപ്പയുടെ പ്രത്യേക ക്ഷണപ്രകാരം എത്തിയവരായിരുന്നു ഇവർ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ദുഃഖകരമായ വാർത്തകൾ എത്തുമ്പോഴും, ലോകം മുഴുവൻ സമാധാനം പ്രചരിപ്പിക്കാനും, ആളുകളുടെ ചുണ്ടുകളിൽ ചെറു പുഞ്ചിരികൾ വിരിയിക്കാനും നിങ്ങൾക്ക് ശക്തിയുണ്ടെന്നും അദ്ദേഹം തന്നെ കാണാനെത്തിയ കൊമേഡിയന്മാരോട് പറഞ്ഞു.വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തിൽ നിന്നുള്ള, വ്യത്യസ്ത തലമുറകളിൽ പെട്ട വ്യത്യസ്ത മനുഷ്യരുമായി സംസ്‌കാരിക്കാൻ കഴിയുന്ന വളരെ ചുരുക്കം ചിലരിപ്പെട്ടവരാണ് കൊമേഡിയന്മാരെന്നും അദ്ദേഹം പറഞ്ഞു.

താൻ നർമ്മബോധം ലഭിക്കാനായി ദൈവത്തിനോട് 40 വർഷക്കാലം പ്രാർത്ഥിച്ചു എന്ന് പറഞ്ഞ പോപ്പ്, ദൈവത്തെ കളിയാക്കി തമാശകൾ ഉണ്ടാക്കുന്നത് പാപമല്ലെന്നും പറഞ്ഞു. നമ്മൾ, എപ്പോഴും ഏറ്റവുമധികം സ്നേഹിക്കുന്നവർക്കൊപ്പമായിരിക്കും കളി ചിരി തമാശകളുമായി ഇടപെടുക. അതുകൊണ്ടു തന്നെ ദൈവത്തെ സ്നേഹിക്കുന്നവർക്ക് ദൈവവുമായും അത്തരത്തിൽ ഇടപെടാം. എന്നാൽ, ജനങ്ങളുടെ മതവികാരം വ്രണപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലുതും ചെറുതുമായി നിരവധി പ്രശ്നങ്ങളിൽ ഉഴറുന്നവരെ ചിരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുക എന്നതാണ് നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന കർത്തവ്യം എന്ന് അദ്ദേഹം കൊമേഡിയന്മാരോട് പറഞ്ഞു. അധികാരത്തിന്റെ ദുർവിനിയോഗങ്ങൾക്ക് നേരെ നിങ്ങൾ ആക്ഷേപമുയർത്തുന്നു, മറന്നു പോയ പല സാഹചര്യങ്ങളും ഓർമ്മകളിലേക്ക് തിരികെ കൊണ്ടുവരുന്നു, തെറ്റ് എവിടെ കണ്ടാലും അത് ചൂണ്ടിക്കാട്ടുന്നു. എല്ലാം ചെയ്യുന്നത് ഒരു ചിരിയുടെ മേമ്പൊടിയോടെയും, അദ്ദേഹം പറഞ്ഞു.